

കൊച്ചി: എറണാകുളം പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെടുകയായിരുന്നു. പൊലീസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ രമേശ് ചെന്നിത്തല അടിയന്തര നിര്‍ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കാണ് രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്. സ്ഥലത്തുനിന്ന് എത്രയും വേഗം പിന്മാറാന്‍ രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടി താത്ക്കാലികമായി നില്‍ത്തിവെച്ചു.
ഇന്ന് രാവിലെ കുടിയൊഴിപ്പിക്കുന്നതിനായി അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധവുമായി ഉന്നതിയിലെ ആളുകള്‍ രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റു. തന്റെ അച്ഛന്റെ നെഞ്ചത്ത് പൊലീസുകാരന്‍ ചവിട്ടി. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുറമ്പോക്ക് കണ്ടെത്തുന്നതിന് 19 ഏക്കര്‍ ഭൂമി അളക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ അത് വകവെക്കാതെയാണ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. തങ്ങള്‍ ജനിച്ച് വളര്‍ന്ന മണ്ണാണിത്. പോകാന്‍ വേറെ ഇടമില്ല. സ്ഥലം അളക്കുന്നതിന് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതാണ്. അതിന്റെ നടപടികളൊന്നും പിന്നീട് നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്.
ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി പ്രദേശത്ത് അന്‍പത് വര്‍ഷത്തോളമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഭൂമിയില്‍ അവകാശവാദമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. കേസില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് എതിരായി വിധി വന്നു. പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം. കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരപ്പന്തലില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Content Highlights- The Kerala Home Minister intervened in the Pariyathukavu eviction issue and issued an urgent directive to stop police proceedings