

ആലപ്പുഴ: ആരോടും മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ലെന്ന് നിയുക്ത എംഎല്‍എ ജി സുധാകരന്‍. മുന്‍പ് മന്ത്രി ആയപ്പോഴും അങ്ങനെ തന്നെ ആയിരുന്നെന്നും ആവശ്യപ്പെട്ടിട്ടല്ല തന്നെ മുന്‍പൊന്നും മന്ത്രി ആക്കിയതെന്നും ജി സുധാകരന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിച്ചാല്‍ അത് സ്വീകരിക്കുമെന്നും യുഡിഎഫില്‍ നിന്ന് ആരും ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നൊന്നും എനിക്കറിയില്ല. എന്നോട് ആരും സംസാരിച്ചിട്ടില്ല. ചര്‍ച്ച നടന്നിട്ടുണ്ടോ എന്ന് അറിയില്ല. ഞാന്‍ ആ കമ്മിറ്റിയിലല്ലല്ലോ. രണ്ട് തവണ മന്ത്രിയായപ്പോഴും ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല. തീരുമാനിച്ച് തരികയായിരുന്നു. അങ്ങനൊരു തീരുമാനം എടുക്കുകയാണെങ്കില്‍ സ്വീകരിക്കും. അതിനുളള നന്ദിയുമുണ്ടാകും. ഇല്ലെങ്കിലും പ്രശ്‌നമൊന്നുമില്ല' എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.
വെളളാപ്പളളിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. 'വെളളാപ്പളളിയെ സന്ദര്‍ശിച്ചതില്‍ ഒരു സമൂഹമാധ്യമത്തിലും വിമര്‍ശനമില്ല. ഞാനും അതൊക്കെ വായിക്കുന്നതല്ലേ. വെളളാപ്പളളിയോട് വിരോധമുളളവര്‍ എഴുതി പിടിപ്പിക്കുന്നതാണ്. എനിക്ക് വെളളാപ്പളളിയോട് എന്തിനാണ് വിരോധം? യുഡിഎഫിലെ ആള്‍ക്കാര്‍ക്ക് വിരോധമുണ്ടെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ്? നിങ്ങളുടെ ചാനലുകള്‍ക്ക് വിരോധമുണ്ടെങ്കില്‍ അത് എന്റെ പേരില്‍ തീര്‍ക്കണ്ട' എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.
Content Highlights: 'I have not asked anyone for a ministerial position it' says G Sudhakaran