'വി ഡി സതീശന്‍, ചതയം നക്ഷത്രം'; വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സതീശനായി വിവിധയിടങ്ങളിൽ ഫ്ളക്സുകളും സ്ഥാപിച്ചിട്ടുണ്ട്

'വി ഡി സതീശന്‍, ചതയം നക്ഷത്രം'; വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ
dot image

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വി ഡി സതീശനായി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ. കെ സി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ് ശത്രുസംഹാര പൂജ നടത്തിയത്. വി ഡി സതീശന്‍, ചതയം നക്ഷത്രം, ശത്രുസംഹാര പൂജ എന്നാണ് രസീതിൽ എഴുതിയിരിക്കുന്നത്.

അതിനിടെ സതീശനായി ഇന്നും വിവിധയിടങ്ങളില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചു. കോട്ടയത്തും തൊടുപുഴയിലും കോഴിക്കോടുമാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ വിഡിക്കായി രണ്ട് ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്. ഒന്നില്‍ 'കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍ വി ഡി സതീശന്‍ കേരളം നയിക്കട്ടെ' എന്നും രണ്ടാമത്തേതില്‍ 'കേരളത്തിന്റെ കരുതലായി, വിളക്കായി വിഡി' എന്നുമാണ് എഴുതിയിരിക്കുന്നത്. തൊടുപുഴയില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ 'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍' എന്നായിരുന്നു എഴുതിയിരുന്നത്. ഇടുക്കിയില്‍ നിന്നുള്ള അഞ്ച് യുഡിഎഫ് എംഎല്‍എമാരുടെ ചിത്രവും ഫ്‌ളക്‌സില്‍ ഉണ്ടായിരുന്നു. മിനി ലോറി വര്‍ക്കേഴ്‌സ് കാഞ്ഞിരമറ്റം ബൈപ്പാസ് ഐഎന്‍ടിയുസി എന്ന പേരിലായിരുന്നു ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട് കല്യാണ വീട്ടിലായിരുന്നു സതീശനായി ഫ്‌ളക്‌സ് സ്ഥാപിച്ചത്. പേരാമ്പ്രയിലായിരുന്നു സംഭവം. 'പടനയിച്ചവന്‍ നാട് ഭരിക്കട്ടെ' എന്നായിരുന്നു ഫ്‌ളക്‌സില്‍. ടീം യുഡിഎഫ് എന്ന പേരിലായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്.

അതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ടോടെ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, എന്നിവരാണ് കേരളത്തിലേക്ക് എത്തുക. നിലവില്‍ യാത്രികരുടെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക. ഒരു മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ അത് നാല് മണിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നിയമസഭാകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി ഓഫീസ് പരിസരത്ത് കൂടുതല്‍ പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിയുമായി കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ സുനേരിബാഗിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി ആരാകുമെന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സി വേണുഗോപാലിനെ തലസ്ഥാനത്ത് സ്വീകരിക്കാന്‍ അനുയായികള്‍ ഒരുങ്ങിയിട്ടുണ്ട്. പ്രഖ്യാപനം വന്നാല്‍ പ്രതിഷേധമോ അതിരുകടന്ന ആഘോഷങ്ങളോ പാടില്ലെന്ന് കെ സി ക്യാമ്പിന് നിര്‍ദേശം നല്‍കി. ഔദ്യോഗിക പ്രഖ്യാപനം വരെ ക്ഷമയോടെ കാത്തിരിക്കണം. ആലപ്പുഴയിലെ കെ സി വേണുഗോപാലിന്റെ വീടിന് മുന്നില്‍ കൂട്ടംകൂടരുത്. സ്വന്തം വീട്ടിലോ ഡിസിസി ഓഫീസിലോ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വി ഡി സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രമേശ് ചെന്നിത്തല തിരുവനന്തപുരത്തുതന്നെയുണ്ട്.

Content Highlights- A Shatru Samhara Pooja was performed at Chakullathukavu temple for VD Satheesan, associated with his Chathayam star

dot image
To advertise here,contact us
dot image