മുന്നിലുള്ളത് കഠിനമായ പോരാട്ടങ്ങള്‍; ഓവര്‍ട്ടണ്‍ നാട്ടിലേക്ക് മടങ്ങി, ചെന്നൈയ്ക്ക് കനത്ത തിരിച്ചടി

പ്ലേ ഓഫിലെത്താന്‍ സാധ്യതകള്‍ തുറന്നുനില്‍ക്കെയാണ് ഓവര്‍ട്ടണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നത്

മുന്നിലുള്ളത് കഠിനമായ പോരാട്ടങ്ങള്‍; ഓവര്‍ട്ടണ്‍ നാട്ടിലേക്ക് മടങ്ങി, ചെന്നൈയ്ക്ക് കനത്ത തിരിച്ചടി
dot image

പ്ലേ ഓഫിലെത്താന്‍ കണക്കുകൂട്ടലുകളുമായി കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. വലതു തുടയ്‌ക്കേറ്റ പരിക്കേറ്റതിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ട്ടണ്‍ നാട്ടിലേക്ക് മടങ്ങിയതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ഇനിയുള്ള മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ പ്ലേ ഓഫിലെത്താമെന്നിരിക്കെ മിന്നുന്ന ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം സിഎസ്‌കെയ്ക്ക് വിനയായി. താരം കഴിഞ്ഞദിവസം ഇംഗ്ലണ്ടിലേക്ക് മടങ്ങി. പരിക്കിന്റെ കാര്യത്തെക്കുറിച്ച് ചെന്നൈ സ്ഥിരീകരിച്ചു.


ജാമി ഓവര്‍ട്ടണിന് വലതുതുടയ്ക്ക് പരിക്കേറ്റെന്നും അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയാണെന്നും ചെന്നൈ ടീം മാനേജ്‌മെന്റ് അറിയിച്ചു. ഈ സീസണില്‍ ചെന്നൈയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ജാമി ഓവര്‍ട്ടണ്‍. 17.78 ശരാശരിയില്‍ 14 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മേയ് 11ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റിന് ജയിച്ചപ്പോള്‍ ടീമിനുവേണ്ടി 36 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റും താരം നേടി. മത്സരത്തില്‍ കളിയിലെ താരമായതും ഓവര്‍ട്ടണായിരുന്നു. ഈ സീസണില്‍ത്തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 18 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ് ഓവര്‍ട്ടണ്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മൂന്നുവിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പരിക്ക് ചെന്നൈ ടീമിന് വലിയ ആഘാതമായി.


അതേസമയം, പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരക്കാരനായി ഓള്‍റൗണ്ടര്‍ മക്‌നീല്‍ നെറോണയെ ടീമിലെടുത്തതായി ചെന്നൈ മാനേജ്‌മെന്റ് അറിയിച്ചു. രാമകൃഷ്ണ ഘോഷ് ഈ സീസണില്‍ ചെന്നെയ്ക്കുവേണ്ടി മുംബൈ ഇന്ത്യന്‍സിനെതിരായ ഒരു മത്സരം മാത്രമാണ് കളിച്ചത്. മത്സരത്തില്‍ താരത്തിന് വലതുകാലിന് പരിക്കേറ്റിരുന്നു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകും. കര്‍ണാടകയില്‍ നിന്നുള്ള ഓള്‍റൗണ്ടറായ മക്നീലിനെ 30 ലക്ഷം രൂപയ്ക്കാണ് സിഎസ്‌കെ എടുത്തത്.

content highlights: Tough Battles Ahead; Overton Returns Home, A Heavy Blow to Chennai

dot image
To advertise here,contact us
dot image