

‘ഫാമിലി മാൻ’ എന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ഷാരിബ് ഹാഷ്മി. വ്യക്തിജീവിതത്തിൽ താൻ നേരിടേണ്ടി വന്ന വേദനകളെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ ഇപ്പോൾ. ഭാര്യ നസ്റീന് കാൻസർ സ്ഥിരീകരിച്ചതും തുടർചികിത്സകളും ജീവിതം മാറ്റി മറിച്ചുവെന്ന് ഷാരിബ് ഹാഷ്മി പറയുന്നു. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാരിബും ഭാര്യ നസ്രീനും മനസ്സുതുറന്നത്. ഭാര്യയ്ക്ക് അഞ്ചു തവണ ശസ്ത്രക്രിയകൾ നടത്തിയെന്നും ആറാം തവണയും കാൻസർ വന്നുവെന്നും നടൻ പറഞ്ഞു. കാൻസർ കാരണം അവളുടെ മുഖം തന്നെ മാറിപോയെന്നും നടൻ കൂട്ടിച്ചേർത്തു. ആറാം തവണ വന്ന കാൻസറും ഇവർ മറികടക്കുമെന്നുമാണ് ഷാരിബ് ഹാഷ്മി പറയുന്നത്.
'2018ലാണ് നസ്റീന് ആദ്യമായി ഓറൽ കാൻസർ സ്ഥിരീകരിക്കുന്നത്. അഞ്ച് തവണ വായിൽ ശസ്ത്രക്രിയയും നടന്നു. ഫാമിലി മാന്റെ അണിയറക്കാര്യങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. അവർ ലഞ്ച് കഴിക്കാൻ പോകുന്ന സമയം. എന്നാൽ എന്റെ ബയോസ്പി റിപ്പോർട്ടിന്റെ കാര്യം ഹാഷ്മി അപ്പോൾ ഓർക്കുകയും വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തു. കാൻസറാണെന്ന് പറഞ്ഞതും ഹാഷ്മി വല്ലാതെ തകർന്ന് പോയി. പൊട്ടിക്കരഞ്ഞു. വിഷമിക്കേണ്ട, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. വായിൽ അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്.
ഇതോടെ എന്റെ രൂപം തന്നെ മാറി പോയി. എന്റെ പഴയ ഫോട്ടോകൾ കാണുമ്പോൾ ഞാൻ എന്ത് സുന്ദരിയാണെന്ന് ചിന്തിക്കാറുണ്ട്. ഈ യാത്ര ഒരിക്കലും എളുപ്പമുള്ളതല്ല. പക്ഷേ നിലവിൽ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റുന്നുണ്ട്. ഇതെല്ലാം സംഭവിച്ചിട്ടും ഹാഷ്മി എന്നെ വിട്ടു പോയില്ല. ഷൂട്ടിങ്ങ് തിരക്കിനിടയിലും ആശുപത്രിയിൽ എത്തുമായിരുന്നു. ഡിസ്ചാർജ് ആകുന്നത് വരെ ബാഗും കയ്യിൽ പിടിച്ച് എന്നെയും കാത്തിരിക്കും. എന്റെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും ഹാഷ്മി ഒപ്പമുണ്ടായതായിരുന്നു. അതായിരുന്നു ഏറ്റവും വലിയ ധൈര്യവും ആശ്വാസവും എന്നും നസ്റീൻ പറയുന്നു.
'അഞ്ച് ശസ്ത്രക്രിയകൾക്കാണ് അവൾ വിധേയയാത്. അഞ്ച് തവണയും രോഗബാധിതയായിരുന്നു. ഇപ്പോൾ ആറാം തവണയും അത് തിരിച്ച് വന്നിരിക്കുകയാണ്. ഇത്തവണ കാൻസർ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. ഇതും അവൾ തരണം ചെയ്യും. ഈ നിമിഷവും കടന്നു പോകും. ചികിത്സ നടക്കുകയാണ്. തന്റെ രോഗത്തെ നസ്റീൻ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾക്കും ധൈര്യം തരും. പലയാവർത്തി വന്നിട്ടും അവൾ കാൻസറിനോട് സധൈര്യം തന്നെ പോരാടി. പോരാടിക്കൊണ്ടിരിക്കുന്നു,' ഷാരിബ് ഹാഷ്മി പറഞ്ഞു.
Content Highlights: Actor Sharib Hashmi has moved audiences after an emotional moment with his wife following health challenges linked to mouth cancer, which reportedly affected his facial appearance. The incident highlights his personal struggle and recovery journey, while also reflecting the strong support system provided by his family.