

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വന്‍ വർധനവ്. പുതിയ വിപണി നിരക്കുകള്‍ പ്രകാരം 240 രൂപയുടെ വർധനവോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 119040 രൂപയിലെത്തി. ഗ്രാമിന് 30 രൂപയുടെ വർധനവോടെ 14,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ വിലയിൽ 10200 രൂപയുടെ ഞെട്ടിക്കുന്ന വർധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം 5000ത്തിലേറെ രൂപയുടെ ഇടിവുണ്ടായിരുന്നു.
18 കാരറ്റ് സ്വർണ്ണവിലയിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്; ഗ്രാമിന് 25 രൂപ വർധിച്ച് 12,175 രൂപയിലും പവന് 200 രൂപ വർധിച്ച് 97,400 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന. ആഗോളതലത്തിൽ സ്വർണ്ണവില ഔൺസിന് 4,685.9 ഡോളർ എന്ന നിരക്കിലേക്ക് താഴ്ന്നുവെങ്കിലും, ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ വില ഉയരാൻ പ്രധാന കാരണം കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ ഇറക്കുമതി തീരുവ (Import Duty) വർധനവാണ്.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുത്തനെ ഉയർത്തിയത് പ്രാദേശിക വിപണിയിൽ വില കൂടാൻ ഇടയാക്കി. വിദേശനാണ്യ ശേഖരത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും അനാവശ്യമായ ഇറക്കുമതി നിയന്ത്രിക്കുന്നതിനുമായാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
നിലവിലെ വിപണി സാഹചര്യം വിലയിരുത്തിയാൽ, വരാനിരിക്കുന്ന വിവാഹ സീസണും ഉത്സവങ്ങളും സ്വർണ്ണത്തിന് വലിയ രീതിയിലുള്ള ഡിമാൻഡ് സൃഷ്ടിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി (Safe Haven) കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ഇറക്കുമതി തീരുവയിലെ വർധനവ് സ്വർണ്ണത്തിന്റെ 'ലാൻഡഡ് കോസ്റ്റ്' (Landed Cost) വർധിപ്പിച്ചതിനാൽ, വരും ദിവസങ്ങളിലും വില ഉയർന്ന നിലവാരത്തിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉടന്‍ തന്നെ സ്വർണവില വലിയ ഇടിവിലേക്ക് പോകുമെന്ന പ്രതീക്ഷ വേണ്ടതിലെന്നും നിലവിലെ വിപണി സാഹചര്യം വിലയിരുത്തിക്കൊണ്ട് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് അടുത്ത ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് വിപണിയെ സ്വാധീനിക്കുന്ന ഈ നയപരമായ തീരുമാനം ഉണ്ടായത്. ഇന്ത്യ സ്വന്തമായി സ്വർണം ഉൽപ്പാദിപ്പിക്കാത്തതിനാൽ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൻതോതിൽ ഡോളർ നൽകി സ്വർണം ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം സ്വർണ ഇറക്കുമതിക്കായി ഇന്ത്യ റെക്കോർഡ് തുകയായ 71.98 ബില്യൺ ഡോളറാണ് ചിലവിട്ടത്.
സ്വർണം വാങ്ങുന്നത് 30-40 ശതമാനം വരെ കുറയ്ക്കുകയാണ് സർക്കാറിന്‍റെ പ്രധാന ലക്ഷ്യം. ഇതിന് സാധിച്ചാൽ ഒരു വർഷം കൊണ്ട് ഏകദേശം 20-25 ബില്യൺ ഡോളർ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയിൽ പോലുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ഈ പണം വിനിയോഗിക്കാൻ സാധിക്കുമെന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും.
Content Highlights: Gold prices in Kerala remain volatile, and market experts say rates could change again in the coming days. Future movements will depend on global gold prices, currency trends, and investor sentiment. Buyers and investors are advised to monitor the market closely before making decisions.