

കൊച്ചി : തെരഞ്ഞെടുപ്പിന് ശേഷം കത്തോലിക്കാ സഭക്കും മെത്രാന്മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ ഹൈബി ഈഡന്‍. ബിജെപിയെ മുന്‍നിര്‍ത്തി ഭീഷണിയും വിലപേശലും നടത്തേണ്ടെന്നും ബിജെപിയില്‍ നിന്ന് വല്ലതും കിട്ടുമെങ്കില്‍ വാങ്ങിയെടുത്താല്‍ മതിയെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ക്രൈസ്തവരെയും മുസ്ലിങ്ങളെയും തമ്മില്‍ തല്ലിക്കാനുള്ള ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തവരാണ് പിസിയും ഷോണ്‍ ജോര്‍ജുമെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.
പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് കത്തോലിക്കാ സഭക്കും മെത്രാന്മാർക്കുമെതിരെ ഇവർ നിരന്തരം അധിക്ഷേപം ഉന്നയിക്കുന്നത്. ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടും ഇതാണോയെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. എഫ്സിആർഎ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭക്ക് അകത്തും പുറത്തും കോൺഗ്രസ് നടത്തിയത്. ബിൽ മാറ്റി വെക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എഫ്സിആർഎ ദേദഗതി ബിൽ പിൻവലിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
ബിജെപി സർക്കാർ രാജ്യത്ത് ന്യൂനപക്ഷ വേട്ട തുടരുകയാണ്. ക്രൈസ്തവർക്ക് കേരളത്തിൽ ജീവിക്കാൻ രാജീവ് ചന്ദ്രശേഖറിന്‍റെയോ ബിജെപിയുടെയോ ഔദാര്യം ആവശ്യമില്ല. ക്രൈസ്തവ സ്ഥാപനങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ സംരക്ഷണം കൊടുക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാത്ത പാർട്ടി ദേശീയതലത്തിലെ അധികാരത്തിന്‍റെ ഹുങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. മുസ്‌ലിം-ക്രൈസ്തവ വിഭജനവും വർഗീയതയും ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരാണ് പിസിയും ഷോൺ ജോർജുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
ഷോൺ ജോർജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡൽഹിയിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിരുന്നിൽ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിന്‍റെ ആനുകൂല്യം പറ്റുകയാണ് ഷോൺ ചെയ്യുന്നത്. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്നു പറഞ്ഞ് ബിജെപിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോൺ അടക്കമുള്ളവർ ചെയ്തത്. ബിജെപിയുടെ കരുണയിൽ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുള്ള ശ്രമം കൈയിൽ വെച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോര്‍ജ് ആരോപിച്ചത്. മര്യാദ കേടാണ് കാണിച്ചതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
'ദീപിക'യിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമായിരുന്നു ഷോൺ ജോർജ് ഇന്നലെ ആരോപിച്ചത്. സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കരുത്. നിക്ഷേപകർ എഡിറ്റോറിയൽ പോളിസിയിൽ ഇടപെടുന്നുണ്ടോ എന്നറിയാൻ സഭയുടെ മക്കളായ ഞങ്ങൾക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകൾ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാൽ ദീപികയിൽ വരുന്നത് കോൺഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടി ചിലർ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.
Content Highlight : Hibi Eden slams PC George and shone george for criticizing the Catholic Church and bishops