

ചെന്നൈ: തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ഹസീന സെയ്ദിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഹസീനയുടെ ഭാഗത്ത് നിന്നുണ്ടായതാണ് നടപടിക്ക് പിന്നിലെന്ന് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാമ്പ പ്രസ്താവനയിലൂടെ അറിയിച്ചു. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷമാണ് തീരുമാനമെടുത്തതന്നും സംഘടനയുടെ അച്ചടക്കവും ഐക്യവും നിലനിര്‍ത്തുക എന്ന താത്പര്യത്തിലുമാണ് അടിയന്തര നടപടിയെന്നും അവര്‍ വിശദീകരിച്ചു.
സ്ഥാനം നഷ്ടപ്പെട്ട് മണിക്കൂറുകള്‍ക്കകം ഹസീന സെയ്ദ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. താന്‍ ആഴത്തില്‍ സ്‌നേഹിച്ച പാര്‍ട്ടിയില്‍ നിന്നാണ് പുറത്ത് പോവേണ്ടി വരുന്നതെന്നാണ് ഹസീന പ്രതികരിച്ചത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് തനിക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസരം നിഷേധിക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 1ന് ഹസീനയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിയുടെ ചെന്നൈ ആസ്ഥാനത്ത് നേതാവിന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പെട്രോള്‍ കുപ്പികളുമായി എത്തിയ ചിലര്‍ ഹസീനയ്ക്ക് സീറ്റ് നിഷേധിച്ചാല്‍ സ്വയം തീകൊളുത്തി മരിക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. താന്‍ അപമാനിക്കപ്പെട്ടെന്നും വ്യക്തപരമായി മാത്രമല്ല താന്‍ വേദനിച്ചത്, ഇത് പാര്‍ട്ടിയെ അപമാനപ്പെടുത്തുന്നതിന് കാരണമായെന്നും ഹസീന പറഞ്ഞു.
Content Highlights:The president of the Mahila Congress in Tamil Nadu has been removed from her position