സൗദി അറബ്യ , യുഎഇ വിഹിതത്തില്‍ ഇടിവ്: ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയില്‍ വീണ്ടും റഷ്യയുടെ മുന്നേറ്റം

ആഭ്യന്തര വിതരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണന നൽകുന്നതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്

സൗദി അറബ്യ , യുഎഇ വിഹിതത്തില്‍ ഇടിവ്: ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയില്‍ വീണ്ടും റഷ്യയുടെ മുന്നേറ്റം
dot image

ന്യുഡല്‍ഹി: ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വർധനവ്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധവും ഇസ്രയേൽ ലബനോനിലെ ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ഓയിൽ റിഫൈനറികൾ റഷ്യൻ ക്രൂഡ് ഓയിലിൽ വൻതോതിൽ വാങ്ങുകയായിരുന്നു. ഇതോടെ 2023 ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇറക്കുമതി എന്ന നിലയിലേക്ക് റഷ്യന്‍ വിഹിതം ഉയർന്നു. അമേരിക്കൻ ഉപരോധ ഭീഷണി ലഘൂകരിക്കപ്പെട്ടതാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വർധിക്കുന്നതില്‍ നിർണ്ണായകമായത്.

മാർച്ചിൽ ഇന്ത്യ റഷ്യയിൽ നിന്ന് ദിനവും ശരാശരി 1.98 മില്യൺ ബാരല്‍ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തുവെന്നാണ് അനലിറ്റിക്സ് ഫേം കെപ്ലറിന്റെ ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിലില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 1.57 മില്യൺ ബാരല്‍ ആയി കുറഞ്ഞിരുന്നു. പ്രധാനമായും റഷ്യൻ ക്രൂഡിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നയാര കമ്പനിയുടെ (Nayara Energy) 400000 ബാരൽ പ്രതിദിന ശേഷിയുള്ള റിഫൈനറി മെയിന്റനൻസിനായി അടച്ചതാണ് ഏപ്രിലിലെ ഇത്രയും വലിയ ഇടിവിനുള്ള കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

“ഇന്ത്യക്ക് ലഭ്യമാകുന്ന എല്ലാ റഷ്യൻ ക്രൂഡും വാങ്ങിച്ചെടുക്കുകയാണ്,” സിംഗപ്പൂർ ആസ്ഥാനമായുള്ള കൺസൾട്ടൻസി ഫേം വാൻഡ ഇൻസൈറ്റ്സിന്റെ ഫൗണ്ടർ വന്ദന ഹരി പറഞ്ഞു. സൗദി അറേബ്യയും ഇറാഖും യുഎഇയുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടിരിക്കുന്നതിനാൽ, ഇന്ത്യ റഷ്യൻ ഓയിൽ വലിയ തോതില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

ആഭ്യന്തര വിതരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണന നൽകുന്നതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. “നമ്മുടെ ആഭ്യന്തര ഡിമാൻഡ് നിറവേറ്റാൻ ആവശ്യമായ ഊർജ്ജം സോഴ്സ് ചെയ്യുന്നതാണ് ഞങ്ങളുടെ പ്രയോരിറ്റി,” പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ വില വർധനവ് ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു. ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടതാണ് ഇന്ത്യക്ക് പ്രധാനമായും വെല്ലുവിളിയായത്.

റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തടയുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം അമേരിക്ക കയറ്റുമതികള്‍ക്ക് അധിക താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി വലിയ തോതില്‍ കുറയുകയും ചെയ്തു. ജനുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ദിനവും ഏകദേശം 1.1 മില്യൺ ബാരല്‍ ആയി ഇത് താഴ്ന്നു. റഷ്യൻ ഓയിൽ വാങ്ങാൻ അനുവദിക്കുന്ന അമേരിക്കൻ ഇളവ് അടുത്ത മാസം തീരുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് നീട്ടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Russia has expanded its share in India’s crude oil imports, while supplies from Saudi Arabia and the UAE have declined.

dot image
To advertise here,contact us
dot image