

പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പൊലീസില്‍ പരാതി നല്‍കിയത്. പാലക്കാട് ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കിയത്. ബിജെപി നഗരസഭ കൗണ്‍സിലര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഇന്നലെ വൈകീട്ട് സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ വടക്കന്തറയില്‍വെച്ചാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരായിരുന്നു രമേഷ് പിഷാരടിയേയും സംഘത്തെയും തടഞ്ഞത്. വടക്കന്തറയില്‍ എത്തിയ പിഷാരടിയെ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കരുതെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിച്ചു.
സംഭവത്തിൽ പ്രതികരണവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖും രംഗത്തെത്തിയിരുന്നു. പാലക്കാട് ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാറില്ലെന്നും വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നുമാണ് എൻഎംആർ റസാഖ് പറഞ്ഞത്. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ലെന്നും റസാഖ് പറഞ്ഞു.
'പാലക്കാട് നഗരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു സ്ഥലത്ത് പര്യടനത്തിന് പോയ സമയത്ത് വേറൊരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ തടയുകയും അദ്ദേഹത്തെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ജനാധിപത്യരാജ്യത്തിലാണ് എല്ലാവരും ജീവിക്കുന്നത്. പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല. പാലക്കാട്ടുകാരുടെ മനസ്സ് അങ്ങനെയുള്ളതല്ല. വിവിധ പാര്‍ട്ടികളില്‍പ്പെട്ട എല്ലാവരും ഇമ്മാതിരിയുള്ള കാര്യങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഒരാള്‍ നമ്മുടെ പ്രദേശത്ത് വന്ന് വോട്ടുചോദിച്ച് പോകുമ്പോള്‍ കൂടെയിരിക്കുന്ന ആളുകളുടെ ആദര്‍ശം മാറിപ്പോകില്ല. വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എല്ലാ സ്ഥലത്തും വന്ന് വോട്ട് ചോദിക്കട്ടെ. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ല. ഇതൊക്കെ ഒഴിവാക്കണം. പാലക്കാടുകാര്‍ എല്ലാവരും ഒന്നാണ്. പ്രിയപ്പെട്ടവര്‍ മാറിനില്‍ക്കണം' എന്നാണ് എന്‍എംആര്‍ റസാഖ് പറഞ്ഞത്.
Content Highlights: Congress files complaint on Incident where Ramesh Pisharody was stopped by bjp workers