'കുട്ടനാട്ടിലെ ഒരു പാടവരമ്പും കാണാത്ത പിണറായി എന്നെ വെല്ലുവിളിക്കരുത്'; മുഖ്യമന്ത്രിക്ക് ജി സുധാകരന്റെ മറുപടി

മുഖ്യമന്ത്രി എന്നെ വിട്ടിട്ട് നാടിനെ ശ്രദ്ധിക്കൂവെന്നും ഇത് പിണറായി വിജയന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും ജി സുധാകരന്‍

'കുട്ടനാട്ടിലെ ഒരു പാടവരമ്പും കാണാത്ത പിണറായി എന്നെ വെല്ലുവിളിക്കരുത്'; മുഖ്യമന്ത്രിക്ക് ജി സുധാകരന്റെ മറുപടി
dot image

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന്‍. ആലപ്പുഴ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. തലങ്ങും വിലങ്ങും മറിഞ്ഞും തിരിഞ്ഞും വെട്ടിയിട്ടുണ്ടെന്നും പിണറായി വിജയന്‍ എന്നെ വെല്ലുവിളിക്കാന്‍ വരരുതെന്നും ജി സുധാകരന്‍ പറഞ്ഞു. ചെളിക്കുണ്ടിലേക്ക് തന്നെ ചവിട്ടി താഴ്ത്തും എന്നാണ് പിണറായി ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കുട്ടനാട്ടിലെ ഒരു പാടവരമ്പ് പോലും കാണാത്ത പിണറായി എന്നെ വെല്ലുവിളിക്കരുത്. ബിജെപിയുമായി നിരന്തരം കൂട്ടുകെട്ടുണ്ടാക്കുന്നത് സജി ചെറിയാനാണ്. അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ബിജെപിയുടെ വോട്ടില്ല എങ്കില്‍ സജി ചെറിയാന്‍ തോറ്റുപോകും. തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കര്‍ഷക വര്‍ഗ്ഗത്തിന്റെയും പാര്‍ട്ടിയല്ല ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി', ജി സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി എന്നെ വിട്ടിട്ട് നാടിനെ ശ്രദ്ധിക്കൂവെന്നും ഇത് പിണറായി വിജയന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. പാവപ്പെട്ട എം എ ബേബിക്ക് ഒന്നും ചെയ്യാന്‍ ആകുന്നില്ലെന്നും സകല ബിജെപിക്കാരും സുധാകരന് വോട്ട്‌ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 'ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി അവിടെ വാഴപ്പിണ്ടി നിങ്ങള്‍ കുഴിച്ചിട്ടു. ബിജെപി വോട്ട് ഇല്ലെങ്കില്‍ തോറ്റു പോകുന്ന ആളാണ് സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പോലും സജി ചെറിയാന്‍ ആണ്', ജി സുധാകരന്‍ ആരോപിച്ചു.

ജി സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. അമ്പലപ്പുഴ പുന്നപ്ര വയലാറിന്റെ മണ്ണാണെന്നും അതിന് അതിന്റേതായ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാന്‍ അല്ല. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് ഒരു തരത്തിലുള്ള പോറലും ഏല്‍ക്കില്ല. അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ഇതുവരെ ഒരു വ്യതിയാനത്തിന്റെയും കൂടെ ഉണ്ടായിട്ടില്ല. വ്യതിയാനം ഉണ്ടായവര്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും നാടും നാട്ടുകാരും ശരിയായ വഴിക്ക് ഉറച്ചു നിന്നിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. യുഡിഎഫിന്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ് അമ്പലപ്പുഴ മണ്ഡലം. അവസരവാദ രാഷ്ട്രീയത്തിന്റെ കൂടെ നില്‍ക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കും. അമ്പലപ്പുഴയിലെ ജനങ്ങളെ കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: Ambalappuzha UDF independent candidate G Sudhakaran against CM Pinarayi Vijayan

dot image
To advertise here,contact us
dot image