

തിരുവനന്തപുരം: മുഖ്യമന്ത്രി എന്തിനാണ് തന്റെ അഭിമുഖത്തെ ഭയക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മനോരമ ന്യൂസിലെ അഭിമുഖം മെറ്റ നീക്കം ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു സതീശൻ. തന്റെ അഭിമുഖം നീക്കം ചെയ്യാൻ പൊലീസിന് എന്ത് അവകാശമാണ് ഉള്ളത് എന്നും താൻ രാഷ്ട്രീയകാര്യങ്ങൾ മാത്രമാണ് പറഞ്ഞത് എന്നും സതീശൻ വ്യക്തമാക്കി. ഭയമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഏകാധിപതികൾക്ക് എല്ലാം ഭയമുണ്ട്. ഒരു അഭിമുഖത്തെപ്പോലും ഭയക്കുന്ന ഭീരുവാണ് പിണറായി വിജയൻ എന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ പൊലീസ് എന്ത് അടിസ്ഥാനത്തിലാണ് വീഡിയോ നീക്കം ചെയ്യാൻ നിർദേശിച്ചത് എന്നും സതീശൻ ചോദിച്ചു. കമന്റുകൾക്ക് എന്താണ് കുഴപ്പം? നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സതീശൻ പറഞ്ഞു.
നാല് വോട്ടിനും വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാൾ പിണറായി വിജയനാണ് എന്ന് സതീശൻ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു കൈക്കൊണ്ടത്. ന്യൂനപക്ഷങ്ങൾ തിരിച്ചടി കൊടുത്തപ്പോൾ പിന്നെ അത് ഭൂരിപക്ഷ പ്രീണനമായി. ഡൽഹിയിൽ ചെന്ന് 'ദി ഹിന്ദു'വിൽ മലപ്പുറത്തേക്കുറിച്ച് വർഗീയത പറഞ്ഞതാരാണ്. ഇങ്ങനെ ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതയെ മാറിമാറി പ്രോത്സാഹിപ്പിച്ച ആളാണ് പിണറായി വിജയൻ എന്നും സതീശൻ പറഞ്ഞു.
പിണറായി വിജയൻ പറയുന്നത് മാറ്റിപ്പറയുന്ന ആളാണ് എന്നും സതീശൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ സ്വാഗതം ചെയ്തയാളാണ് പിണറായി വിജയൻ. എന്നിട്ട് ഒരു ബന്ധവുമില്ല എന്ന് നുണ പറഞ്ഞു. ദേശാഭിമാനിയുടെ എഡിറ്റോറിയൽ വരെ ഇക്കാര്യത്തിലുണ്ട് എന്നും സതീശൻ പറഞ്ഞു.
ശബരിമലയിലെ നിലപാട് മാറ്റത്തിലും സിപിഐഎമ്മിനെ സതീശൻ വിമർശനമുന്നയിച്ചു. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ല എന്നാണ് സിപിഐഎം പറഞ്ഞത്. എന്നാൽ പാർലമെന്റിൽ തോറ്റപ്പോൾ വീടുകൾ കയറി മാപ്പ് പറഞ്ഞില്ലേ എന്നും സതീശൻ ചോദിച്ചു. രാഹുൽ ഗാന്ധിയെ 55 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്‌തത്. മുഖ്യമന്ത്രിയുടെ മകന് ഒരു സമൻസ് മാത്രമേ വന്നിട്ടുള്ളൂ. പിന്നീട് അത് എവിടെപ്പോയെന്ന് ആർക്കും അറിയില്ല എന്നും സതീശൻ പറഞ്ഞു.
തനിക്കെതിരായി ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് ആർഎസ്എസ് ആണെന്നും സതീശൻ പറഞ്ഞു. തന്റെ വീട്ടിലേക്ക് അവർ എപ്പോഴും മാർച്ച് വെക്കും. കോൺഗ്രസിനെ തോൽപ്പിക്കാനാണ് ബിജെപി നടക്കുന്നത്. പാലക്കാട് അടക്കം നിരവധിയിടങ്ങളിൽ ബിജെപി സിപിഐഎം ഡീൽ ഉണ്ട്. കോങ്ങാടും മലമ്പുഴയും കോൺഗ്രസാണ് ജയിക്കുക. സിപിഐഎം വീണിടത്തുകിടന്ന് ഉരുളുകയാണ് എന്നും സതീശൻ പറഞ്ഞു.
ആർഎസ്എസ് സംവാദവേദിയിൽ പോയി കോൺഗ്രസിന്റെ അഭിപ്രായം പറയുകയാണ് താൻ ചെയ്‌തത് എന്നും സതീശൻ പറഞ്ഞു. അതെങ്ങനെ ആർഎസ്എസിനെ പുകഴ്ത്തുന്നതാകും. കോൺഗ്രസ് നേതാവായിരിക്കുമ്പോൾ കെ വി തോമസിനെ സിപിഐഎം കണ്ണൂർ സമ്മേളനത്തിന് വിളിച്ചിരുന്നു. പണ്ട് എല്ലാവരുടെയും വേദിയിൽ സംവാദത്തിന് എല്ലാവരും പോകും. പിണറായി വിജയനെപ്പോലെ ആർഎസ്എസ് പിന്തുണയിൽ ജയിച്ചുവന്നയാളല്ല താൻ. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയില്ലേ. താൻ അത് ചോദിച്ചപ്പോൾ തല കുനിച്ചിരുന്നയാളാണ് മുഖ്യമന്ത്രി എന്നും സതീശൻ പറഞ്ഞു. തൃശ്ശൂരിൽ പി പരമേശ്വരന്റേതായി താൻ പ്രകാശനം ചെയ്ത പുസ്തകം അച്യുതാനന്ദനും പ്രകാശനം ചെയ്തിട്ടുണ്ട്.
Content Highlights: Kerala Opposition Leader V.D. Satheesan questioned why the Chief Minister fears his interview, reacting to the removal of his Manorama News interview by Meta.