'ബിജെപിക്കും കേന്ദ്രത്തിനും എതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി'; ദൂരദര്‍ശനെതിരെ ഗുരുതര ആരോപണവുമായി ബിനോയ് വിശ്വം

രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കി റെക്കോര്‍ഡ് ചെയ്യണമെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് ബിനോയ് വിശ്വം

'ബിജെപിക്കും കേന്ദ്രത്തിനും എതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി'; ദൂരദര്‍ശനെതിരെ ഗുരുതര ആരോപണവുമായി ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: ദൂരദര്‍ശനെതിരെ ഗുരുതര ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് അനുവദിച്ച പരിപാടിയില്‍ നിന്ന് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പരാമര്‍ശങ്ങള്‍ ദൂരദര്‍ശന്‍ ഒഴിവാക്കിയതായി ബിനോയ് വിശ്വം ആരോപിച്ചു. രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കി റെക്കോര്‍ഡ് ചെയ്യണമെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ബിജെപിക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനല്ല സിപിഐ. ദൂരദര്‍ശന്റെ നിലപാട് തനിക്ക് സ്വീകാര്യമല്ലെന്ന് അറിയിച്ചുവെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ദൂരദര്‍ശന്‍ സിപിഐക്ക് പരിപാടി അനുവദിച്ചത്. എന്നാല്‍ പരിപാടിയില്‍ സംസാരിക്കാനുള്ള രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വെറ്റിങ് കമ്മിറ്റിയാണ് ഖണ്ഡികകള്‍ ഒഴിവാക്കിയതെന്നാണ് ദൂരദര്‍ശന്‍ അധികൃതര്‍ അറിയിച്ചത്. വെറ്റിങ് കമ്മിറ്റി വെട്ടിയ ഭാഗം റെക്കോര്‍ഡ് ചെയ്യില്ലെന്ന് അവര്‍ അറിയിച്ചു. റെക്കോര്‍ഡ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് താനും അറിയിച്ചു. ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണ് ഭാഗം വെട്ടിമാറ്റിയത്. ഹിസ് മാറ്റേഴ്‌സ് വോയ്‌സ് ആക്കാനാണ് ശ്രമമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

പൗരന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. ഈ ഭ്രാന്ത് പിടിച്ച രാഷ്ട്രീയത്തിന്റെ ഭാഗമാകാനില്ല. ഈ നയം അംഗീകരിക്കാനാവില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്നാണ് അന്ധമായി വെട്ടിമാറ്റിയത്. പൗരന്റെ അവകാശങ്ങള്‍ ചോദ്യം ചെയ്യുകയാണ്. നേരത്തെ ആകാശവാണിയില്‍ നിന്ന് സമാനമായ അനുഭവമുണ്ടായി. ബിജെപി രാഷ്ട്രീയത്തിന്റെ കല്‍പന പ്രകാരമാണ് വെട്ടിമാറ്റല്‍. ഈ നയത്തിന്റെ മുന്നില്‍ മുട്ടുകുത്താന്‍ തയ്യാറല്ല. ദൂരദര്‍ശന്‍ അടക്കമുള്ള സ്ഥാപനങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്നത് അപകടകരമാണ്. ഇങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ ഇവയെ ബിജെപി ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയത്തെ അങ്ങേയറ്റം ചെറുക്കും. സിപിഐഎമ്മിന് സമാനമായ അനുഭവമുണ്ടായോ എന്നറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി-കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഡീല്‍ ആദ്യത്തെ സംഭവം അല്ല. കോണ്‍ഗ്രസിന്റെ തന്ത്രം കയ്യോടെ പിടിക്കപ്പെട്ടു. വി ഡി സതീശന്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നമ്രശിരസ്‌കനായി. വര്‍ഗീയ കലാപത്തിന്റെ പ്രണേതാവിന് മുന്നില്‍ താണുവണങ്ങി. കോണ്‍ഗ്രസിന്റെ കൈപ്പത്തിക്കുള്ളില്‍ കളങ്കത്തിന്റെ കറ പുരണ്ടിരിക്കുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Content Highlights- Binoy Viswam alleged that Doordarshan removed remarks critical of the BJP and the central government from content

dot image
To advertise here,contact us
dot image