അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി CPIM; സുധാകരന്റെ വീട്ടിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് നേതാക്കളെത്തി

സുധാകരനുമായി അത്ര സ്വരച്ചേർച്ചയിൽ അല്ലാത്ത എച്ച് സലാം എംഎൽഎ എത്തിയില്ല

അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി CPIM; സുധാകരന്റെ വീട്ടിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് നേതാക്കളെത്തി
dot image

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാതിരുന്ന മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അനുനയിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഐഎം. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഏഴ് പേർ ജി സുധാകരന്റെ വീട്ടിലെത്തി. ജില്ലാ സെക്രട്ടറി ആര്‍ നാസറും സുധാകരന്റെ വസതിയിലെത്തി. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിന് മുൻപായാണ് നേതാക്കൾ സുധാകരന്റെ വീട്ടിലെത്തിയത്. നാളത്തെ വാർത്താസമ്മേളനം ഒഴിവാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുധാകരനുമായി അത്ര സ്വരച്ചേർച്ചയിൽ അല്ലാത്ത എച്ച് സലാം എംഎൽഎ ചര്‍ച്ചക്ക് എത്തിയില്ല.

സുധാകരനുമായുള്ള അനുനയശ്രമം സിപിഐഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാൽ അവസാന വട്ട ശ്രമം എന്ന നിലയിലാണ് നേതാക്കൾ ഇപ്പോൾ സുധാകരനെ കാണാനെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരൻ നാളെ പ്രതികരിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് നേതാക്കളുടെ സന്ദർശനം.

അങ്ങനെ മത്സരിക്കുന്നുണ്ടെങ്കിൽ സുധാകരനോടൊപ്പം പ്രവർത്തകരും കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. മാധ്യമപ്രവർത്തകരെ ചേർത്ത് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ജി സുധാകരൻ ആരംഭിച്ചിട്ടുണ്ട്. സുധാകരൻ പല നേതാക്കളെയും ബന്ധപ്പെട്ടത് പാർട്ടി കമ്മിറ്റികളിൽ ചർച്ചയായിരുന്നു. അദ്ദേഹം പാർട്ടിയെ വഞ്ചിക്കുന്നു എന്ന പൊതുവികാരം കമ്മിറ്റികളില്‍ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ജി സുധാകരന്റെ ഭാഗത്താണ് ശരിയെന്നും സംഘടനാപരമായി അദ്ദേഹം പാർട്ടി വിട്ട് പോകില്ലെന്നും ധാർമിക ആശയപരമായ മൂല്യങ്ങൾ പണയംവെക്കില്ലെന്നുമുള്ള നിലപാടാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്.

സുധാകരനുമായുള്ള ചർച്ചയ്ക്കു ശേഷം പുറത്തുവന്ന നേതാക്കൾ എന്താണ് സംസാരിച്ചത് എന്ന കാര്യം വെളിപ്പെടുത്താൻ തയ്യാറായില്ല. സുധാകരനെ കണ്ടുവെന്നും നിരാശരായല്ല മടങ്ങുന്നത് എന്നും മാത്രമാണ് നേതാക്കൾ പറഞ്ഞത്. സുഖമില്ലാത്തതുകാരണം കാണാൻ വന്നതാണ് തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു എന്നുമായിരുന്നു എച്ച് ബാബുജാന്റെ പ്രതികരണം. സൗഹൃദ സംഭാഷണമെന്നും ചില നേതാക്കൾ വിശദീകരിച്ചു.

Content Highlights: CPI M leaders visit senior leader G Sudhakaran’s residence in Alappuzha in a final attempt to persuade him to renew his party membership.

dot image
To advertise here,contact us
dot image