തകർച്ചയുടെ നെല്ലിപ്പടിയിലുള്ള KSRTCയെ കൂടുതൽ തകർക്കാനുള്ള കോൺഗ്രസ് ശ്രമം; രാഹുലിന്റെ ഗ്യാരന്റിക്കെതിരെ BJP

പൊതുഗതാഗത സംവിധാനത്തെ തകർക്കാനുള്ള രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ കോൺഗ്രസുകാർ തന്നെ തള്ളിക്കളയുമെന്ന് പി കെ കൃഷ്ണദാസ്

തകർച്ചയുടെ നെല്ലിപ്പടിയിലുള്ള KSRTCയെ കൂടുതൽ തകർക്കാനുള്ള കോൺഗ്രസ് ശ്രമം; രാഹുലിന്റെ ഗ്യാരന്റിക്കെതിരെ BJP
dot image

തിരുവനന്തപുരം: അധികാരത്തിൽ എത്തിയാൽ കേരളത്തിൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്രാസൗകര്യം നൽകുമെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി. തകർച്ചയുടെ നെല്ലിപ്പടിയിൽ നിൽക്കുന്ന കെഎസ്ആർടിസിയെ കൂടുതൽ തകർക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നാണ് വിമർശനം. പൊതുഗതാഗത സംവിധാനത്തെ തകർക്കാനുള്ള രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ കോൺഗ്രസുകാർ തന്നെ തള്ളിക്കളയുമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ബിജെപിക്കും എൻഡിഎക്കുമെതിരെ കേരളത്തിൽ കോൺഗ്രസ്- സിപിഐഎം സഖ്യം രൂപപ്പെട്ടിട്ടുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു.

അധികാരത്തിലെത്താൻ വ്യാജവാഗ്ദാനങ്ങൾ നൽകുന്നത് കോൺഗ്രസിന്റെ സ്ഥിരം പരിപാടിയാണ്. ഇത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ഹിമാചൽപ്രദേശിലും തെലങ്കാനയിലും കർണാടകയിലും കേരളത്തിൽ പ്രഖ്യാപിച്ചതിന് സമാനമായ കാര്യങ്ങളാണ് വാഗ്ദാനമായി കോൺഗ്രസ് കേരളത്തിലും മുന്നോട്ട് വെച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ചിരുന്ന പുതുയുഗ യാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിലാണ് രാഹുൽ ഗാന്ധി അഞ്ചിന ഗ്യാരന്റി പ്രഖ്യാപിച്ചത്. അതിൽ ഒന്നായിരുന്നു കെഎസ്ആർടിസിയിൽ സൗജന്യയാത്ര എന്നത്. ഇതോടൊപ്പം തന്നെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ബിസിനസുകൾ ആരംഭിക്കുന്നതിന് യുജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിങ്ങനെയായിരുന്നു മറ്റ് ഗ്യാരന്റികൾ.

Content Highlight: BJP opposes Rahul Gandhi's announcement that all women in Kerala will be provided free travel on KSRTC

dot image
To advertise here,contact us
dot image