

ന്യൂഡല്‍ഹി: അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (RHFL), റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (RCFL) എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകളിലും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിലുമാണ് നടപടി.
വിമാനങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍, സ്ഥിരനിക്ഷേപങ്ങള്‍, സ്ഥാവര സ്വത്തുക്കള്‍, ലഭിക്കാനുള്ള തുകകള്‍, നിക്ഷേപങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നത്. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍, മഹാരാഷ്ട്രയിലെ ആറ് ഭൂമിയിടങ്ങള്, ഒരു ഓഫീസ് കെട്ടിടം എന്നിവയും കണ്ടുകെട്ടിയതായി ഇ ഡി പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ RHFL, RCFL കേസുകളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ രണ്ട് വിന്‍ഡ് മില്ലുകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.
ഇതോടെ, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, വിദേശനാണയ നിയന്ത്രണ നിയമം എന്നിവ പ്രകാരം അനില്‍ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 23,100 കോടി രൂപയായി ഉയര്‍ന്നു. ഡല്‍ഹി സിബിഐ, ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, മുംബൈ പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
ഫെമ നിയമപ്രകാരം രണ്ട് കേസുകളിലും ഇ ഡി അന്വേഷണം നടത്തിയിട്ടുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് അന്വേഷണ പരിധിയിലുള്ളതെന്ന് ഇ ഡി അറിയിച്ചു.

റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ 263.05 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ 247.12 കോടി രൂപയുടെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്.
ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമെടുത്ത പണം തിരികെ നല്‍കാത്തത്, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കമ്പനികളുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിന് ബാങ്ക്റപ്റ്റ്സി കോഡ് നിയമം ദുരുപയോഗം ചെയ്യല്‍, ഇന്ത്യയില്‍നിന്നുള്ള പൊതുപണം വഴിതിരിച്ചുവിടല്‍ തുടങ്ങിയ കേസുകളാണ് അനില്‍ അംബാനിക്കെതിരെയുള്ള ഇ ഡിയുടെ ആരോപണം.
Content Highlights: ED attaches assets worth Rs 23,100 crore linked to Anil Ambani Group in bank fraud cases, including aircraft, properties and bank deposits.