മമിതയെ വേണ്ടെന്ന് വെച്ചതിൽ ഇപ്പോൾ ആ പ്രൊഡ്യൂസർക്ക് വിഷമം തോന്നുന്നുണ്ടാവും:നടക്കാതെപോയ സിനിമയെക്കുറിച്ച് കമൽ

പ്രേമലു ഇറങ്ങും മുമ്പ് ഞാൻ മമിതയെ നായികയാക്കാൻ വിളിച്ചു; നായകനും പ്രൊഡ്യൂസറും ചേർന്ന് ഒഴിവാക്കി, ആ സിനിമ നടക്കാതെ പോയതിൽ വിഷമമുണ്ട്,

മമിതയെ വേണ്ടെന്ന് വെച്ചതിൽ ഇപ്പോൾ ആ പ്രൊഡ്യൂസർക്ക് വിഷമം തോന്നുന്നുണ്ടാവും:നടക്കാതെപോയ സിനിമയെക്കുറിച്ച് കമൽ
dot image

പുതിയ തലമുറയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മമിത ബൈജുവെന്ന് സംവിധായകൻ കമൽ. 'ഖോ ഖോ' എന്ന ചിത്രത്തിലെ മമിതയുടെ പ്രകടനം കണ്ടാണ് താൻ ആകൃഷ്ടനായതെന്നും, തന്റെ പുതിയ സിനിമയിലേക്ക് മമിതയെ നായികയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ, പുതുമുഖമായതുകൊണ്ട് മാത്രം പ്രൊഡ്യൂസറും നായകനും ചേർന്ന് മമിതയെ ഒഴിവാക്കുകയായിരുന്നുവെന്നും, പിന്നീട് 'പ്രേമലു' റിലീസായതോടെ ആ തീരുമാനത്തിൽ അവർക്ക് നഷ്ടബോധം തോന്നിയിട്ടുണ്ടാകുമെന്നും കമൽ പറയുന്നു.

"പുതിയ ജനറേഷനിൽ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു ആർട്ടിസ്റ്റ് ആണ് മമിത. "എന്റെ നടക്കാതെപോയ ഒരു സിനിമയുണ്ട്. ആ സിനിമ ചെയ്യണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. 'ഖോ ഖോ' സിനിമ കണ്ടതുമുതലേ അതിലെ മമിതയുടെ കഥാപാത്രം എന്നെ ഏറെ ആകർഷിച്ചിരുന്നു. ആ കുട്ടി ആ വേഷം അസലായി ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സിനിമയിലേക്ക് മമിതയെ നായികയാക്കണമെന്ന് ഞാൻ ഉറപ്പിച്ചു. ഹീറോയോടും പ്രൊഡ്യൂസറോടും ഇക്കാര്യം പറഞ്ഞെങ്കിലും, പുതുമുഖ നായിക പോരെന്നും കുറച്ചുകൂടി വലിയൊരു നായിക വേണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, 'ഈ കുട്ടി ഭാവിയിൽ വലിയൊരു നായികയാകും, നിങ്ങൾ നോക്കിക്കോളൂ' എന്ന് ഞാൻ അവർക്ക് മറുപടി നൽകി."

തുടർന്ന് 'സൂപ്പർ ശരണ്യ' കണ്ടതോടെ മമിതയെത്തന്നെ നായികയാക്കണമെന്ന് താൻ വീണ്ടും നിർബന്ധം പിടിച്ചതായും കമൽ ഓർക്കുന്നു. "നായകനോട് സംസാരിച്ച് കൺവിൻസ് ചെയ്യിക്കാമെന്ന് ഞാൻ പ്രൊഡ്യൂസറോട് പറഞ്ഞു. അങ്ങനെ ഞാൻ മമിതയെ വിളിച്ച് കഥ പറഞ്ഞു. കുറച്ചു നെഗറ്റീവ് ഷേഡുള്ള ആ കഥ മമിത വളരെ കൗതുകത്തോടെയാണ് കേട്ടത്. കഥ വിവരിക്കുന്ന സമയത്ത് അവരുടെ മുഖത്തുണ്ടായിരുന്ന എക്സ്പ്രഷൻ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഡേറ്റ് മുൻകൂട്ടി പറയണമെന്ന് അവരുടെ അമ്മയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും നായകനും പ്രൊഡ്യൂസറും ചേർന്ന് വലിയ നായിക വേണമെന്ന് പറഞ്ഞ് മമിതയെ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്റെ കരിയറിൽ ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ലാത്തതിനാൽ എനിക്ക് വലിയ വിഷമം തോന്നി."

ചിത്രത്തിലെ നായിക കഥാപാത്രത്തിന് നായകനേക്കാൾ പ്രാധാന്യവും സ്ക്രീൻ സ്പേസും ഉണ്ടായിരുന്നു. അതാണ് നായകനും നിർമാതാവിനും ആ പ്രൊജക്റ്റിൽ നിന്നും മമിതയെ ഒഴിവാക്കാൻ കാരണമായത്. എന്നാൽ, മമിതയെ ഒഴിവാക്കി മൂന്നോ നാലോ മാസം കഴിഞ്ഞപ്പോഴാണ് 'പ്രേമലു' റിലീസ് ചെയ്യുന്നതും താരം വലിയൊരു തരംഗമായി മാറുന്നതും. ഇപ്പോൾ ആ പ്രൊഡ്യൂസർക്ക് മമിതയെ വെച്ച് ചെയ്യാമായിരുന്നുവെന്ന് തീർച്ചയായും തോന്നുണ്ടാവുമെന്നും, താൻ ഇപ്പോഴും ആ സിനിമ ചെയ്യാനുള്ള ആഗ്രഹത്തിലാണെന്നും കമൽ കൂട്ടിച്ചേർത്തു.

Content Highlights: Director Kamal reveals that he had once predicted Mamitha Baiju would become a major heroine. However, he claims that the lead actor and producer together decided to drop her from the film.

dot image
To advertise here,contact us
dot image