

കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് നടപടിയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ സന്തോഷിക്കുന്ന ആളല്ല താന്‍. പരീക്ഷ എഴുതാന്‍ സാഹചര്യം ഒരുക്കണം എന്നതാണ് സിന്‍ഡിക്കേറ്റ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്. മാപ്പ് എഴുതി നല്കിയാല് മാത്രമേ അവസരം ഒരുങ്ങൂ എന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവി നശിച്ച് പോകരുത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ആരും എതിരല്ല. സമരം അക്രമത്തിലേക്ക് കടക്കരുത്. അക്രമത്തിലൂടെയും അരാജകത്വത്തിലൂടെയും ക്യാമ്പസ് രാഷ്ട്രീയം മുന്നോട്ട് പോകരുതെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച് കെഎസ്യു പ്രതിഷേധിച്ച സംഭവത്തിലും റോജി എം ജോണ്‍ പ്രതികരിച്ചു. അത് തന്റെ കാലത്തല്ല നടന്നതെന്ന് മന്ത്രി പറഞ്ഞു. അന്ന് ആ സമരത്തെ തങ്ങള്‍ തള്ളിപ്പറഞ്ഞിരുന്നു. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പല തെറ്റുകളും സംഭവിക്കാം. പക്ഷേ അത് തിരുത്തേണ്ടത് സംഘടനയാണെന്നും മന്ത്രി വ്യക്തമാക്കി.
മഹാരാജാസ് കോളേജില്‍ ഉയര്‍ന്ന പ്രതിഷേധത്തിലും മന്ത്രി പ്രതികരിച്ചു. മന്ത്രിയോട് ചോദ്യം ചോദിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് മന്ത്രി പറഞ്ഞു. അവിടെ പ്രതിഷേധത്തിന് എത്തിയത് പുറത്തുനിന്നുള്ള ആളുകളാണ്. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചു. ക്യാമ്പസിന്റെ സുഗമമായ നടത്തിപ്പ് വേണം. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതിലെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നും മന്ത്രി ചോദിച്ചു. കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ലൈറ്റുമായി നടത്തിയ സമരത്തിലും മന്ത്രി പ്രതികരിച്ചു. അത് സംസ്കാരത്തിന്റെ പ്രശ്നമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ലൈറ്റ് വെച്ചതിനുള്ള സമരമല്ല. ലൈറ്റ് സര്വ്വകലാശലയുടെത് അല്ല. അവിടെ നടന്ന അക്രമ സംഭവങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights- Roji M John stated that students had made mistakes and would be given another opportunity only if they submitted a written apology. His remarks highlighted the condition for students seeking a second chance.