

ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാവാത്തതിൽ താൻ നിരാശനാണെന്ന് വെളിപ്പെടുത്തി മുംബൈ താരം സർഫറാസ് ഖാൻ.
രാവിലെ എഴുന്നേൽക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യമാണ് മനസിൽ ഉയരുന്നതെന്നും ജീവിതത്തിലും കരിയറിലും പിതാവല്ലാതെ മറ്റാരിൽ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്നും സർഫറാസ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ പിച്ചുകളിൽ കളിക്കാൻ സാങ്കേതികമായി മികവില്ലെന്ന വിമർശനങ്ങളേയും സർഫറാസ് തള്ളിക്കളഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പിച്ചിൽ നേടിയ 61 പന്തിലെ സെഞ്ചുറിയും ഇൻട്രാ- സ്ക്വാഡ്് മത്സരത്തിലെ 76 പന്തിലെ 101 റൺസും സർഫറാസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ശ്രീലങ്ക പര്യടനത്തിൽ പരിക്കേറ്റ കളിക്കാരന് പകരക്കാരനായി ടീമിൽ എടുത്തെങ്കിലും അവസരം ലഭിച്ചില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ ലഭിക്കുമെന്നാണ് അവിടെവെച്ച് തന്നോട് പറഞ്ഞതെന്നും സർഫറാസ് വ്യക്തമാക്കി.
2024 നവംബറിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് ബെംഗളൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടുകയും ചെയ്തു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽപോലും പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താനായില്ല. അതിനുശേഷം ടീമിൽ നിന്ന് തഴയപ്പെടുകയായിരുന്നു.
content highlights: sarfaraz khan expresses disappointment over non selection