

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയ്ക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഒരുമാസത്തോളം നീണ്ട പുതുയുഗ യാത്രയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വീകരണം ലഭിച്ചിരുന്നു.
സഹപ്രവർത്തകരെ പോരാളികൾ എന്ന് വിളിച്ചാണ് വി ഡി സതീശൻ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് പുതുയുഗ യാത്രയെന്ന് സതീശൻ പറഞ്ഞു. നിറകണ്ണുകളോടെ പ്രവർത്തകർക്ക് നന്ദി പറയുകയാണ്. നമ്മൾ ഇനി പ്രതിപക്ഷം മാത്രമല്ല, അധികാരത്തിലേറാനിരിക്കുന്ന മുന്നണിയാണ്. ഇന്ത്യയിൽ ഒരു പ്രസ്ഥാനവും ചെയ്യാത്ത തയ്യാറെടുപ്പോടുകൂടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന് ഒരു മാറ്റം ഉണ്ടാക്കണം. ഒരു നിയോ കേരള മോഡൽ ഉണ്ടാക്കും. അതാണ് യുഡിഎഫിന്റെ ഉറപ്പ്. അത് ഇന്ത്യക്ക് മാതൃകയാകുന്ന മോഡലാകും. കോർപ്പറേറ്റ് മേഖലയെ വെല്ലുവിളിക്കുന്ന തരത്തിലാകും അതെന്നും സതീശൻ പറഞ്ഞു. ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ് ആണ്. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും സതീശൻ പറഞ്ഞു.
നാട് മുടിച്ച ഭരണമാണ് ഇപ്പോൾ കേരളത്തിലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. 100 സീറ്റോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾ നൽകുകയാണ് സർക്കാർ. എന്നാൽ എത്ര പരസ്യം നൽകിയാലും പിണറായി വിജയന്റെ മുഖം നന്നാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത് ചരിത്രത്തില്‍ അപൂര്‍വമായ പൊതുയോഗമെന്നായിരുന്നു മുന്‍ കെപിസിസി അധ്യക്ഷനായ കെ സുധാകരന്‍ പറഞ്ഞത്. ഈ നാട് നശിച്ച് നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് കടന്നുപോകുകയാണ്. ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത ആളാണ് മുഖ്യമന്ത്രി. പിണറായി വിജയന്‍ തന്റെ നാട്ടുകാരന്‍ ആണെന്ന് പറയാന്‍ താന്‍ ലജ്ജിക്കുന്നു എല്‍ഡിഎഫ് ഭരണം നാടിനെ എവിടെ എത്തിച്ചു എന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ കുറിച്ച് പരാമർശിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വിജയത്തിലേക്കുള്ള യാത്രയിൽ എല്ലാവരും ഒരുമിച്ചാണെന്ന് പറഞ്ഞു. പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണ് എന്നായിരുന്നു മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഇത് കേരളത്തെ വീണ്ടെടുക്കാനുള്ള യാത്രയാണെന്നും മറ്റ് പല യാത്രകൾക്കും ലഭിച്ചത് യാത്രയയപ്പ് ആണെന്നും സ്വീകരണമല്ലെന്നും എൽഡിഎഫ് യാത്രയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. ചിലർക്ക് യാത്രയയപ്പ് നൽകാനുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനായി നേതാക്കളെല്ലാം ഒന്നിച്ച് നിൽക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോഹിനിയാട്ടം പോലെയല്ല, സംഘനൃത്തം പോലെ നേതാക്കളെല്ലാം ഒന്നിച്ചുനിൽക്കണം. അങ്ങനെയാണെങ്കിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തില്‍ സിപിഐഎം, ബിജെപി കൂട്ടുകെട്ടാണെന്ന വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു. ബിജെപിയും സിപിഐഎമ്മും കേരളത്തില്‍ ഘടകക്ഷികളാണ്. യുഡിഎഫിനെതിരെ ഒറ്റക്കെട്ടായി അവര്‍ പ്രവര്‍ത്തിക്കുകയാണ്. ഈ കേരള സര്‍ക്കാരിന് എന്ത് കമ്മ്യൂണിസ്റ്റ് സ്വഭാവമാണ് ഉള്ളത്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ കോര്‍പ്പറേറ്റ് സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് സിപിഐഎമ്മിന്റെ പേര് മാറ്റണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ വ്യാപകമായ തൊഴിലില്ലായ്മയുണ്ട്. മോദി രാജ്യത്തെ തൊഴില്‍ മേഖലയും സിപിഐഎം കേരളത്തിലെ തൊഴില്‍ മേഖലയും തകര്‍ത്തു. യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കായി അഞ്ചിന ഗ്യാരന്റിയും രാഹുൽ ഗാന്ധി വേദിയിൽ പ്രഖ്യാപിച്ചു. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ ഗ്യാരന്റി. ഇതോടൊപ്പം തന്നെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മറ്റൊന്ന്. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം വരെ സൗജന്യ ആരോഗ്യ ഇന്‍ുറന്‍സ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിസിനസുകള്‍ ആരംഭിക്കുന്നതിന് യുജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിങ്ങനെയാണ് മറ്റ് രണ്ട് ഗ്യാരന്റികള്‍.
എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ സുധാകരൻ, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസൻ തുടങ്ങി വിവിധ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
Content Highlight : Puthuyuga Yathra led by Opposition Leader VD Satheesan concludes in Thiruvananthapuram, Rahul Gandhi inaugurated the function