

പട്ടാമ്പി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ പട്ടാമ്പി മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി മുഹമ്മദ് മുഹ്‌സിൻ മതിയെന്ന് പാർട്ടി ജില്ലാ നേതൃത്വം. മുഹ്‌സിന് മത്സരിക്കുന്നതിനായി മൂന്ന് ടേം വ്യവസ്ഥയിൽ ഇളവിനായി സംസ്ഥാന നേതൃത്വത്തോട് നിർദേശിക്കാൻ ഇന്ന് ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ധാരണയായി.
പട്ടാമ്പിയിൽ ജനകീയനാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎ. പന്ന്യൻ രവീന്ദ്രൻ, പി പി സുനീർ എന്നിവരെയും പട്ടാമ്പിയിൽ പരിഗണിച്ചിരുന്നെങ്കിലും മുഹ്‌സിൻ മതി എന്ന ഏകാഭിപ്രായത്തിലേക്ക് എത്തുകയായിരുന്നു. അതിനാൽ മുഹ്‌സിന് മൂന്നാമതൊരു അവസരം നൽകാനാണ് തീരുമാനം. സിപിഐഎമ്മിനും മുഹ്സിനോടാണ് താത്പര്യം. 2016 മുതൽ പട്ടാമ്പിയിലെ എംഎൽഎയാണ് മുഹമ്മദ് മുഹ്‌സിൻ.
അതേസമയം മണ്ണാർക്കാട്ടെ സീറ്റിൽ തീരുമാനമായില്ല. ജില്ലാ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം വി എം ലത്തീഫ്, പൊതുസ്വതന്ത്രനായി മൻസിൽ ബക്കർ എന്നിവരുടെ പേര് സംസ്ഥാന നേതൃത്വത്തിനോട് ജില്ലാ കൗൺസിൽ നിർദേശിക്കും.
പാലക്കാട് ചിറ്റൂരിൽ ഐഎസ്‌ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. മുരുകദാസ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ഐഎസ്‌ജെഡി നിയോജക മണ്ഡലം നേതൃയോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
Content Highlight : The CPI district leadership says that Muhammad Muhsin is enough as the CPI candidate in Pattambi constituency, they to request state leadership for three-term exemption