

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴയിൽനിന്നും പുറപ്പെടാൻ തുടങ്ങുന്നതിനിടെ ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിനടിയിലാണ് മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലായി അറ്റനിലയിലാണ് തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. പുലർച്ചെ ട്രെയിൻ പിറ്റ്-ലൈൻ യാർഡിൽ നിർത്തിയപ്പോൾ ശുചീകരണ ജീവനക്കാരാണ് ശരീരഭാഗം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ധൻബാദിൽ നിന്ന് ആലപ്പുഴയിൽ എത്തിയ ട്രെയിൻ ഇന്ന് രാവിലെ വീണ്ടും പുറപ്പെടേണ്ടതായിരുന്നു.എന്നാൽ ശരീരഭാഗം കണ്ടെത്തിയതോടെ എസ് 5 കോച്ച് പിടിച്ചിട്ട ശേഷം ട്രെയിൻ സർവീസ് ആരംഭിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ട്രെയിൻതട്ടി മരിച്ച ആരുടെയെങ്കിലും ശരീരഭാഗമായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.ധൻബാദ് എക്‌സ്പ്രസ് പോകുന്ന പാതയിൽ ആരെയെങ്കിലും ട്രെയിൻ തട്ടിയിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ചും റെയിൽവെ പൊലീസ് അന്വേഷണം നടത്തുന്നതായി അധികൃതർ അറിയിച്ചു. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
Content Highlight : human hand part found under dhanbad train coach in alappuzha, railway police started investigation