

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കണക്കുകൾ നോക്കുമ്പോൾ അമേരിക്കയിലെ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് പറയേണ്ടി വരും. വിലക്കയറ്റവും വലിയ കടബാധ്യതയും കാരണം അമേരിക്കയിലെ സാധാരണ കുടുംബങ്ങൾക്ക് പണം ചെലവാക്കാൻ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു.

ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതോ പുതിയ സാധനങ്ങൾ വാങ്ങുന്നതോ അവർ പകുതിയാക്കി കുറച്ചു. ഇത് വിപണിയെ വല്ലാതെ തളർത്തുന്നു. ക്രെഡിറ്റ് കാർഡ് വഴിയും മറ്റും വാങ്ങിയ സാധനങ്ങളുടെ മാസതവണകൾ മുടങ്ങുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലാണ്. കൈയ്യിൽ പണമില്ലാത്തതിനാൽ പലരും ലോണുകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുന്നു.
പുതിയ ജോലികൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, നിലവിലുള്ള ജോലികളിൽ ശമ്പള വർദ്ധനവും കുറവാണ്. കമ്പനികൾ പുതിയ ആളുകളെ എടുക്കാൻ ഭയപ്പെടുന്നു. ഇത് ആളുകളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു.രാജ്യത്തിന്റെ മൊത്തം വരുമാനം (GDP) കൂടുന്നുണ്ടെന്ന് കണക്കുകൾ കാണിക്കുന്നുണ്ടെങ്കിലും, ഉള്ളിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഒരു മരം പുറമെ പച്ചപ്പായി കാണപ്പെടുമ്പോഴും അതിന്റെ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.
ലോകത്തിന്റെ 'ബോസ്' ആയ അമേരിക്ക കടക്കെണിയിൽ ശ്വാസം മുട്ടുകയാണ്. ഇത് പരിഹരിക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും.നമ്മൾ ഒരു ബാങ്കിലോ ചിട്ടിയിലോ പണം നിക്ഷേപിച്ചു എന്ന് കരുതുക. നമുക്ക് പെട്ടെന്ന് ഒരു ആവശ്യം വരുമ്പോൾ ആ പണം പിൻവലിക്കാൻ ചെല്ലുമ്പോൾ ബാങ്കുകാരൻ പറയുകയാണ്, "നിങ്ങളുടെ പണം ഞങ്ങളുടെ കൈയിലുണ്ട്, പക്ഷേ ഇപ്പോൾ തരാൻ കഴിയില്ല. കുറച്ചു മാസങ്ങൾ കഴിഞ്ഞ് തരാം " എന്ന് പറയുന്ന പോലുള്ള ഒരു അവസ്ഥ അമേരിക്കയിൽ ഉണ്ടാകുന്നുണ്ട് എന്നാണ് രാജ്യാന്തര മാധ്യമ വാർത്തകൾ നൽകുന്ന സൂചന.

ബ്ലാക്ക്‌റോക്കിൽ സംഭവിച്ചിരിക്കുന്നത് സൂചനയോ?
ലോകത്തെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ ബ്ലാക്ക് റോക്കിൽ നിക്ഷേപകർ അവരുടെ പണം തിരികെ ചോദിച്ചപ്പോൾ, എല്ലാവർക്കും നൽകാൻ കമ്പനിയുടെ കൈയിൽ പണമില്ല. അതുകൊണ്ട് അവർ ഒരു നിശ്ചിത ശതമാനം മാത്രം നൽകി ബാക്കിയുള്ള പണം 'ലോക്ക്' ചെയ്തു. അതായത് നിക്ഷേപകന് തന്റെ സ്വന്തം പണം തൊടാൻ അനുവാദമില്ല.
ഈ കമ്പനികൾ പണം വാങ്ങി മറ്റ് വലിയ കമ്പനികൾക്ക് കടം കൊടുക്കുകയോ വസ്തുവകകളിൽ നിക്ഷേപിക്കുകയോ ആണ് ചെയ്യുന്നത്. യുദ്ധം കാരണവും മറ്റും ആ കമ്പനികൾക്ക് പണം തിരികെ നൽകാൻ കഴിയാതെ വരുമ്പോൾ, ബ്ലാക്ക്‌റോക്കിന് നിക്ഷേപകർക്ക് നൽകാൻ പണമില്ലാത്ത അവസ്ഥ വരുന്നു.
ലോകത്തെ ഏറ്റവും വലിയ 'പണപ്പെട്ടി' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ഥാപനം ഇങ്ങനെ കൈമലർത്തുന്നത് ലോകം സാമ്പത്തികമായി വലിയൊരു ആപത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് എന്ന് പറയേണ്ടി വരുമോ?
കാരണങ്ങൾ ഏറെ
പശ്ചിമ ഏഷ്യയിലെ യുദ്ധം, എണ്ണവിലയിലെ വർദ്ധനവ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്തിയ മാറ്റങ്ങൾ എന്നിവ കാരണം കമ്പനികൾ കടക്കെണിയിലായതാണ് ഈ പ്രതിസന്ധിക്ക് പിന്നിൽ. ഇത് കേവലം വിദേശത്തുള്ള ചില കമ്പനികളുടെ പ്രശ്നമല്ല, മറിച്ച് 1.8 ട്രില്യൺ ഡോളർ മൂല്യമുള്ള ഒരു വലിയ സാമ്പത്തിക മേഖലയുടെ തകർച്ചയുടെ തുടക്കമാണോ എന്ന ഭീതിയിലാണ് ലോകം. ബ്ലാക്ക്‌റോക്ക് മാത്രമല്ല, ബ്ലാക്ക്‌സ്റ്റോൺ, ബ്ലൂ ഔൾ തുടങ്ങിയ വമ്പൻമാരും സമാനമായ രീതിയിൽ പണം നിക്ഷേപകർക്ക് തിരികെ കൊടുക്കാൻ മടിക്കുന്നത് ഒരു വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ മുന്നറിയിപ്പാണോ എന്ന് വിദഗ്ധർ ഭയപ്പെടുന്നു.

ബ്ലാക്ക്‌റോക്കിന്റെ ഒരു വലിയ ഫണ്ടിൽ നിന്നും നിക്ഷേപകർ ഏകദേശം 1.2 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി രൂപ) തിരികെ ചോദിച്ചു. എന്നാൽ പകുതിയോളം പേർക്ക് മാത്രമേ പണം നൽകിയുള്ളൂ. ബാക്കിയുള്ളവരോട് "കാത്തിരിക്കൂ" എന്ന് പറഞ്ഞ് പണം വൈകിക്കുകയാണ്. ഈ വാർത്ത പുറത്തുവന്നതോടെ ബ്ലാക്ക്‌റോക്കിന്റെയും മറ്റ് പ്രധാന സാമ്പത്തിക സ്ഥാപനങ്ങളുടെയും ഓഹരി വിലകൾ 5-6 ശതമാനം വരെ ഇടിഞ്ഞു.
എന്തുകൊണ്ടാണ് ഇവർക്ക് പണം നൽകാൻ കഴിയാത്തത്?
ഈ കമ്പനികൾ നിക്ഷേപകരുടെ പണം എടുത്ത് വലിയ കമ്പനികൾക്ക് കടം കൊടുക്കുകയാണ് ചെയ്യുന്നത് ഈ കടങ്ങൾ പെട്ടെന്ന് പിരിച്ചെടുക്കാൻ കഴിയില്ല. ഒരുമിച്ച് ഒരുപാട് പേർ പണം ചോദിച്ചു വരുമ്പോൾ, കൈയ്യിൽ പണമില്ലാത്ത അവസ്ഥയിൽ ഈ സ്ഥാപനങ്ങൾ കുടുങ്ങിപ്പോകുന്നു. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ലോക സാമ്പത്തിക രംഗത്ത് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നതും, പുതിയ എ ഐ സാങ്കേതികവിദ്യകൾ വന്നതോടെ പഴയ സോഫ്റ്റ്‌വെയർ കമ്പനികൾ തകരുകയും അവർക്ക് എടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്യുന്നതും പ്രതിസന്ധി കൂട്ടുകയാണ് . ബാങ്ക് പലിശ നിരക്കുകൾ കുറയാത്തത് കടമെടുത്തവർക്ക് വലിയ തിരിച്ചടിയായി.

ഇതൊരു മുന്നറിയിപ്പോ?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സ്രാാവുകൾ പോലും "നിങ്ങളുടെ പണം ഇപ്പോൾ തരില്ല" എന്ന് പറയുന്നത് നിസ്സാര കാര്യമല്ല. 1.8 ട്രില്യൺ ഡോളറിന്റെ (ലക്ഷക്കണക്കിന് കോടി രൂപ) ഈ മേഖല തകർന്നാൽ അത് ലോകം മുഴുവൻ പടരുന്ന ഒരു വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാം.ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ വലിയ ആശങ്കകളുണ്ട്. 2026-ന്റെ തുടക്കത്തിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ ഇതിനുള്ള സൂചനകൾ ശക്തമാണ്.
ലളിതമായി പറഞ്ഞാൽ, ലോകത്തിന്റെ സാമ്പത്തിക എൻജിനുകൾ ഓരോന്നായി പണിമുടക്കുന്ന അവസ്ഥയാണിത്. ഒരു 'പൂർണ്ണ തകർച്ച' എന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും, ലോകം വളരെ ദുർബലമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വരും മാസങ്ങളിലെ യുദ്ധസാഹചര്യങ്ങളും എണ്ണവിലയുമായിരിക്കും ലോകത്തിന്റെ ഭാവി തീരുമാനിക്കുന്നത്.
Content Highlights : BlackRock fund limits withdrawals as redemptions rattle private credit