

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയുടെ ആക്രമണത്തില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം പതിനേഴിന് വിധി പറയും. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാദമായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നടത്തിയത്.
സംഭവം നടക്കുമ്പോള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപ് സ്‌കൂളിലെ നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ മൊഴി അടക്കം പരിശോധിച്ചതില്‍ നിന്ന് സന്ദീപിന് മാനസിക പ്രശ്‌നങ്ങളുള്ളതായി വ്യക്തമായിട്ടില്ല. സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്താണ് സന്ദീപ് സ്‌കൂളില്‍ എത്തിയിരുന്നതെന്ന് സ്‌കൂളിലെ അധ്യാപകനായ ഹേമന്‍ എന്ന അധ്യാപകന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പാട്ടുപാടാനും അഭിനയിക്കാനും കഴിവുള്ള ആളാണ് സന്ദീപെന്നും ഹേമന്റെ മൊഴിയില്‍ പറയുന്നു. പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ വിസ്തരിച്ച ജയില്‍ സൂപ്രണ്ട് പ്രതിയുടെ ജയിലിലെ സ്വഭാവത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. സന്ദീപിന് മാനസിക പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെയും മൊഴി. ഈ മൊഴികള്‍ അടക്കം ഉയര്‍ത്തിയാണ് പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു.പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
Content Highlights- The court is set to announce the verdict on March 17 in the murder case of Dr Vandana Das.