

2026 ടി20 ലോകകപ്പിൽ ന്യൂസിലാന്‍ഡിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ഇറങ്ങുന്നതിന് മുൻപ് ഇന്ത്യൻ ടീമിന് നിർദേശവുമായി ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ്. യുവഓപ്പണർ അഭിഷേക് ശർമയെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് കൈഫ് മുന്നോട്ടുവെക്കുന്ന നിർദേശം. മോശം ഫോമിലുള്ള അഭിഷേകിന് ഫൈനലിൽ വിശ്രമം നൽകണമെന്നും പകരം റിങ്കു സിങ്ങിനെ ഇലവനിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നും കൈഫ് ചൂണ്ടിക്കാട്ടി.
'ഫൈനലിൽ അഭിഷേക് ശർമക്ക് ഇന്ത്യ വിശ്രമം നൽകണം. അഭിഷേക് ഇപ്പോൾ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതുകൊണ്ട് മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി തെളിയിക്കപ്പെട്ട താരങ്ങളുണ്ട്. ടെസ്റ്റ്, ഐപിഎൽ, രഞ്ജി ട്രോഫി എന്നീ ടൂർണ്ണമെന്റിലെല്ലാം റിങ്കു സിങ് റൺസ് നേടിയിട്ടുണ്ട്. അഭിഷേക് ശർമയ്ക്ക് പകരം ആർക്ക് കളിക്കാൻ സാധിക്കുമെന്നത് നിങ്ങൾക്ക് ഡഗൗട്ടിലേക്ക് നോക്കിയാൽ മനസിലാവും. അവിടെ റിങ്കു സിങ് എന്നൊരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തെ അഭിഷേകിന് പകരം കളത്തിലിറക്കൂ. ഒരാൾ മോശം ഫോമിൽ ബുദ്ധിമുട്ടുമ്പോൾ മറ്റൊരാൾ നന്നായി കളിച്ചിട്ടും പുറത്ത് ഇരിക്കുന്നു', കൈഫ് പറഞ്ഞു.
ഈ ലോകകപ്പിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് വെറും 89 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. സിംബാബ്‌വെക്കെതിരെ നേടിയ 55 റണ്‍സ് മാത്രമാണ് അഭിഷേകിന്റെ ടൂര്‍ണമെന്റിലെ ഭേദപ്പെട്ട പ്രകടനം. ബാക്കി 6 ഇന്നിംഗ്‌സുകളിലും 20 റൺസ് കടക്കാൻ പോലും താരത്തിന് സാധിച്ചില്ല. മൂന്ന് തവണ താരം പൂജ്യത്തിന് പുറത്താവുകയും ചെയ്‌തു.
ടി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്. രാത്രി ഏഴ് മുതലാണ് മത്സരം ആരംഭിക്കുക.
Content Highlights: T20 World Cup 2026, IND vs NZ final: Mohammad Kaif wants India to bring Rinku Singh instead of Abhishek Sharma