
അതിർത്തികൾക്കപ്പുറം യുദ്ധത്തിന്റെ പീരങ്കികൾ മുഴങ്ങുമ്പോൾ, അതിന്റെ അലയൊലികൾ വന്നുപതിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും വീടിന്റെ ഉമ്മറപ്പടിയിലാണ്. ലോകത്തിന്റെ എണ്ണക്കറവപ്പശുവായ ഗൾഫ് മേഖലയിൽ ഇറാനും ഇസ്രായേലും (അമേരിക്കയുടെ പിന്തുണയോടെ) തമ്മിലുള്ള സംഘർഷം കടുക്കുമ്പോൾ, അത് കേവലം ഒരു വാർത്തയല്ല മറിച്ച് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന സാമ്പത്തിക ആഘാതമാണ്.

ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് പോലെ, ഈ യുദ്ധം നീണ്ടുനിന്നാൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിന് 92 രൂപയ്ക്കും താഴേക്ക് പതിച്ചേക്കാം. വിദേശരാജ്യങ്ങൾ തമ്മിലുള്ള ഈ ബലപരീക്ഷണം എങ്ങനെയാണ് നമ്മുടെ രാജ്യത്തെ വിലക്കയറ്റത്തിലേക്കും, ഇന്ധനക്ഷാമത്തിലേക്കും, രൂപയുടെ തകർച്ചയിലേക്കും നയിക്കുന്നത് എന്ന് നോക്കാം .യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 92 രൂപയ്ക്കും താഴേക്ക് (92.30 വരെ) പോയിരിക്കുകയാണ്.

എണ്ണവിലയിലെ വർധനവ്
ഇന്ത്യക്കാവശ്യമായ എണ്ണയുടെ 85 ശതമാനത്തിലധികം നമ്മൾ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധം കാരണം എണ്ണവില കൂടുമ്പോൾ, അത് വാങ്ങാൻ ഇന്ത്യ കൂടുതൽ ഡോളർ നൽകേണ്ടി വരുന്നു. ഡോളറിന് ആവശ്യം കൂടുമ്പോൾ രൂപയുടെ മൂല്യം സ്വാഭാവികമായും കുറയുന്നു. ഇന്ത്യയിലേക്കുള്ള എണ്ണയുടെ വലിയൊരു ഭാഗം വരുന്നത് ഇറാനടുത്തുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്.
യുദ്ധം കാരണം ഈ പാത തടസ്സപ്പെട്ടാൽ എണ്ണ വരവ് കുറയുകയും വില കുതിച്ചുയരുകയും ചെയ്യും. ഇത് രൂപയെ വീണ്ടും തളർത്തും."യുദ്ധം അവിടെയാണെങ്കിലും കണ്ണീർ ഇവിടെയാണ്" എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇപ്പോൾ ഇന്ത്യക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകിയിട്ടുണ്ടെങ്കിലും, യുദ്ധം നീണ്ടു പോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.

വിദേശ നിക്ഷേപകരുടെ തീരുമാനം
യുദ്ധസമയത്ത് വിദേശ നിക്ഷേപകർ ഇന്ത്യയെപ്പോലുള്ള വിപണികളിൽ നിന്ന് പണം പിൻവലിച്ച് സുരക്ഷിതമായ അമേരിക്കൻ ഡോളറിലോ സ്വർണ്ണത്തിലോ നിക്ഷേപിക്കാൻ തുടങ്ങും. ഇത് ഇന്ത്യൻ വിപണിയിൽ ഡോളറിന്റെ കുറവുണ്ടാക്കുകയും രൂപയുടെ മൂല്യം ഇടിയാൻ കാരണമാവുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം മുഴുവൻ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും കോടിക്കണക്കിനു രൂപയുടെ പണം പിൻവലിച്ചിരുന്നു.
ഈ വർഷം വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ വരും മാസങ്ങളിൽ അവർ എടുക്കുന്ന തീരുമാനം നിർണായകമാണ്. രൂപയുടെ മൂല്യം കുറയുമ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും (മരുന്നുകൾ, ഇലക്ട്രോണിക്സ്, വളം) വില കൂടും. ഇത് രാജ്യത്ത് മൊത്തത്തിലുള്ള വിലക്കയറ്റത്തിന് വഴിതെളിക്കും. ബാങ്ക് ഓഫ് ബറോഡയുടെ കണക്കനുസരിച്ച് ഇത് പണപ്പെരുപ്പത്തിൽ 0.4% വരെ വർധനവുണ്ടാക്കാം.

പ്രവാസി വരുമാനം
ഗൾഫിലെ അസ്ഥിരത കാരണം പ്രവാസികൾ അയക്കുന്ന പണത്തിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. കൂടാതെ സ്വർണ്ണവില കുതിച്ചുയരുന്നതും സാധാരണക്കാരന്റെ സമ്പാദ്യത്തെ ബാധിക്കുന്നു.എന്നാൽ, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികളെ സംബന്ധിച്ച് ചില ഹ്രസ്വകാല നേട്ടങ്ങൾ നൽകുന്നുണ്ട്. ലളിതമായി പറഞ്ഞാൽ, ഗൾഫിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ജോലി ചെയ്യുന്നവർ നാട്ടിലേക്ക് പണമയക്കുമ്പോൾ അവർക്ക് മുൻപത്തേക്കാൾ കൂടുതൽ രൂപ ലഭിക്കും.
ഉദാഹരണത്തിന്, ഒരു ഡോളറിന് 84 രൂപ ആയിരുന്നപ്പോൾ 1000 ഡോളർ അയച്ചാൽ 84,000 രൂപയാണ് ലഭിച്ചിരുന്നത്. എന്നാൽ രൂപ 92-ലേക്ക് ഇടിയുമ്പോൾ അതേ 1000 ഡോളറിന് 92,000 രൂപ ലഭിക്കും. അതായത് അധ്വാനത്തിന് മാറ്റമില്ലാതെ തന്നെ നാട്ടിലെ കുടുംബത്തിന് 8,000 രൂപ അധികം ലഭിക്കുന്നു. നാട്ടിൽ ഭവന വായ്പയോ മറ്റ് കടങ്ങളോ ഉള്ള പ്രവാസികൾക്ക് ഈ സമയം ലാഭകരമാണ്.

വിദേശത്ത് കുറഞ്ഞ തുക മാറ്റിവെച്ചാൽ തന്നെ നാട്ടിലെ വലിയൊരു തുക വായ്പ അടച്ചുതീർക്കാൻ സാധിക്കും.വിദേശ കറൻസി കൈവശമുള്ളവർക്ക് ഇന്ത്യയിൽ സ്ഥലം വാങ്ങാനോ വീട് നിർമ്മിക്കാനോ ഈ സമയം അനുയോജ്യമാണ്. ഡോളർ മൂല്യം ഉയർന്നു നിൽക്കുന്നതിനാൽ കുറഞ്ഞ വിദേശ പണത്തിന് കൂടുതൽ മൂല്യമുള്ള സ്വത്തുക്കൾ ഇന്ത്യയിൽ വാങ്ങാൻ സാധിക്കും.
Content highlights:Prolonged Iran war could impact rupee, inflation says BoB