

ബെംഗളൂരു: പിണങ്ങി കഴിയുന്ന രണ്ടാം ഭാര്യക്ക് സമ്മാനം വാങ്ങാൻ പണത്തിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ബിരൂരിലാണ് സംഭവം.
ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണലേലത്തിൽ പങ്കെടുക്കാമെന്ന് പ്രതി ഷാഫി തന്റെ സുഹൃത്തായ പട്ടുരാജിനോട് പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച പട്ടുരാജ് സംഭവ ദിവസം 2.5 ലക്ഷം രൂപയുമായി എത്തി. ധനകാര്യസ്ഥാപനത്തിലേക്ക് പോകാനെന്ന വ്യാജേന പട്ടുരാജിനെ ബൈക്കിൽ കയറ്റിയ ഷാഫി, പ്രദേശത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി. ഹൊന്നവല്ലി ഭാഗത്തുവെച്ച് കൊടുവാൾ കൊണ്ട് ഷാഫി പട്ടുരാജിനെ ആക്രമിക്കുകയായിരുന്നു. ശേഷം പണവുമായി കടന്നു കളഞ്ഞു.
പിറ്റേന്ന് അതുവഴി വന്ന പാൽ വില്പനക്കാരനാണ് മൃതദേഹം കണ്ടത്. ഇയാൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് പട്ടുരാജ് ആണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളുടെ നീക്കങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയായ ഷാഫിയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം ഷാഫി ഒരു ലോഡ്ജിൽ വെച്ച് രണ്ടാം ഭാര്യയെ കണ്ടതായും ഇവർക്ക് ടിവി വാങ്ങാനായി അറുപതിനായിരം രൂപ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇവർ ഈ തുക ഉപയോഗിച്ച് ടിവി വാങ്ങിയതായും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ബാക്കി തുക എന്ത് ചെയ്തുവെന്ന് അന്വേഷിച്ചുവരികയാണ്. പട്ടുരാജും ഷാഫിയും ഏഴ് വർഷത്തിലേറെയായി സുഹൃത്തുക്കളാണെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlight : Police reported that a man killed his friend and stole cash from him, later using the money to buy gifts for his second wife