

2026 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ ഹീറോയായത് സഞ്ജു സാംസണായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ കരുത്തായത് സഞ്ജുവിന്റെ ഇന്നിംഗ്‌സായിരുന്നു. 42 പന്തിൽ 89 റൺസെടുത്ത സഞ്ജുവിന് നേരിയ വ്യത്യാസത്തിൽ സെഞ്ച്വറി നഷ്ടമായെങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
വാംഖഡെയിൽ സഞ്ജു സാംസൺ വിക്കറ്റിന് പിന്നിലും തിളങ്ങി ഇന്ത്യൻ വിജയത്തിൽ നിർണായകമായപ്പോൾ ആരാധകർ അമ്പരന്നത് മറ്റൊരു കാഴ്ച കണ്ടാണ്. ഗാലറിയിൽ സഞ്ജുവിനെ അമ്പരപ്പിക്കുന്ന വിധം സാമ്യമുള്ള ഒരാളെ സോഷ്യൽ മീഡിയയിലെ ആരാധകർ കണ്ടുപിടിച്ചിരിക്കുകയാണ്. സഞ്ജു സാംസൺ വിക്കറ്റ് തെറിപ്പിച്ച ആവേശത്തിൽ തുള്ളിച്ചാടുന്ന ഈ 'അപരന്റെ' ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.
മുൻപ് വിരാട് കോഹ്‌ലിയുടെയും ധോണിയുടെയും അപരന്മാരെ സ്റ്റേഡിയത്തിൽ കണ്ടിട്ടുണ്ടെങ്കിലും സഞ്ജു സാംസണിന്റെ ഒരു അപരനെ ഗാലറിയിൽ ആരാധകർ കാണുന്നത് ഇതാദ്യമാണ്. സഞ്ജുവിനെപ്പോലെ തന്നെ മുഖച്ഛായയും താടിയുമുള്ള ഈ ആരാധകൻ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ദൃശ്യങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതോടെ ആരാധകരും ആവേശത്തിലായി.
Content Highlights: IND vs ENG: Sanju Samson doppelganger spotted at Wankhede Stadium Mumbai