

തിരുവനന്തപുരം: ജി സുധാകരന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് വരുന്നത്. അതില്‍ ജി സുധാകരന്റെ കഴിവും അനുഭവ സമ്പത്തുമെല്ലാം സിപിഐഎമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ അദ്ദേഹം ഉപയോഗിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷ. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് സിപിഐഎമ്മിന് പ്രയാസമുണ്ടാക്കുന്ന ഒന്നും ഉണ്ടാകില്ല എന്നാണ് കരുതുന്നതെന്നും എം എ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുമ്പോള്‍ തന്റെ നേതൃ സ്ഥാനത്ത് ഉണ്ടായിരുന്ന ആളാണ് ജി സുധാകരന്‍. ചില പ്രയോഗങ്ങളിലുള്ള പരിഭവം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണ്. പാര്‍ട്ടിയിലെ മറ്റ് നേതാക്കന്മാരും താനും അടക്കം അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു. മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടിക്കും പ്രസ്ഥാനത്തിലും സഹായകരമായ നിലപാട് സ്വീകരിച്ചുപോകുകയാണ് ചെയ്യുന്നത്. ജി സുധാകരനും ആ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എം എ ബേബി വ്യക്തമാക്കി.
ഇന്നലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. സിപിഐഎം അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി ജി സുധാകരന്‍ രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നല്‍കിയിട്ടില്ലെന്ന് സുധാകരന്‍ വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം തന്റെ വീടിനടുത്തുവെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബിഐആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി താന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
ഒരു വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്തെ പ്രയോഗം നടത്തി സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അനുനയ നീക്കം നടത്തിയെങ്കിലും ജി സുധാകരന്‍ വഴങ്ങിയിരുന്നില്ല.
Content Highlights- CPI(M) leader M A Baby stated that he expects senior party leader G Sudhakaran to stand with the party