

പത്തനംതിട്ട: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി സിപിഐഎം നേതൃത്വത്തെ സമീപിച്ചുവെന്നുള്ള വാര്‍ത്തകളോട് പ്രതികരിച്ച് വീണയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. പ്രചരിച്ച വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കണ്ണൂരില്‍ വീണയ്‌ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളെ ഓര്‍ത്താണ് ജില്ലാ സെക്രട്ടറിയെ വിളിച്ച് ഇത്തവണ വീണയെ ഒഴിവാക്കി തരണം എന്ന് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് താന്‍ കത്ത് കൊടുത്തിട്ടില്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് അരുണില്‍ ആയിരുന്നു ജോര്‍ജ് ജോസഫിന്റെ പ്രതികരണം.
വീണയെ മത്സരിപ്പിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കണ്ണൂരില്‍ വീണയ്‌ക്കെതിരെ ആക്രമണം നടക്കുന്ന സമയം താന്‍ പത്തനംതിട്ടയിലെ വീട്ടിലും തന്റെ രണ്ട് കുഞ്ഞുങ്ങള്‍ തിരുവനന്തപുരത്തുമായിരുന്നു. വീണ വൈകിട്ട് വന്ദേഭാരതില്‍ തിരുവനന്തപുരത്ത് എത്തും എന്ന് പറഞ്ഞാണ് കുഞ്ഞുങ്ങള്‍ കാത്തിരുന്നത്. ഇതിനിടെയാണ് കണ്ണൂരിലെ സംഭവങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇത് കണ്ട് താന്‍ വീണയെ വിളിച്ചു. വീണയുടെ സംസാരം കേട്ടപ്പോള്‍ അവിടെ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചതായി മനസിലായി. താന്‍ അവിടേയ്ക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ ശരി എന്നായിരുന്നു വീണയുടെ മറുപടി. തന്നെ ഒരു കാര്യത്തിലും ബുദ്ധിമുട്ടിക്കാത്ത വീണ, താന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവിടെ എത്തണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ഇതേ തുടർന്ന് താൻ അവിടേയ്ക്ക് തിരിച്ചു. അവിടെ എത്തുമ്പോൾ കടുത്ത വേദന അനുഭവിക്കുന്ന വീണയെയാണ് കണ്ടത്. കണ്ണൂരിലെ
ദൃശ്യങ്ങള്‍ കണ്ട് കുഞ്ഞുങ്ങളും ആശങ്കപ്പെട്ടിരുന്നു. വീണയെ കാണണമെന്ന് കുഞ്ഞുങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിന് പറ്റുന്ന സാഹചര്യമായിരുന്നില്ല. കുഞ്ഞുങ്ങള്‍ ഫോണില്‍ വീണയോട് സംസാരിച്ചെങ്കിലും അവരുടെ ആശങ്ക മാറിയില്ലെന്നും ജോർജ് ജോസഫ് പറഞ്ഞു
ഇതിനിടെയാണ് വീണ തന്നെ ആറന്മുളയില്‍ മത്സരിക്കുമെന്ന വാര്‍ത്ത താന്‍ കാണുന്നത്. ജില്ലാ സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച തീരുമാനം വന്നുവെന്നും കണ്ടു. ഉടന്‍ തന്നെ താന്‍ ജില്ലാ സെക്രട്ടറിയെ വിളിച്ചു. വീണയെ ഇത്തവണ ഒഴിവാക്കിയാല്‍ നല്ലതായിരുന്നുവെന്ന് പറഞ്ഞു. കുഞ്ഞുങ്ങള്‍ ഒന്ന് വലുതാകട്ടെ എന്നും പറഞ്ഞു. കത്ത് നല്‍കി എന്നത് വസ്തുതാ വിരുദ്ധമാണ്. അത് പ്രയാസമുണ്ടാക്കി. ഒരു പിതാവിന്റെ സ്ഥാനത്തുനിന്നാണ് താന്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചു. വീണയെ മത്സരിപ്പിക്കുക എന്നത് പാര്‍ട്ടി തീരുമാനമാണ്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുക എന്നത് പാര്‍ട്ടി അംഗത്തിന്റെ കടമയാണെന്നും ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights- A statement clarified that remarks about children’s difficulties were made out of concern and not as opposition to Veena George contesting an election