

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു കൃഷ്ണനെ സർവ്വീസില്‍ നിന്നും പുറത്താക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആര്യയുമായുള്ള പ്രശ്‌നമല്ല യദുവിനെ പുറത്താക്കാനുള്ള കാരണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. യദു താല്‍ക്കാലിക ഡ്രൈവര്‍ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യദു തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഇയര്‍ ഫോണ്‍ വെച്ച് ഒരാളോട് ഫോണില്‍ സംസാരിച്ചു. ഇക്കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്ആര്‍ടിസി സിഎംഡിക്ക് സമര്‍പ്പിച്ചു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്', മന്ത്രി പറഞ്ഞു. ആര്യയും യദുവും തമ്മിലുണ്ടായ പ്രശ്‌നം മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ തന്നോട് സംസാരിച്ചിട്ടില്ലെന്ന് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 നാണ് ബസ് തടഞ്ഞ സംഭവം നടക്കുന്നത്. പാളയത്ത് വെച്ച് രാത്രി മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.
അതേസമയം ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ഡിസംബറില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. യദു നല്‍കിയ സ്വകാര്യ അന്യായത്തിലായിരുന്ന നടപടി. മറുപടി തേടിയാണ് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് യദു കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്.
കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനെയും സച്ചിന്‍ ദേവിനെയും ആര്യയുടെ ബന്ധുവായ സ്ത്രീയെയും ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആര്യാ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.
അരവിന്ദിനെതിരെ വാഹനം തടഞ്ഞു എന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയിട്ട് യാത്ര തടഞ്ഞതാണ് കുറ്റം. അസഭ്യം പറയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചതിനെ പ്രതിരോധിക്കുകയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഒരു കുറ്റകൃത്യം നടന്നപ്പോഴുണ്ടായ പ്രതിരോധത്തെ കുറ്റമായി കാണാനാവില്ലെന്നാണ് പൊലീസിന്റെ വാദം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാളയത്ത് വെച്ച് രാത്രി മേയറും ഭര്‍ത്താവും അടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു.
Content Highlights: Ganesh Kumar about expell of KSRTC driver Yadu who conflict with Arya Rajendran