ആദായനികുതി റിട്ടേൺ; ജൂലൈ 31 അവസാന തീയതി അല്ല, ഈ നികുതിദായകർക്ക് കൂടുതൽ സമയം

റിട്ടേൺ സമർപ്പിക്കാത്തവർക്ക് 5,000 രൂപ വരെ ലേറ്റ് ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം

ആദായനികുതി റിട്ടേൺ; ജൂലൈ 31 അവസാന തീയതി അല്ല, ഈ നികുതിദായകർക്ക്  കൂടുതൽ സമയം
dot image

ആദായ നികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീളുമോ എന്ന ചോദ്യമാണ് ഇപ്പോൾ നികുതിദായകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പലതവണ സമയപരിധി നീട്ടിയ അനുഭവമുള്ളതിനാൽ, ഇത്തവണയും സമാന പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോവിഡ് ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഐടിആർ സമയപരിധി പലതവണ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും അവസാന തീയതി നീളുമോയെന്ന ചർച്ചകൾ ശക്തമാണ്.

ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തിഗത നികുതിദായകർക്കും ശമ്പളജീവനക്കാർക്കും പെൻഷൻക്കാർക്കും ബാധകമായ ജൂലൈ 31 തന്നെയാണ് ഇപ്പോഴുള്ള അവസാന തീയതി. നിലവിൽ ഐടിആർ അവസാന തീയതി നീട്ടുന്നതായി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമുള്ള, എന്നാൽ ടാക്സ് ഓഡിറ്റ് ആവശ്യമില്ലാത്ത ITR-3, ITR-4 ഫയൽ ചെയ്യുന്നവർക്ക് ഓഗസ്റ്റ് 31, 2026 വരെയും, ഓഡിറ്റ് ആവശ്യമായ കേസുകൾക്ക് ഒക്ടോബർ 31, 2026 വരെയും സമയം ലഭിക്കും.

അതിനാൽ ഓരോ നികുതിദായകനും തങ്ങൾക്ക് ബാധകമായ അവസാന തീയതി ഉറപ്പാക്കി അതിനകം റിട്ടേൺ സമർപ്പിക്കേണ്ടതാണ്.

അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കാൻ കഴിയുന്ന തരത്തിൽ ഇ-ഫയലിംഗ് പോർട്ടൽ സജ്ജമാണെന്നും, ഒരു ദിവസം ഏകദേശം ഒരു കോടി റിട്ടേണുകൾ വരെ പ്രോസസ് ചെയ്യാൻ സംവിധാനത്തിന് ശേഷിയുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അവസാന ദിവസം വരെ കാത്തിരിക്കാതെ എത്രയും വേഗം റിട്ടേൺ സമർപ്പിക്കണമെന്നാണ് അധികൃതരുടെ നിർദേശം.

സമയപരിധിക്കകം ITR ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

നിശ്ചിത സമയപരിധിക്കകം ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് 5,000 രൂപ വരെ ലേറ്റ് ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം. കൂടാതെ കുടിശ്ശിക നികുതിക്ക് പലിശയും മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളും ബാധകമായേക്കും. ITR-1, ITR-2 സമർപ്പിക്കേണ്ട ശമ്പളജീവനക്കാർ, പെൻഷൻക്കാർ, മൂലധന നേട്ടം/നഷ്ടം റിപ്പോർട്ട് ചെയ്യുന്നവർ തുടങ്ങിയ ഭൂരിഭാഗം വ്യക്തിഗത നികുതിദായകരും 2026 ജൂലൈ 31-നകം റിട്ടേൺ സമർപ്പിക്കണം.

അവസാന തീയതി നീട്ടുമോയെന്ന പ്രതീക്ഷയിൽ റിട്ടേൺ സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. അവസാന ദിവസങ്ങളിൽ പോർട്ടലിൽ തിരക്ക് വർധിക്കുകയോ സാങ്കേതിക തടസ്സങ്ങൾ നേരിടുകയോ ചെയ്യാനുള്ള സാധ്യതയും കണക്കിലെടുക്കണം. അതിനാൽ ആവശ്യമായ രേഖകൾ പരിശോധിച്ച് എത്രയും വേഗം ITR ഫയൽ ചെയ്യുന്നതാണ് സുരക്ഷിതമായ തീരുമാനമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Content Highlights: ITR Deadline Extension LIVE Updates: July 31 is not the last date for every taxpayer; check latest updates on return filing and refund status

dot image
To advertise here,contact us
dot image