കൂവി വിളി മനോവിഷമമുണ്ടാക്കി, കല്ലിട്ട് പോകുന്നവരെന്ന പരാമർശം ഒഴിവാക്കാമായിരുന്നു: ടി സിദ്ദിഖ്

ചടങ്ങിൽ സംസാരിക്കാനെത്തിയ സിദ്ധിഖിന് നേരെ സദസിൽനിന്ന് കൂവിവിളി ഉയരുകയായിരുന്നു

കൂവി വിളി മനോവിഷമമുണ്ടാക്കി, കല്ലിട്ട് പോകുന്നവരെന്ന പരാമർശം ഒഴിവാക്കാമായിരുന്നു: ടി സിദ്ദിഖ്
dot image

കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി ഒരുക്കിയ വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെ ഉണ്ടായ കൂവിവിളി മനോവിഷമമുണ്ടാക്കിയെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവം മനോവിഷമമുണ്ടാക്കി. ഇടപെടേണ്ടവർ ഇടപെട്ടില്ല. ദുരിതബാധിതർ ആരും കൂവിയിട്ടില്ല. അവരെല്ലാം കയ്യടിക്കുകയാണ് ചെയ്തതെന്നും ടി സിദ്ദിഖ് പറഞ്ഞു.

കല്ലിട്ട് പോകുന്നവരെന്ന മന്ത്രി കെ രാജന്റെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. തങ്ങൾ കല്ലുമാത്രം ഇട്ട് പോകുന്നവരല്ലെന്നും കല്ലിന് മീതെ കല്ല് വെക്കുമെന്നും ചടങ്ങിൽ മന്ത്രി കെ രാജൻ പറഞ്ഞിരുന്നു. ഇതേ കുറിച്ചായിരുന്നു സിദ്ദിഖിൻ്റെ പ്രതികരണം.

വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിനിടെയാണ് ടി സിദ്ദിഖിനെതിരെ കൂവിവിളിയുണ്ടായത്. ചടങ്ങിന്റെ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിൻ്റെ പേര് പറഞ്ഞപ്പോഴായിരുന്നു ആദ്യ കൂവിവിളി. ശേഷം സിദ്ദിഖ് പ്രസംഗിക്കാനായി എത്തിയപ്പോഴും സദസിൽനിന്നും കൂവിവിളി ഉയർന്നു. ഇതേസമയം സിപിഐഎം നേതാക്കന്മാരായ വി വസീഫും കെ റഫീഖും എഴുന്നേറ്റ് ആളുകളെ കൂവി വിളിക്കുന്നതിൽനിന്നും വിലക്കിയിരുന്നു.

ഒന്നാം ഘട്ടമായി 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 178 പേർക്കാണ് ഇപ്പോൾ പട്ടയം കൈമാറുന്നതെന്നും തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും മഴക്കാലത്തിന് മുൻപായി മുഴുവൻ ദുരന്തബാധിതർക്കും വീടും ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

അതേസമയം ടി സിദ്ദിഖിനെതിരായ കൂവിവിളിച്ചത് മര്യാദകേടാണെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ടൗൺഷിപ്പിൽ തങ്ങളുടെകൂടി പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: T Siddique mla says the incident at the Wayanad Township inauguration ceremony was distressing

dot image
To advertise here,contact us
dot image