

ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റഗ്രാം റീലിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘങ്ങളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വസനീയവുമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കേന്ദ്രം തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി റീല്‍ തുടങ്ങിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
"വിശ്വസനീയമായ ഒരു പരീക്ഷാ സംവിധാനം ഉറപ്പാക്കാൻ ഞങ്ങൾ തുടർച്ചയായി ഒന്നിനുപുറകെ ഒന്നായി നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധിപ്പേരിൽ നിന്നുള്ള നിർദ്ദേശങ്ങളും കണക്കിലെടുക്കുന്നുണ്ട്. പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആരെയും, രാജ്യത്തെ കുട്ടികളുടെ ഭാവി കൊണ്ട് കളിക്കുന്ന ഒരു സംഘത്തെയും വെറുതെ വിടില്ല," അദ്ദേഹം പറഞ്ഞു.
പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി ബിൽ. പൊതുപരീക്ഷകളിലെ അന്യായ നടപടികൾ തടയുന്നതിനായുള്ള നിയമത്തിലാണ് സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നത്.
പരീക്ഷകളിൽ ക്രമക്കേട് നടത്തി ശിക്ഷിക്കപ്പെടുന്നവരുടെ കുറഞ്ഞ തടവുശിക്ഷ മൂന്നുവർഷത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തും. ചോദ്യപേപ്പർ ചോർച്ചാ കേസുകൾ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. അതിവേഗ കോടതികളിൽ മൂന്നുമാസത്തിനുള്ളിൽ കേസുകൾ തീർപ്പാക്കുകയും ചെയ്യും.
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ബിൽ പാസാക്കിയതിൽ കേന്ദ്രസർക്കാരിനെ സോനം വാങ്ചുക് അഭിനന്ദിച്ചിരുന്നു. ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ബിൽ എന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: PM Modi Welcomes Parliament Passage Of Exam Reform Bill In New Reel