

കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വീണിടത്ത് കിടന്നുരുളുന്നവര്‍ അവസരവാദികള്‍ ആണെങ്കില്‍ ബിജെപിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും എന്താണ് കേരളം വിളിക്കേണ്ടതെന്ന് വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലാണ് ശിവപ്രസാദിന്റെ പ്രതികരണം.
എംപിയായ ജെബി മേത്തര്‍ക്ക് രാജ്യസഭയില്‍ കിട്ടിയ മറുപടിയില്‍ എന്താണ് പിഎം ശ്രീ എന്നും എങ്ങനെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും നല്ല വൃത്തിയായി പറയുന്നുണ്ട്. ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെ അന്ന് പ്രതിപക്ഷം ആയിരുന്ന യുഡിഎഫ് നടത്തിയ എല്ലാ വ്യാജ പ്രചാരണങ്ങളും സ്വന്തം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയുടെ ഭാഗമായി പൊളിഞ്ഞടിയുകയാണെന്നും ശിവപ്രസാദ് കുറിച്ചു.
വി ഡി സതീശന്‍ - ആര്‍എസ്എസ് ഡീലിന് ചൂട്ട് പിടിക്കാന്‍ മുസ്ലിം ലീഗും ഇറങ്ങുന്നത് അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും ജനങ്ങളോട് ഇതിന് മറുപടി പറയേണ്ടിവരുമെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വീണിടത്ത് കിടന്നുരുളുന്നവര്‍ അവസരവാദികള്‍ ആണെങ്കില്‍ ബിജെപിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും എന്താണ് കേരളം വിളിക്കേണ്ടത്?
താഴെ പങ്കുവെക്കുന്നത് കോണ്‍ഗ്രസുകാരിയായ രാജ്യസഭാ എംപി ശ്രീമതി ജെബി മേത്തര്‍ക്ക് രാജ്യസഭയില്‍ കിട്ടിയ മറുപടിയാണ്. എന്താണ് പി. എം. ശ്രീ എന്നും, എങ്ങനെയാണ് പിഎം ശ്രീ നടപ്പിലാക്കുന്നതെന്നും നല്ല വൃത്തിയായി മറുപടിയില്‍ പറയുന്നുണ്ട്. പി എം ശ്രീ നടപ്പിലാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂളുകള്‍ തിരഞ്ഞെടുത്തു ലിസ്റ്റ് കേന്ദ്ര ഗവണ്‍മെന്റിന് കൈമാറണം. എന്നാല്‍ അങ്ങനെ ഒരു ലിസ്റ്റും ഇതുവരെ കേരളം കൈമാറിയിട്ടില്ല. മാത്രവുമല്ല എം. ഒ. യു. ഒപ്പിട്ടതിനു ശേഷം കേരളത്തിന് ലഭിച്ചത് SSK യുടെ കുടിശ്ശികയായിരുന്ന തുകയുടെ ഒരു ചെറിയ ഭാഗമാണെന്നും മറുപടിയില്‍ വിശദീകരിക്കുന്നു. ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെ അന്ന് പ്രതിപക്ഷം ആയിരുന്ന യുഡിഎഫ് നടത്തിയ എല്ലാ വ്യാജ പ്രചരണങ്ങളും സ്വന്തം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയുടെ ഭാഗമായി പൊളിഞ്ഞടിയുകയാണ്.
ആകസ്മികമെന്ന് പറയട്ടെ, അതേ ദിവസം തന്നെയാണ് പിഎം ശ്രീയുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കന്മാരുടെ പ്രഖ്യാപനം വരുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞ രാഷ്ട്രീയത്തെ മാത്രമല്ല മതനിരപേക്ഷ കേരളത്തെ കൂടിയാണ് പി എം ശ്രീ ക്കുവേണ്ടി സ്‌കൂളുകളുടെ ലിസ്റ്റ് കൈമാറാന്‍ തയ്യാറെടുക്കുന്നത് വഴി യുഡിഎഫ് സര്‍ക്കാര്‍ ഒറ്റു കൊടുക്കുന്നത്. വി. ഡി സതീശന്‍ - ആര്‍എസ്എസ് ഡീലിന് ചൂട്ട് പിടിക്കാന്‍ മുസ്ലിം ലീഗും ഇറങ്ങുന്നത് അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണ്. ജനങ്ങളോട് ഇതിന് ഇവര്‍ക്കു മറുപടി പറയേണ്ടിവരും
Content Highlights: pm shri education scheme sfi state president against kerala government decision