പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ പോരാട്ടം കടുക്കുന്നു; കുവൈറ്റിലുണ്ടായ ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും കുവൈറ്റ് സേന വ്യക്തമാക്കി

പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ പോരാട്ടം കടുക്കുന്നു; കുവൈറ്റിലുണ്ടായ ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു
dot image

വടക്കൻ കുവൈറ്റിൽ ചൈനീസ് കമ്പനി കെട്ടിടത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിയായ തൊഴിലാളി. കുവൈറ്റ് പ്രതിരോധ മന്ത്രാലയം സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ്-ഇറാൻ പോരാട്ടം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ശക്തമായി പടരുന്നതിന്റെ തെളിവാണ് കുവൈറ്റിലുണ്ടായ ഈ ജീവഹാനി. ഇതിനിടെ ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.

ഇറാനും അമേരിക്കയും തമ്മിൽ മിഡിൽ ഈസ്റ്റിൽ സൈനിക സംഘർഷം കടുക്കുന്നതിനിടയിലാണ് കുവൈറ്റിലെ ചൈനീസ് കേന്ദ്രത്തിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളി കൊല്ലപ്പെട്ടതായും വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ അടിയന്തര സേനകളും സർക്കാർ ഏജൻസികളും ചേർന്ന് പ്രദേശത്ത് സുരക്ഷാ മുൻകരുതലുകളും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും കുവൈറ്റ് സേന വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കുവൈറ്റിന് നേരെയുണ്ടായ ഈ കടന്നുകയറ്റത്തെ ജോർദാൻ, സൗദി, യുഎഇ എന്നീ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

കുവൈറ്റിലെ ആക്രമണത്തിന് പുറമെ മേഖലയിലുടനീളം സംഘർഷം വീണ്ടും വ്യാപിച്ചിരിക്കുകയാണ്. ജോർദാനിലെ യുഎസ് സൈനികർക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് മറുപടിയായാണ് തങ്ങൾ തിരിച്ചടിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ ഐആർജിസി കമാൻഡ് സെന്ററുകൾക്കും മിസൈൽ കേന്ദ്രങ്ങൾക്കും നേരെ നടന്ന വ്യോമാക്രമണത്തിൽ ഖെഷം ദ്വീപിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഐആർജിസിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു ഗൾഫ് മേഖലകളിലേക്കും ഭീതി പടരുകയാണ്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണമുണ്ടായി. ഈജിപ്തിലെ ഡാമിയേറ്റ തുറമുഖത്ത് അമേരിക്കൻ ഉടമസ്ഥതയിലുള്ള ഗ്യാസ് ടാങ്കറിന് നേരെയും ഡ്രോൺ ആക്രമണം നടന്നു. യെമനിലെ ഹൂതികൾ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.

സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണം ഭാഗികമായി തുടരുന്നതിനാൽ എണ്ണവില ബാരലിന് 89.78 ഡോളറായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ധനവില വർദ്ധനവ് കാരണം പ്രമുഖ വിമാനക്കമ്പനിയായ എയർ ഫ്രാൻസ്-കെഎൽഎമ്മിന്റെ അറ്റാദായത്തിൽ 71 ശതമാനം ഇടിവ് രേഖപ്പെടുത്തി. പാകിസ്താന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിൽ സാങ്കേതിക ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇരുപക്ഷവും ആക്രമണം കടുപ്പിച്ചത് പശ്ചിമേഷ്യയെ വൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Content Highlights: Tensions between the United States and Iran continue to escalate in West Asia. A Nepalese national was killed in the recent attack in Kuwait, highlighting growing concerns over the impact of the regional conflict on civilians and foreign workers.

dot image
To advertise here,contact us
dot image