'ബീഫ് വിളമ്പിയാല്‍ മുസ്‌ലിം ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താനാകില്ല'; SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ MSF

ആർഎസ്എസ്സിന്റെ വർഗീയ-ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് സി കെ നജാഫ്

'ബീഫ് വിളമ്പിയാല്‍ മുസ്‌ലിം ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താനാകില്ല'; SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ MSF
dot image

തിരുവനന്തപുരം: കേരള സ്റ്റോറി 2 സിനിമക്കെതിരായ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ്. ബീഫ് വിളമ്പിയാൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഒപ്പം നിർത്താനാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കിൽ കുറിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിദ്ധാരണ സിപിഐഎമ്മിന് ഇപ്പോഴുമുണ്ടോയെന്നും വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്, ആർഎസ്എസ്സിന്റെ വർഗീയ-ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും കുറിപ്പിൽ പറയുന്നു.

വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആർഎസ്എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല. കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവർ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കിൽ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആർഎസ്എസ്സ് അല്ലെന്നും കുറിപ്പിൽ പറയുന്നു.

ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാൻ നിർബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികൾ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കാറുമില്ല. ഗോമാംസം കഴിക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കിൽ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടണം. വെജിറ്റേറിയനായ സാത്വികരുണ്ടെങ്കിൽ അതും ബഹുമാനിക്കപ്പെടണം. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീർത്തും അരോചകമാണ്. വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ആർഎസ്എസ്സിന്റെ വർഗീയ -ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്‌ലിം വിശ്വാസിയാണെങ്കിൽ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിർബന്ധവും ഇല്ല. പക്ഷെ ഒരു പോർക്ക് ഫെസ്റ്റ് നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ട്, പരിഹാസവുമുണ്ട്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം. അല്ലാതെ വിശ്വാസികളെ മുഴുവൻ വർഗീയതയുടെ ആലയിൽ കൊണ്ടുപോയി കെട്ടരുതെന്നും നജാഫ് പറയുന്നു.

ഭരണകൂടം അനുവദിക്കുന്ന എത് സിനിമയും ഇവിടെ പ്രദർശിപ്പിക്കാം, അവാർഡും കൊടുക്കാം. അത് കൊണ്ട് ഇവിടെ ആരും തിയറ്റർ നിറക്കാൻ പോണില്ല. കേരള സ്റ്റോറി ഒരു മുസ്‌ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ല നാം ഒറ്റക്കെട്ടായി എതിർത്തത്. കേരളത്തിനെതിരെയുള്ള പ്രോപ്പഗണ്ട സിനിമയായത് കൊണ്ടാണ്. അതിന് ബീഫ് ഫെസ്റ്റ് നടത്തി പ്രധിരോധിക്കേണ്ട കാര്യമെന്തെന്ന് മനസിലാവുന്നില്ല. ഇത്തരം സമരാഭാസമല്ല വേണ്ടത്. ക്രിയാത്മകമായ പ്രതിരോധമാണ്. എനിക്ക് എന്റെ മതം, നിനക്ക് നിന്റെയും എന്നാണ് നജാഫ് കുറിപ്പിൽ പറയുന്നത്.

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ ഇന്നാണ് എസ്എഫ്‌ഐ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് ക്യാമ്പയിന്റെ ഭാഗമായി എസ്എഫ്‌ഐ പൊറോട്ടയും ബീഫും വിളമ്പുക. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്‌ഐ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ക്യാമ്പസുകളിലും പരിപാടി സംഘടിപ്പിക്കാനാണ് എസ്എഫ്‌ഐയുടെ നീക്കം.

Content Highlights: MSF opposes SFI's beef fest against Kerala Story 2 movie, MSF State General Secretary CK Najaf criticize SFI's move

dot image
To advertise here,contact us
dot image