

മലയാളി താരം സ്വാസിക തമിഴിലും മികച്ച സിനിമകളുടെ ഭാഗമാവുകയാണ്. സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. എന്നാൽ ഇപ്പോഴുള്ള സ്ഥാനത്തേക്ക് എത്താൻ സ്വാസിക കഠിന പരിശ്രമം നടത്തിയിരുന്നു. ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്ത് പറ്റിക്കപ്പെട്ടിരുന്നുവെന്ന് പറയുകയാണ് സ്വാസിക. ഡയറക്ടർ മുരുഗദോസിന്റെ കാണാനെന്ന് പറഞ്ഞു 1 ലക്ഷം തട്ടിയെന്നും സ്വാസിക പറഞ്ഞു. ജെഎഫ്ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'പതിനാറ്, പതിനേഴ് വയസ്സില്‍ തുടങ്ങിയതാണ് ഈ യാത്ര. ആ പ്രായത്തില്‍ ഇതെല്ലാം മനസ്സിലാക്കാനും അറിയാനുമുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ആദ്യത്തെ തമിഴ് സിനിമയുടെ ഓഡിഷന് പങ്കെടുത്തപ്പോള്‍ തന്നെ ഞാന്‍ സെലക്ടായി. അപ്പോള്‍ എനിക്ക് ഒരു വാവു ഫീല്‍ ആയിരുന്നു. ഇത്രയേയുള്ളോ, റിജക്ഷന്‍സ് ഒന്നുമില്ലല്ലോ, എല്ലാം സൂപ്പറായി പോകുന്നു എന്നായിരുന്നു എന്റെ ധാരണ. സിനിമ റിലീസ് ആവുകയും ചെയ്തു.

പക്ഷേ വലിയ രീതിയില്‍ അത് റീച്ചായില്ല, അത്രയധിരം റെക്കഗനേഷനും എനിക്ക് കിട്ടിയില്ല. അപ്പോഴാണ് എന്തോ ശരിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായത്. ആ പ്രായത്തില്‍ അത് എനിക്ക് വലിയ വിഷമം ആയിരുന്നു. കാരണം എന്റെ പഠനം പാതി വഴിയില്‍ ഇട്ടിട്ട്, എല്ലാവരോടും വഴക്കിട്ടാണ് ചെന്നൈയിലേക്ക് വന്നത്. എനിക്ക് വേണ്ടി അമ്മയും സംസാരിച്ചു. അച്ഛന് ഞാന്‍ അഭിനയിക്കുന്നതില്‍ അന്ന് താത്പര്യമില്ലായിരുന്നു.
തിരിച്ചു പോയാല്‍ എന്താവും എന്നറിയാതെ ദിവസവും രാത്രി ഇരുന്ന് കരഞ്ഞ കാലമായിരുന്നു അത്. ഡിപ്രഷന്‍ എന്നതിനപ്പുറം, ആ അവസ്ഥ എന്താണ് എന്ന് തിരിച്ചറിയാന്‍ പോലും പറ്റിയിരുന്നില്ല. അവസാനം കാണുന്ന ഓഡിഷന് എല്ലാം പോകാന്‍ തീരുമാനിച്ചു. പല മാനേജേഴ്‌സും ഞങ്ങലെ പറ്റിച്ചു, ഇന്ന സംവിധായകരെ കാണാം, അവിടെ പോകാം ഇവിടെ പോകാം എന്ന് പറഞ്ഞ് പല ഇടങ്ങളിലും കൂട്ടിക്കൊണ്ടു പോയി. മുരുഗദോസ് സാറിനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ചോദിച്ചു. 'അമ്മ അവിടെ വെച്ച് കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണഗമേ എല്ലാം ഊരി പണം സെറ്റാക്കി. ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ മാനേജര്‍ ഇല്ല, അവസാനം ആ ഹോട്ടല്‍ ബില്ലും ഞങ്ങള്‍ അടക്കേണ്ടി വന്നു.
തിരിച്ച് നാട്ടിലെത്തി സീരിയലുകളില്‍ ശ്രദ്ധിച്ചു. ചെറിയ ചെറിയ വേഷങ്ങള്‍ സിനിമകളില്‍ ചെയ്തു. സ്‌റ്റേജ് ഹോസ്റ്റ് ചെയ്തു, ആങ്കറിങ് ചെയ്തു, എന്റെ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു. അത് പതിനഞ്ച് വര്‍ഷത്തോളം നീണ്ടു നിന്നു.അവസാനം അത് സംഭവിച്ചു. ഇന്ന് വലിയൊരു സ്‌റ്റേജില്‍ എആര്‍ മുരുഗദാസ് സാറിനെ പോലൊരാള്‍ എന്റെ അഭിനയത്തെ പ്രശംസിക്കുമ്പോള്‍ ആ ഒരു സര്‍ക്കിള്‍ പൂര്‍ത്തിയായ ഫീലാണ് എനിക്ക്. അന്നാദ്യമായി ഞാന്‍ എന്നോട് തന്നെ താങ്ക്‌സ് പറഞ്ഞു, പരാജയപ്പെട്ട് പിന്നോട്ടു പോകാതെ കരുത്തോടെ മുന്നോട്ട് പോയതിന്. ദൈവം സഹായിച്ച് കാശ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ, മറ്റൊന്നും നഷ്ടപ്പെട്ടില്ല,' സ്വാസിക പറഞ്ഞു.
Content Highlights: Actress Swasika has opened up about the challenges she faced during her early acting career. She revealed that she lost money while attending auditions and said her family was initially not interested in her pursuing a career in films.