വീട്ടമ്മയുടെ വയറ്റിൽ സർജറി ഉപകരണം കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ ചെയ്തത് താനല്ലെന്ന് ഡോ. ലളിതാംബിക

സർക്കാർ ആശുപത്രികളിൽ സ്റ്റാഫിന്റെ കുറവുണ്ട്. അതുകൊണ്ട് തന്നെ ഓരോ ശസ്ത്രക്രിയക്കും മുൻപ് ഉപകരണങ്ങൾ ബോർഡിൽ എഴുതിവെക്കുക എന്ന കൃത്യമായ പ്രോട്ടോക്കൾ നടപ്പിലാക്കാനാകാറില്ലെന്നും ഡോ. ലളിതാംബിക

വീട്ടമ്മയുടെ വയറ്റിൽ സർജറി ഉപകരണം കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ ചെയ്തത് താനല്ലെന്ന് ഡോ. ലളിതാംബിക
dot image

ആലപ്പുഴ: പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഡോ. ലളിതാംബിക. താനല്ല ഓപ്പറേഷൻ ചെയ്ത് എന്നാണ് ഡോ. ലളിതാംബിക റിപ്പോർട്ടറിനോട് പ്രതികരിച്ചിരിക്കുന്നത്. എച്ച്ഒഡി ആയിരുന്നത് കൊണ്ടാകാം തന്റെ പേര് രോഗി പറയുന്നതെന്നും ഡോക്ടർ പറഞ്ഞു. 2021ൽ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ശസ്ത്രക്രിയക്ക് ഇടയാണ് വീട്ടമ്മയായ ഉഷ ജോസഫിന്റെ വയറ്റിൽ സർജറി ഉപകരണമായ മസ്‌കിറ്റോ (കത്രികയുടെ ആകൃതിയുള്ള വാസ്‌കുലാർ ഫോർസെപ്‌സ്) കുടുങ്ങിയത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എന്നാൽ അതിന്റെ ഉത്തരവാദി താനല്ലെന്നുമാണ് ഡോ. ലളിതാംബിക പറയുന്നത്. 'ഈ രോഗിയെ ഞാൻ ചികിത്സിച്ചിട്ടില്ല. ഓപ്പറേഷനും നടത്തിയിട്ടില്ല. ഞാൻ ആ സമയത്ത് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റും യൂണിറ്റ് ചീഫും ആയതുകൊണ്ട് രോഗി എന്റെ പേര് പറയുന്നതാകാം. ഇങ്ങനെയൊരു കാര്യം സംഭവിക്കാൻ പാടില്ല എന്നുള്ളത് ശരിയാണ്. പക്ഷെ ഞാനല്ല ആ ഓപ്പറേഷൻ ചെയ്തത്. ഇന്ന് കേസ് ഷീറ്റ് ഓപ്പൺ ചെയ്യുമല്ലോ അപ്പോൾ ആരാണ് ഈ ഓപ്പറേഷൻ ചെയ്തത് എന്ന് കൃത്യമായി അറിയാം.

2021 മെയ് 31 നാണ് ഞാൻ റിട്ടയർ ചെയ്യുന്നത്. സർജറി നടന്നത് തൊട്ടുമുൻപുള്ള ഡേറ്റിലാണല്ലോ. സാധാരണ സർജറികളാണെങ്കിൽ ഓർത്തുവെക്കണമെന്നില്ല, പക്ഷെ മൂന്നര കിലോയുള്ള ട്യൂമർ നീക്കം ചെയ്തിട്ടുണ്ടെങ്കിൽ അത് എനിക്ക് ഓർമ കാണും. അതുകൊണ്ട് ഞാൻ അല്ല ഓപ്പറേഷൻ ചെയ്തതെന്ന ഉറപ്പിച്ച് പറയാം. മാത്രമല്ല കൊവിഡിന്റെ രണ്ടാം വേവ് വന്ന സമയം ആയതുകൊണ്ട് ഞാൻ അതിന്റെ ചുമതലകളിലും ആയിരുന്നു.

Also Read:

സ്‌കാനിങ്ങ് റിപ്പോർട്ടുമായി മറ്റും ചിലർ കൺസൾട്ടേഷന് വീട്ടിലേക്ക് വരാറുണ്ട്. അങ്ങനെ ഇവർ വന്നിട്ടുണ്ടോ എന്ന് അറിയില്ല. അത് ഞാൻ കൃത്യമായി ഓർക്കുന്നില്ല. ചിലപ്പോൾ കൺസൾട്ട് ചെയ്തിരിക്കാം. ഓപ്പറേഷന് ഞാൻ ഒരു രോഗിയുടെ കയ്യിൽ നിന്നും പണം വാങ്ങാറില്ല. അത് ആരോട് ചോദിച്ചാലും അറിയാം. ഞാനാണ് ഓപ്പറേഷൻ ചെയ്തതെങ്കിൽ അവർ ഒരിക്കലെങ്കിലും പിന്നീട് വേദനയുമായി എന്റെ അടുത്ത് വരേണ്ടതല്ലേ. അത് ഒരിക്കലും ഉണ്ടായിട്ടില്ല.

എല്ലാത്തിനും ഡോക്ടർമാരെ എളുപ്പത്തിൽ കുറ്റം പറയാം. പക്ഷെ ഇതിനൊരു മറുവശം ഉണ്ട്. സർജറിയുടെ ഉപകരണങ്ങൾ ചെക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെ ഒരു സർക്കാർ ആശുപത്രിയിലും ഇല്ല. ഓരോ സർജറിയ്ക്കും രണ്ട് നഴ്‌സുമാർ സർജറിക്ക് വേണം, സ്‌ക്രബ് നഴ്‌സും ഫ്‌ളോർ നഴ്‌സും. ഫ്‌ളോർ നഴ്‌സ് ബോർഡിൽ ഓരോ സർജറിയ്ക്കും മുൻപ് എടുത്ത ഉപകരണങ്ങൾ എഴുതി വെക്കുകയാണ് വേണ്ടത്. എന്നാൽ അങ്ങനെ എഴുതിവെക്കാനുള്ള ബോർഡോ അതിനുള്ള സ്റ്റാഫോ സർക്കാർ ആശുപത്രികളില്ല.

Also Read:

സ്‌ക്രബ് നഴ്‌സ് ഉപകരണങ്ങളുടെ എണ്ണം ഓർമയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. നഴ്‌സ് ആറ് മസ്‌കിറ്റോ എടുത്തു എന്ന് പറഞ്ഞാൽ സർജറിയ്ക്ക് ശേഷം ആ എണ്ണം ഉപകരണങ്ങൾ അവിടെ ഉണ്ടായിരുന്നോ എന്നാണ് ഡോക്ടർക്ക് പരിശോധിച്ച് ഉറപ്പാക്കാനാവുക. നഴ്‌സിന് എന്തെങ്കിലും ഓർമപ്പിശക് സംഭവിച്ചാൽ ഡോക്ടർക്ക് ഒന്നും ചെയ്യാനാകില്ല.

ഒരു കാര്യം കൂടി, നിങ്ങൾ ഇതിനെ കത്രിക എന്ന് വിളിക്കരുത്. ഇത് വളരെ ചെറിയ ഒരു സർജറി എക്യുപ്‌മെന്റാണ്. മസ്‌കിറ്റോ എന്നാണ് ഇതിന്റെ പേര്. കത്രിക എന്ന് പറയുമ്പോൾ വലിയ ഉപകരണമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കും,' ഡോ. ലളിതാംബിക റിപ്പോർട്ടറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം എംആർഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. 2021 മെയ് അഞ്ചിനാണ് വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടന്നതെന്നും പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും ഉഷ ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞു.

Usha Joseph - medical negligence
ഉഷ ജോസഫ്

വണ്ടാനം മെഡിക്കൽ കോളേജിൽ ഇത് അറിയിച്ചപ്പോൾ ന്യൂറോളജിയിലെ ഡോക്ടർ ഇത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും ആരോടും പറയേണ്ട, ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞതായും ഉഷ വെളിപ്പെടുത്തി. 'ഒരുപാട് പണം ചികിത്സക്കായി ചെലവായി എന്നും മരുന്ന് വാങ്ങിയതിന് കണക്കില്ല എന്നും ഉഷ പറഞ്ഞു. ഇഷ്ടം പോലെ മരുന്ന് മേടിച്ചുകഴിച്ചിട്ടുണ്ട്. എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ പോലും ഗുളികകൾ കൊണ്ടുപോകണം. എനിക്ക് ഇനി മെഡിക്കൽ കോളേജിലേക്ക് പോകേണ്ട, പേടിയാണ്. ഞാൻ ഒരുപാട് വേദന തിന്നു. മൂത്രം പോകുമ്പോഴും, ജോലി ചെയ്യുമ്പോഴും കഠിനമായ അസ്വസ്ഥതയാണ് അനുഭവിച്ചത്,' ഉഷ പറഞ്ഞു.

Also Read:

ഉഷ ജോസഫിന് നീതി ലഭിക്കാനായി സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ് റിപ്പോർട്ടറിനോട് പറഞ്ഞു. അഞ്ച് വർഷമായി ജോലി ചെയ്യാൻ പോലും കഴിയാതെ ഉഷ വേദന അനുഭവിക്കുകയാണ്. അവർ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തോബിയാസ് പറഞ്ഞു.

Content Highlights : Dr. Lalithambika denies allegations that she performed the surgery on Usha Joseph, in whose stomach a surgical instrument was stuck for five years.

dot image
To advertise here,contact us
dot image