'സ്വർണക്കൊള്ള മറക്കാൻ അയ്യപ്പ സംഗമം നടത്തി, അത് മഹാകൊള്ളയായി; UDF നേതാക്കളെ പ്രതിയാക്കാൻ ശ്രമിച്ചാൽ നടക്കില്ല'

ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് കെ സി വേണുഗോപാല്‍

'സ്വർണക്കൊള്ള മറക്കാൻ അയ്യപ്പ സംഗമം നടത്തി, അത് മഹാകൊള്ളയായി; UDF നേതാക്കളെ പ്രതിയാക്കാൻ ശ്രമിച്ചാൽ നടക്കില്ല'
dot image

കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത. ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. നിലപാട് തിരുത്തണം എന്നത് കേരളത്തിന്റെ ആവശ്യമാണ് തിരുത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്തുണ്ടാകുമ്പോള്‍ വേറെ ഏതെങ്കിലും കള്ളന്മാരെ പിടിക്കാന്‍ ഇവര്‍ ശ്രമിച്ചിട്ട് കാര്യമുണ്ടോ. അവര്‍ ആരെ വേണമെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കട്ടെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള മറക്കാനാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയത്. അത് മഹാകൊള്ളയായി. സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കളെ പ്രതിയാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കാരണം യഥാര്‍ത്ഥ കള്ളന്മാര്‍ സിപിഐഎം നേതാക്കളാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക.

2019 ന് ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹര്‍ജികളില്‍ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും.

Content Highlight; AICC General Secretary K C Venugopal says the Left cannot move forward without changing its stance on the entry of women into Sabarimala.

dot image
To advertise here,contact us
dot image