തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏത് ആപ്പാണ് നല്ലത്?; IRCTC Rail Connect ആണോ RailOne ആണോ?

ട്രെയിന്‍ ടിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏത് ആപ്പാണ് നല്ലത്?; IRCTC Rail Connect ആണോ RailOne ആണോ?
booking train tickets
dot image

ട്രെയിന്‍ യാത്രയ്ക്കായി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ സീറ്റുകള്‍ തീരുന്നത് യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ബുക്ക് ചെയ്യാന്‍ ഏത് ആപ്പ് ഉപയോഗിച്ചാലാണ് കൂടുതല്‍ പ്രയോജനകരം എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും സംശയമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വര്‍ധിക്കാനായി ആപ്പ് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം കാര്യമില്ല എന്നതാണ്. മറ്റുപല കാര്യങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

IRCTC Rail Connect, RailOne ഈ ആപ്പുകള്‍ തമ്മില്‍ എന്താണ് വ്യത്യാസം?

IRCTC Rail Connect പ്രധാനമായും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്, ടിക്കറ്റ് റദ്ദാക്കല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഔദ്യോഗിക ആപ്പാണ്. നേരത്തെ മുതല്‍ ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലെ ബുക്കിങ് രീതി പരിചിതമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ RailOne ആപ്പില്‍ റിസര്‍വ് ടിക്കറ്റുകള്‍ക്കും ജനറല്‍ ടിക്കറ്റുകള്‍ക്കും പുറമെ ട്രെയിന്‍ വിവരങ്ങള്‍, പിഎന്‍ആര്‍ പരിശോധന തുടങ്ങിയ വിവിധ സേവനങ്ങളും ലഭ്യമാണ്. നിരവധി റെയില്‍വേ സേവനങ്ങള്‍ ഒരൊറ്റ ആപ്പില്‍ ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

booking train tickets

ഏത് ആപ്പിലാണ് തത്കാല്‍ ടിക്കറ്റ് വേഗത്തില്‍ ലഭിക്കുക?

IRCTC Rail Connect, RailOne എന്നീ ആപ്പുകള്‍ വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമായ സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ല. രണ്ട് ആപ്പുകളും ഒരേ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഒരു ആപ്പ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ല.RailOneന്റെ എളുപ്പത്തിലുള്ള ഇന്റര്‍ഫേസ് ചിലര്‍ക്ക് ബുക്കിങ് എളുപ്പമാക്കാം. അതേസമയം IRCTC Rail Connect പരിചിതമായവര്‍ക്ക് അതിലൂടെ തന്നെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതിനാല്‍ ഏത് ആപ്പാണ് വേഗതയേറിയതെന്ന് എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ രീതിയില്‍ ഉറപ്പിച്ചുപറയാനാകില്ല.

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നേരത്തെ ലോഗിന്‍ ചെയ്യുക

ബുക്കിങ് സമയം ആരംഭിച്ചശേഷം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഒഴിവാക്കുക. അക്കൗണ്ട് വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കുക.

യാത്രക്കാരുടെ വിവരങ്ങള്‍ തയ്യാറാക്കുക

പേര്, പ്രായം, യാത്രാ വിവരങ്ങള്‍ എന്നിവ നേരത്തെ ക്രമീകരിച്ചുവയ്ക്കുന്നത് ബുക്കിങ് സമയത്തെ താമസം കുറയ്ക്കും.

ആധാര്‍ പരിശോധന പൂര്‍ത്തിയാക്കുക

ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിങ്ങിന് ആധാര്‍ സ്ഥിരീകരിച്ച അക്കൗണ്ട് ആവശ്യമാണ്. ആവശ്യമായിടത്ത് ഒടിപി പരിശോധനയും പൂര്‍ത്തിയാക്കണം.

പണമടയ്ക്കാനുള്ള സംവിധാനം തയ്യാറാക്കുക

യുപിഐ പോലുള്ള പേയ്മെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പണമടയ്ക്കുന്നതിനിടെ ഉണ്ടാകുന്ന താമസവും ബുക്കിങ്ങിനെ ബാധിക്കാം.

ഇന്റര്‍നെറ്റ് കണക്ഷന്‍ പരിശോധിക്കുക

സ്ഥിരതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുക. ബുക്കിങ് ആരംഭിക്കുന്ന സമയത്ത് ആപ്പുകള്‍ മാറിമാറി തുറക്കുന്നതും അനാവശ്യമായി പേജുകള്‍ തുറക്കുന്നതും ഒഴിവാക്കുക.

booking train tickets

തത്കാല്‍ ബുക്കിങ് സമയം എപ്പോള്‍?

സാധാരണയായി ട്രെയിന്‍ പുറപ്പെടുന്ന ദിവസത്തിന് തൊട്ടുമുമ്പുള്ള ദിവസം തത്കാല്‍ ബുക്കിങ് ആരംഭിക്കും. എസി ക്ലാസുകള്‍ക്ക് രാവിലെ 10 മണിക്കും നോണ്‍ എസി ക്ലാസുകള്‍ക്ക് രാവിലെ 11 മണിക്കും ബുക്കിങ് തുടങ്ങും. യാത്രയ്ക്ക് വേണ്ടിയുള്ള പുറപ്പെടല്‍ സ്റ്റേഷനും മറ്റ് ബാധകമായ നിയമങ്ങളും അനുസരിച്ച് വിവരങ്ങള്‍ പരിശോധിക്കണം.

ഏത് ആപ്പ് തിരഞ്ഞെടുക്കണം?

പല റെയില്‍വേ സേവനങ്ങളും ഒരുമിച്ച് ഉപയോഗിക്കണമെങ്കില്‍ RailOne സൗകര്യപ്രദമായ തിരഞ്ഞെടുപ്പാണ്. എന്നാല്‍ IRCTC Rail Connect ഉപയോഗിച്ച് പരിചയമുള്ളവര്‍ക്ക് അതില്‍ തുടരാം. തത്കാല്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത നിര്‍ണയിക്കുന്നത് ആപ്പ് മാത്രം അല്ല മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പ്, വേഗത്തിലുള്ള വിവരങ്ങള്‍ നല്‍കല്‍, പേയ്മെന്റ് പൂര്‍ത്തിയാക്കല്‍ എന്നിവയും പ്രധാനമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സീറ്റുകളുടെ ലഭ്യതയും ബുക്കിങ് സമയത്തെ തിരക്കും അനുസരിച്ചായിരിക്കും ടിക്കറ്റ് ലഭിക്കുക എന്ന കാര്യം എപ്പോഴും മനസിലുണ്ടായിരിക്കണം.

Content Highlights :Many people are unsure about which app is most beneficial to use for booking train tickets

dot image
To advertise here,contact us
dot image