

പത്തനംതിട്ട : ശബരിമലയിലെ കൊടിമരം മാറ്റുന്നതിൻ്റെ മറവിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ്, തന്ത്രി കണ്ഠരര് രാജീവരരുമായി ചേർന്ന് താഴികക്കുടങ്ങളും മാറ്റിയതിൽ വൻ ദുരൂഹത. പുതിയ കൊടിമരം സ്ഥാപിക്കുമ്പോൾ ആറ് താഴികക്കുടങ്ങൾക്ക് തിളക്കം കുറയുമെന്ന് പറഞ്ഞാണ് എഎസ്പി കുറുപ്പ് സ്വർണം പൂശിയ പഴയ താഴികക്കുടങ്ങൾ മാറ്റിയത്. കൊടിമരം മാറ്റി സ്ഥാപിക്കാൻ മേൽ നോട്ട ചുമതല ഉണ്ടായിരുന്ന മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പാണ് അനധികൃതമായി താഴികക്കുടങ്ങൾ മാറ്റി അതിൽ നിന്ന് സ്വർണം വേർത്തിരിച്ച് എടുത്തത് വീണ്ടും സ്വർണം പൂശിയത്.
എഎസ്പി കുറുപ്പിൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് താഴികക്കുടം മാറ്റിയത്. വീണ്ടും സ്വർണം പൂശാൻ 600 ഗ്രാം ദേവസ്വം ബോർഡ് നൽകിയെങ്കിലും 200 ഗ്രാം കൂടി ആവശ്യപ്പെട്ടു. അത് നൽകാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് പഴയ താഴികക്കുടത്തിലെ സ്വർണം ഉരുക്കിയെടുത്തത്. എന്നാൽ ആദ്യം പറഞ്ഞത് 60 ഗ്രാം കിട്ടിയെന്നാണ്. യഥാർത്ഥത്തിൽ ഈ താഴികക്കുടങ്ങളിൽ എത്ര സ്വർണം ഉണ്ടെന്ന് വ്യക്തതയില്ല. എഎസ്പി കുറുപ്പിൻ്റെ നേത്യത്വത്തിൽ 20ഓളം കൊടിമരങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.
ശബരിമല ശ്രീകോവിലിന്റെ മുകളിൽ ഒമ്പത് താഴികക്കുടങ്ങളാണ് ഉള്ളത്. മുഖ മണ്ഡപത്തിൽ ആറ് എണ്ണവും ശബരിമല ശ്രീകോവലിൻ്റെ മുകളിൽ മൂന്ന് താഴികക്കുടങ്ങളുമാണ് ഉള്ളത്. മുഖ മണ്ഡപത്തിലെ താഴികക്കുടങ്ങൾ സ്വർണം പൂശിയതാണ്. ശ്രീകോവലിൻ്റെ താഴികക്കുടങ്ങൾ ക്ലാഡ് ചെയ്തതാണെന്നും അഖില ഭാരതീയ അയ്യപ്പധര്‍മ പ്രചാരസഭ ദേശീയ ജനറല്‍ സെക്രട്ടറി മധുമണിമല റിപ്പോർട്ടറിനോട് പറഞ്ഞു.
പുതിയ കൊടിമരം സ്ഥാപിക്കുമ്പോൾ മുഖമണ്ഡപത്തിലെ താഴികക്കുടങ്ങൾക്ക് തിളക്കം മങ്ങിയെന്ന് പറഞ്ഞാണ് ആറ് എണ്ണം അയിച്ചുമാറ്റിയതെന്നും മധുമണിമല റിപ്പോർട്ടറിനോട് പറഞ്ഞു. ആരും അറിയാതെയാണ് ശബരിമല ശ്രീകോവലിലെ താഴിക്കക്കുടങ്ങൾ അഴിച്ചുമാറ്റിയത്. ആരാണ് അഴിച്ചുമാറ്റിയതെന്ന് അറിയില്ല. 2017 മെയ് മാസത്തിൽ ശബരിമലയിൽ എത്തിയപ്പോളാണ് ഇത് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മാസത്തിലാണ് കൊടിമര പ്രതിഷ്ഠ നടന്നത്. അതിന് തൊട്ടടുത്ത മാസത്തിലാണ് ഇത് നടന്നതെന്നും അദ്ദേഹം പറയുന്നു.
തന്ത്രിയോട് ചോദിച്ചപ്പോൾ പുതിയ കൊടിമരം സ്ഥാപിക്കുമ്പോൾ കൊടിമരത്തിനോട് മാച്ച് ചെയ്യുന്നതിനായി മുൻ അഡ്വക്കേറ്റ് കമ്മീഷണർ പറഞ്ഞിട്ടാണ് താഴികക്കുടങ്ങൾ പമ്പയിലേക്ക് കൊണ്ടുപോയതെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. 2017 ലെ മാസികയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അത് എസ്ഐടി നൽകിയിട്ടുണ്ട്. എഎസ്പി കുറുപ്പ് കോടതി നിർദ്ദേശിക്കാത്ത പലതും ചെയ്തിട്ടുണ്ട്. രസീത് നൽകാതെ പലരിൽ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ശബരിമലയിലെ അയ്യപ്പനെ വഞ്ചിക്കുകയാണ് ചെയ്തതെന്നും മധു മണിമല ആരോപിക്കുന്നു.
അതേസമയം കൊടിമരക്കൊള്ളയിൽ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട് . ഡിവൈഎസ്പി ഹരി സിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിൽ ദക്ഷിണ മേഖലാ എസ്പി മേൽനോട്ടം വഹിക്കും. മൂന്ന് വിജിലൻസ് യൂണിറ്റുകളുടെ ഇൻസ്‌പെക്ടർമാരും സംഘത്തിലുണ്ട്. ആകെ നാലംഗ സംഘം അന്വേഷിക്കും. ഡിഐജി തോംസൺ ജോസിന് അന്വേഷണത്തിന്റെ പൂർണ മേൽനോട്ടവും എസ്പി മഹേഷ് കുമാർ നേരിട്ടുള്ള മേൽനോട്ടം നിർവഹിക്കും.
Content Highlight : Serious suspicion over replacement of temple spire covers along with flag mast at Sabarimala. former Advocate Commissioner ASP Kurup allegedly acted in collusion with Tantri Kandararu Rajeevaru