

പത്തനംതിട്ട: ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് മാരാമണ്‍ കണ്‍വന്‍ഷനെ ഒഴിവാക്കി. കോഴഞ്ചേരി,തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്. ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്. സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ സി രാജഗോപാലവാണ് ഇക്കാര്യം അറിയിച്ചത്.
മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് എത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
131–ാം മാരാമണ്‍ കണ്‍വന്‍ഷന് പത്തനംതിട്ടയിൽ ഞായറാഴ്‌ച തുടക്കമായിരുന്നു. പമ്പാ നദിയുടെ തീരത്താണ് മാരാമണ്‍ കണ്‍വന്‍ഷൻ നടക്കുന്നത്. എട്ടുദിവസം കൺവൻഷൻ നീളും. ഞായറാഴ്ച മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
അതേസമയം ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക് നടക്കുക. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.
രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക മോർച്ചയും, മഹിളാ-യുവജന- വിദ്യാർത്ഥി സംഘടനകളും, പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കേരളത്തിൽ വിവിധ തൊഴിൽ മേഖലകളായ പരമ്പരാഗത-കശുവണ്ടി-കയർ-കൈത്തറി-മത്സ്യബന്ധനവും-വിപണനവും-സംസ്ഥാനത്തെ വാണിജ്യ-വ്യാപാര-സ്ഥാപനങ്ങളിലും, കട കമ്പോളങ്ങളിൽ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ,സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, സ്‌കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികൾ 24 മണിക്കൂർ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും.
Content Highlight : Maramon Convention has been exempted from the national strike to be held on February 12. Kozhencherry and Thottapuzhassery panchayats have been exempted from the strike.