'വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന സൈബർ ആൾക്കൂട്ടം കാര്യമറിയാതെ വിമർശിക്കുന്നു'; മറുപടിയുമായി സച്ചിദാനന്ദൻ

വാക്കുകളിലെ പൊരുൾ ആരും മനസിലാക്കിയില്ലെന്നും താൻ നടത്തിയ സാമൂഹിക ഇടപെടലുകൾ എടുത്തുപറഞ്ഞ് സച്ചിദാനന്ദൻ വിമർശിച്ചു

'വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന സൈബർ ആൾക്കൂട്ടം കാര്യമറിയാതെ വിമർശിക്കുന്നു'; മറുപടിയുമായി സച്ചിദാനന്ദൻ
dot image

കൊച്ചി: തുടർഭരണം വേണ്ട എന്ന പ്രസ്താനയ്ക്ക് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കവി കെ സച്ചിദാനന്ദൻ. വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന സൈബർ ആൾക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്നും പറയാൻ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമർശനമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ജനാധിപത്യം എങ്ങനെ മരിക്കുന്നുവെന്ന് മാർക്സിസ്റ്റ് ചിന്തകൻ ജാക് റാൻസിയർ എഴുതിയിരുന്നു. ആ ചിന്തകളാണ് താൻ പറഞ്ഞത്. കാണപ്പെടാത്തവരെ കാണണം, കേൾക്കപ്പെടാത്തവരുടെ ശബ്ദമാകണം എന്നാണ് മാർക്സിസം. വാക്കുകളിലെ പൊരുൾ ആരും മനസിലാക്കിയില്ലെന്നും താൻ നടത്തിയ സാമൂഹിക ഇടപെടലുകൾ എടുത്തുപറഞ്ഞ് സച്ചിദാനന്ദൻ വിമർശിച്ചു. ഉപരി മധ്യ വർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാർക്സിസത്തിന് ചേർന്നതല്ല എന്നും ന്യൂനപക്ഷങ്ങൾ, ദരിദ്രർ, തൊഴിലാളികൾ തുടങ്ങിയവരെ പരിഗണിക്കുന്നതാണ് മാർക്സിസം നിലനിൽക്കാനുള്ള മാർഗമെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജാക്ക് റാൻസിയർ എന്ന സമകാലിക മാർക്സിസ്റ്റ് ചിന്തകനെ നിങ്ങളിൽ എത്ര പേർ വായിച്ചിട്ടുണ്ട്, അല്ലെങ്കിൽ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നെനിക്ക് അറിയില്ല. ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരായ പ്രതിവിധിയായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന സബ്‌ആൾട്ടേൺ ജനാധിപത്യത്തിന്റെ ദർശനം എന്നെ നിരന്തരം ആകർഷിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ഒന്നാണ്. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ വായിച്ച ഹാർട്ട്, നെഗ്രി, അഗാംബൻ, സിജെക് എന്നിവരുടെയും മറ്റ് ചിന്തകരുടെയും ആശയപരമായ പ്രാധാന്യം ഞാൻ നിഷേധിക്കുന്നില്ല. അതുപോലെ തന്നെ ലെനിനിസവും സ്റ്റാലിനിസവും ക്ഷയിച്ചതിന് പിന്നാലെയും ഗ്രാംഷിയും റോസ ലക്സംബർഗും പോലുള്ള പഴയ ചിന്തകരും വീണ്ടും പ്രസക്തരാകുകയാണ്.

അദ്ദേഹം ജനാധിപത്യത്തെ നിർവചിക്കുന്നത്, കാണാത്തവരെ കാണിക്കുകയും കേൾക്കാത്തവരുടെ ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയായാണ്. ഇന്നത്തെ സാഹചര്യത്തിൽ മാർക്സിസത്തിന് പ്രവർത്തിക്കാൻ കഴിയുന്ന ഏക മാർഗം ദരിദ്രർ, തൊഴിലാളികൾ, കർഷകർ, മത-ജാതി-ലിംഗ ന്യൂനപക്ഷങ്ങൾ എന്നിവരെ ശക്തിപ്പെടുത്തുന്നതിനിലൂടെയാണ്. അല്ലാതെ ദരിദ്രരെ കൂടുതൽ ദരിദ്രമാക്കുകയും ഇതിനകം തന്നെ അരികുവൽക്കരിക്കപ്പെട്ടവരെ കൂടുതൽ അരികുവൽക്കരിക്കുകയും ചെയ്യുന്ന വികസന മാതൃകകളിലൂടെയോ ഉപരി മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്നതിലൂടെയോ അല്ല.

അദ്ദേഹത്തിന്റെ “ഹെട്രഡ് ഓഫ് ഡെമോക്രസി” എന്ന മഹത്തായ കൃതിയെയും, താഴെ കാണിച്ചിരിക്കുന്ന രണ്ട് പ്രധാന ചിന്തകർ ചേർന്ന് രചിച്ച “ഹൗ ഡെമോക്രസീസ് ഡൈ” എന്ന പുസ്തകത്തെയുംകുറിച്ചാണ് ഞാൻ പറഞ്ഞത്. ജനാധിപത്യപരമായ ബദലുകളുടെ ആവശ്യം, ഏകാധിപത്യ പ്രവണതകളുടെ ഭീഷണി എന്നിവ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആ കൃതികൾ.

എന്നാൽ സൈബർ ലോകത്തിലെ ഈ മൂഢസ്വർഗ്ഗത്തിൽ ജീവിക്കുന്ന ചിലർ ഞാൻ പറഞ്ഞതിന്റെ അർത്ഥം പോലും മനസ്സിലാക്കാൻ ശ്രമിച്ചില്ല. സൈബർ ലോകത്തെ വാക്കുതർക്കങ്ങളിൽ ഞാൻ പറഞ്ഞതിന്റെ ഉദ്ദേശം മുഴുവനായി നഷ്ടപ്പെട്ടു. ഇവിടെ പ്രതികരിച്ചവർ എന്റെ കൃതികൾ വായിച്ചിട്ടില്ല; തൊഴിലാളികളും ആദിവാസികളും നടത്തിയ പ്രധാന സമരങ്ങളിൽ ഞാൻ പങ്കെടുത്തതും, അടിയന്തരാവസ്ഥക്കാലത്ത് രണ്ടുതവണ ചോദ്യം ചെയ്യലിന് വിധേയനായതും, 1985 മുതൽ ഫാസിസത്തിന്റെ ക്രമേണയുള്ള വരവിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതും, ഡൽഹിയിൽ കർഷകരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സമരങ്ങളിൽ പങ്കെടുത്തതും, കൽബുർഗി കൊല്ലപ്പെട്ടപ്പോൾ സാഹിത്യ അക്കാദമിയിൽ നിന്നു രാജിവെച്ചതും, വർഷങ്ങളായി ഫാസിസത്തിനെതിരെ നിലകൊണ്ടതും ഇന്നും അത് തുടരുന്നതുമൊന്നും ഇവർ അറിയുന്നില്ല.

എന്റെ ജീവിതത്തിൽ പദവി, പുരസ്കാരം, അംഗീകാരം എന്നിവയ്ക്കായി ഒരിക്കലും ഞാൻ ആരോടും അപേക്ഷിച്ചിട്ടില്ല. എന്നിരുന്നാലും, സ്വന്തം കഴിവിലൂടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നത സാഹിത്യ പുരസ്കാരങ്ങളും ആറു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കേരളത്തിൽ മാത്രം ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ, അതും അഞ്ച് വിഭാഗങ്ങളിലായി സാഹിത്യ അക്കാദമി അവാർഡുകളും അതിന്റെ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികൾ കൈക്കൊണ്ട ആത്മഹത്യാപരമായ സമീപനങ്ങളെക്കുറിച്ച് അറിയാത്തതുപോലെ നിൽക്കുന്ന ആളുകളോട് ഇതെല്ലാം പറയേണ്ടിവരുന്നതിൽ എനിക്ക് ലജ്ജയുണ്ട്. നിങ്ങളെല്ലാവരും ഒരുമിച്ചുനിന്നാലും ഭരണഘടനാ പരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയില്ല.

കേരളത്തിൽ തുടർഭരണം വേണ്ട എന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

കോൺഗ്രസ് ആണ് പത്ത് വർഷം ഭരിച്ചതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഇൻഡ്യ സഖ്യം ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വരുമ്പോൾ ബിജെപി ചിലപ്പോൾ പ്രതിപക്ഷമാകും, പിന്നീട് ഭരണം ലഭിച്ചേക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. മധ്യ, ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങളാണ് പാർട്ടി സാധിച്ചുകൊടുക്കുന്നത്. സമുദായ സംഘടനകളുമായുള്ള ഐക്യപ്രകടനവും ആരായാലും ചെയ്യാൻ പാടില്ല. ഗുരുവിന്റെ തത്വങ്ങൾക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാൾ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല ആർക്കും അംഗീകരിക്കാൻ കഴിയില്ല എന്നും സച്ചിദാനന്ദൻ പറഞ്ഞു. അത്തരത്തിലുള്ള സന്ധികൾ പാർട്ടികളെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടർച്ചയാണ് എന്നും അതിന് പകരം വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടാകുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ന്യൂനപക്ഷം വളരെ അപകടത്തിലായിരിക്കുന്ന കാലത്ത് അവരുടെയൊപ്പം കമ്മ്യൂണിസ്റ്റുകൾ നിൽക്കുക എന്നത് പ്രധാനമാണ്. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകൾ പ്രതീക്ഷിച്ച് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകരുത്. ഇതെല്ലാം തിരുത്താനുള്ള അവസരം ലഭിക്കണമെങ്കിൽ പ്രതിപക്ഷത്തിരിക്കണമെന്നുമാണ് സച്ചിദാനന്ദൻ വ്യക്തമാക്കിയത്.

നിരവധി സിപിഐഎം നേതാക്കൾ സച്ചിദാനന്ദന്റെ വിമർശനത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. വിമർശനങ്ങളെ അവസരങ്ങളായി കാണുന്നുവെന്നാണ് തോമസ് ഐസക് പറഞ്ഞത്. തുടർഭരണത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്തിട്ടുണ്ട്. പല ഘട്ടങ്ങളിലായി പാർട്ടി ഇത് പരിശോധിക്കുന്നുമുണ്ട്. വ്യക്തിപരമായ പെരുമാറ്റ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിൽ പരിഹരിക്കും.ഇത്തരം പ്രവണതകളിൽ പാർട്ടി ജാഗ്രത പുലർത്തുന്നുമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നതിനർത്ഥം യുഡിഎഫിന് ജയിക്കാൻ അവസരം ഒരുക്കുന്നു എന്നതല്ല എന്നും വിമർശനങ്ങളെ അവസരങ്ങളായിട്ടാണ് കാണുന്നതെന്നും തോമസ് ഐസക്ക് പ്രതികരിച്ചത്.

സച്ചിദാന്ദന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ രംഗത്തുവന്നിരുന്നു. സച്ചിദാനന്ദന്റെ അഭിപ്രായമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അണികൾക്കും ജനങ്ങൾക്കുമെന്നും വികസനം തുടരണം എന്നതാണ് എല്ലാവരുടേയും അഭിപ്രായം എന്നുമാണ് ശൈലജ പറഞ്ഞത്. എന്നാൽ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്നും നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്.

Content Highlights: Poet K. Satchidanandan has responded to the criticism that followed his remarks against the continuation of the CPI(M) government. In a Facebook post, he said the cyber crowd living in a “virtual fools’ paradise” was criticising him without understanding the depth of what he intended to convey

dot image
To advertise here,contact us
dot image