

കാസര്‍കോട്: വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങള്‍ സമൂഹം തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. ഉമര്‍ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ പി സൈദാലി മുസ്‌ലിയാര്‍ മാമ്പുഴ പിന്താങ്ങി.
മതത്തിന്റെയും പാരമ്പര്യ മൂല്യങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് കേവലം ലൗകിക സുഖങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മാത്രം മുന്‍ഗണന നല്‍കുന്ന പുത്തന്‍ ജീവിതവീക്ഷണങ്ങള്‍ സമൂഹത്തില്‍ പടരുന്നത് ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.
ദൈവികമായ നിയമങ്ങളെയും കുടുംബ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് 'എന്റെ ശരി ഞാന്‍ തീരുമാനിക്കും' എന്ന വ്യാജേന നാസ്തികതയും ലിബറലിസവും നമ്മുടെ യുവതലമുറയുടെ ചിന്തകളെ മലിനമാക്കാന്‍ ശ്രമിക്കുകയാണ്. ആധുനികതയുടെ പേരില്‍ ധാര്‍മ്മികത കൈവെടിയുന്ന ഇത്തരം ചിന്താഗതികള്‍ ആത്യന്തികമായി വ്യക്തിയെ ഒറ്റപ്പെടുത്തുന്നതിലേക്കും സാമൂഹിക തകര്‍ച്ചയിലേക്കും നയിക്കുമെന്നും പ്രമേയത്തിലുണ്ട്.
യുക്തിവാദത്തിന്റെയും കപടശാസ്ത്ര സ്നേഹത്തിന്റെയും മറവില്‍ വിശ്വാസത്തെയും വിശ്വാസികളെയും പരിഹസിക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം ബൗദ്ധികമായും ആദര്‍ശപരമായും പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി സഹൃദയ സമൂഹങ്ങളെല്ലാം ഒരുമയോട് മുന്നോട്ട് വരണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെടുന്നു.
Content Highlights: Samastha Conference Resolution Against Individualistic, Atheistic Worldviews