വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് എട്ട് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്

വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി
dot image

പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് എട്ട് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ 20 പ്രതികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഡിസംബര്‍ 18നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ചത്തീഡ്ഗഡ് സ്വദേശിയായ രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണ്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.

ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണ്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണിന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാംനാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഛത്തീസ്ഗഡ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു.

Content Highlight : Court grants conditional bail to eight accused arrested in Walayar mob lynching.The investigation team had found that there were 20 accused in the case.

dot image
To advertise here,contact us
dot image