

കൊച്ചി: എംറ്റി സ്പേസ് (eMpTy sPaCe) ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തിൻ്റെ പശ്ചാത്തലത്തിൽ ദീദി ദാമോദരനെ വിമർശിച്ച് എൻ പി ആഷ്‌ലി. പുസ്തകനിരൂപണം എന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധ്യാപകനും എഴുത്തുകാരനുമായ എൻ പി ആഷ്‌ലി ദീദി ദാമോരനെ വിമർശിച്ചിരിക്കുന്നത്. നഷ്ടബോധങ്ങൾ എന്ന പ്രമീള നായരുടെ നോവൽ പന്ത്രണ്ട് ലക്കങ്ങൾ കഴിഞ്ഞപ്പോൾ നിർത്തിയതിനെക്കുറിച്ച് പുസ്കത്തിൽ പറയുന്ന വിവരങ്ങളെ എൻ പി ആഷ്‌ലി തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രമീള നായരുടെ നോവലിന്റെ പ്രസിദ്ധീകരണം നിർത്തണമെന്ന് എം ടി പറഞ്ഞിട്ടേയില്ല എന്ന് പുസ്തകത്തിൽ നിന്ന് തന്നെ വ്യക്തമാണെന്ന് ആഷ്‌ലി ചൂണ്ടിക്കാണിക്കുന്നു. എം ടി മലയാള നാടിന്റെ ഉടമ എസ് കെ നായർക്ക് എഴുതിയ കത്തിൻ്റെ ഉള്ളടക്കം അതേ പടി ഉദ്ധരിച്ചാണ് ആഷ്‌ലി ഈ വാദം ഉന്നയിച്ചിരിക്കുന്നത്. 'പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന നോവൽ വഴിയിൽ വെച്ച് മുടക്കിയത് തീർച്ചയായും നീതികേടാണ്. എം ടി യെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള തന്റേടമില്ലാത്തവർ ചെയ്ത തെറ്റുകളെ എം ടി യുടെ തലയിൽ വെക്കുന്നത് എന്തിനാണ്?' എന്നും ആഷ്‌ലി ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നുണ്ട്.
പ്രമീള ടീച്ചറെ പരിഗണിക്കാതെ പോയവർ എന്ന നിലയിൽ വ്യക്തമായ തെളിവുകളോ ബോധ്യങ്ങളോ ഇല്ലാതെയാണ് പുസ്തകത്തിൽ പലരെയും പ്രതിക്കൂട്ടിൽ നിർത്തുന്നതെന്ന വിമർശനവും എൻ പി ആഷ്‌ലി മുന്നോട്ട് വെയ്ക്കുന്നു. പ്രമീള നായർ എന്ന എഴുത്തുകാരിയെപ്പറ്റി പുതിയതായൊന്നും പറഞ്ഞു തരുന്നില്ല എന്നതാണ് പുസ്തകത്തിൻ്റെ ആദ്യത്തെ പരിമിതി എന്ന വിമർശനവും എൻ പി ആഷ്‌ലി ഉന്നയിക്കുന്നുണ്ട്. '1999 നവംബർ 11 ലെ മാതൃഭൂമി ദിനപത്രത്തിൽ അവർ മരിച്ചപ്പോൾ വന്ന വാർത്ത പുസ്തകത്തിൽ എടുത്തു ചേർത്തിട്ടുണ്ട് (പേജ് 19-20). അതിലുള്ളതിൽ കൂടുതലായൊന്നും എഴുത്തുകാരി എന്ന നിലക്കുള്ള അവരുടെ ജീവിതത്തെക്കുറിച്ചു ദീദിയുടെ മുഴുവൻ പുസ്തകഭാഗവും വായിച്ചിട്ടും കിട്ടുന്നി'ല്ലെന്നും ആഷ്‌ലി കുറ്റുപ്പെടുത്തി.
'നിന്ദിതവും ചൂഷിതവുമായ സ്ത്രീ ജന്മങ്ങൾ, സാഹിത്യത്തിലെ ഒഴിവാക്കലുകൾ, പുരുഷന്മാരുടെ അധീശത്വം ഇവയെല്ലാം വെല്ലുവിളിക്കപ്പെടേണ്ടതും തിരുത്തേണ്ടതും മാറേണ്ടതുമാണ്. ആ നാട്യങ്ങളോടെ വരുന്നുവെങ്കിലും ഈ പുസ്തകം സ്ത്രീവാദത്തെ, അതിന്റെ മഹത്തായ ചരിത്രത്തെ, ഗംഭീരമായ സൂക്ഷ്മരാഷ്ട്രീയ ശേഷിയെ വൈകാരിക രീതിയിൽ സ്വലക്ഷ്യങ്ങൾക്കായി അധീനപ്പെടുത്തുകയാണ്' എന്നാണ് ആഷ്‌ലി ഉന്നയിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിമർശനം. മിത്ത് രൂപീകരണ പ്രക്രിയയിലെ ഇര മാത്രമായി ദീദി ദാമോദരന്റെ എഴുത്തിൽ പ്രമീള നായർ ചുരുങ്ങിപ്പോവുന്നുവെന്നും കുറിപ്പിൽ ആഷ്‌ലി കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പോൾ അവർ ഉണ്ടാക്കിയ ഫ്രെയിം അപ്പാടെ തള്ളിക്കളഞ്ഞു വേണ്ടി വരും നാം പ്രമീള നായരെ സമീപിക്കാനും സാഹിത്യ ചരിത്രത്തിൽ സ്ഥാനപ്പെടുത്താനും എന്ന് പുസ്തകം അതിന്റെ വിടവുകളിലൂടെ, വൈരുധ്യങ്ങളിലൂടെ, ഇല്ലായ്മകളിലൂടെ സമർത്ഥിക്കുന്നുവെന്നും എൻ പി ആഷ്‌ലി വിശദീകരിച്ചു.
ദീദി ദാമോദരൻ എഴുതിയ ഭാഗങ്ങൾ മാത്രമാണ് കുറിപ്പിന് ആധാരമെന്ന് ആഷ്‌ലി വ്യക്തമാക്കുന്നുണ്ട്. 'ഈ പുസ്തകം പേര് കൊണ്ട് തോന്നാനിടയുള്ള വിധം ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയതല്ല. രണ്ടു പേരുടെയും എഴുത്തുകൾ ചേർത്ത് വെച്ച ഒരു പുസ്തകമാണ്. എച്ച്മുക്കുട്ടിയുടെ ഭാഗം ഞാൻ വായിച്ചിട്ടില്ല. അതിനാൽ ആ ഭാഗത്തെപ്പറ്റി ഈ കുറിപ്പിൽ പരാമർശിക്കുന്നില്ല' എന്നാണ് ആഷ്‌ലി കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എംറ്റി സ്പെയ്സ് എന്ന മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ തലക്കെട്ട് തന്നെ ആയിരുന്നു ആദ്യത്തെ ആശയക്കുഴപ്പം എന്നും ആഷ്‌ലി വ്യക്തമാക്കുന്നുണ്ട്. പ്രമീള നായരുടെ കഥ എന്ത് കൊണ്ട് അവരുടെ മുൻഭർത്താവിന്റെ ചട്ടക്കൂട്ടിൽ കൊണ്ട് വെക്കണം? സെൻസേഷനലിസം എന്ന പതിവ് ദൗർബല്യം മാത്രമാവട്ടെ എന്ന് ആഗ്രഹിച്ചുവെന്നും ആഷ്‌ലി കുറിച്ചു..
മരണശേഷം പ്രവഹിച്ച വാഴ്ത്തുപാട്ടുകളിൽ ഏറ്റവും അധിക്ഷേപിക്കപ്പെട്ട ആളാണ് പ്രമീള ടീച്ചർ എന്ന് പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നതിനെയും എൻ പി ആഷ്‌ലി വിമർശിക്കുന്നുണ്ട്. ആര് ഏത് 'വാഴ്ത്തുപാട്ടി"ലാണ് പ്രമീള ടീച്ചറെ അധിക്ഷേപിച്ചു എഴുതിയതെന്നു പറയാനുള്ള ഉത്തരവാദിത്വം എഴുത്തുകാരിക്കുണ്ടെന്നാണ് ആഷ്‌ലി പറയുന്നത്. അങ്ങിനെ ഒന്ന് പോലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മറ്റുള്ളവർ ചെയ്തു എന്ന് അവരെ കുറ്റം പറഞ്ഞു ഇങ്ങനെയൊക്കെ എഴുതുമ്പോൾ എന്തെങ്കിലും തെളിവുകൾ നൽകുക വായനക്കാരോട് കാണിക്കേണ്ട ഉത്തരവാദിത്വമാണെന്നും ആഷ്‌ലി ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുസ്തകനിരൂപണം
ദീദി ദാമോദരന്റെ
എംറ്റി സ്പേസ് (eMpTy sPaCe)
ബാഷ്‌പീകൃതയുടെ ആറാം വിരൽ
എൻ പി ആഷ്‌ലി
മലയാളത്തിൽ നല്ല ജീവചരിത്രങ്ങളുടെ ഒരു സംസ്കാരം ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എഴുത്തുകാരെ വൈയക്തികവും സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവുമായി സ്ഥാനപ്പെടുത്തുന്ന ജീവചരിത്രങ്ങൾ എഴുത്തുകാർ മരിച്ചു മാസങ്ങൾക്കകം ഇറങ്ങുന്ന രീതി പടിഞ്ഞാറൻ നാടുകളിൽ ഉണ്ട്. സ്തുതിവാക്കുകൾക്കോ വൈകാരികറദ്ദാക്കലുകൾക്കോ അപ്പുറം പോവേണ്ട ഇത്തരം എഴുതുന്നുണ്ടാവുന്നില്ല എന്ന പരാതിക്കു പരിഹാരമാവുമോ "എംറ്റി സ്പേസ് (eMpTy sPaCe) ബാഷ്‌പീകൃതയുടെ ആറാം വിരൽ" എന്ന ആലോചനയോടെയാണ് ദീദി ദാമോദരന്റെ പുസ്തകം വായിക്കാനെടുത്തത്.
(ഈ പുസ്തകം പേര് കൊണ്ട് തോന്നാനിടയുള്ള വിധം ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയതല്ല. രണ്ടു പേരുടെയും എഴുത്തുകൾ ചേർത്ത് വെച്ച ഒരു പുസ്തകമാണ്. എച്ച്മുക്കുട്ടിയുടെ ഭാഗം ഞാൻ വായിച്ചിട്ടില്ല. അതിനാൽ ആ ഭാഗത്തെപ്പറ്റി ഈ കുറിപ്പിൽ പരാമർശിക്കുന്നില്ല)
പ്രമീള നായരുടെ പേര് ഞാൻ ആദ്യമായി കാണുന്നത് 1994-1997 നു ഇടക്കെപ്പോഴോ ഉള്ള കാലത്ത് മഹിളാചന്ദ്രികയിൽ അവർ അമേരിക്കൻ ജീവിതത്തെപ്പറ്റി എഴുതിയ ഒന്നോ രണ്ടോ കുറിപ്പുകളിലാണ് (അതൊരു പംക്തി ആയിരുന്നോ എന്നോര്മയില്ല). ഇവർ എം ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയാണെന്ന് സ്കൂളിലോ പ്രീ ഡിഗ്രീക്കോ പഠിക്കുന്ന കാലത്തു തന്നെ മനസ്സിലാക്കിയിരുന്നു. അവരെപ്പറ്റി ഒരു പുസ്തകം എന്നതിന്റെ ഉത്സാഹവും മനസ്സിൽ ഉണ്ടായിരുന്നു.
1970 കൾ മുതൽ പടിഞ്ഞാറൻ സ്ത്രീവാദം, പ്രത്യേകിച്ച് അമേരിക്കൻ സ്ത്രീവാദം (എലൈൻ ഷോവാൾട്ടർ, സാന്ദ്ര ഗിൽബർ, സൂസൻ ഗുബാർ, ആൻ കെ മെല്ലർ) തുടങ്ങിയവരുടെ ഗംഭീരമായ ഉൾക്കാഴ്ചയും നിശിതമായ രാഷ്ട്രീയബോധവും ആരാധനയോടെ വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക് കേരളം പോലെ മുച്ചൂടും പുരുഷാധിപത്യപരമായ ഒരു പൊതു മണ്ഡലത്തിൽ ഇത്തരത്തിലൊരു പുസ്തകം ഒരു പുതിയ ആലോചന തുറക്കാൻ കാരണമാവാനും സാധ്യതയുണ്ട് എന്ന് കേട്ടപ്പോൾ തോന്നി.
ആദ്യത്തെ ആശയക്കുഴപ്പം എംറ്റി സ്പെയ്സ് എന്ന മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ തലക്കെട്ട് തന്നെ ആയിരുന്നു. പ്രമീള നായരുടെ കഥ എന്ത് കൊണ്ട് അവരുടെ മുൻഭർത്താവിന്റെ ചട്ടക്കൂട്ടിൽ കൊണ്ട് വെക്കണം? സെൻസേഷനലിസം എന്ന പതിവ് ദൗർബല്യം മാത്രമാവട്ടെ എന്ന് ആഗ്രഹിച്ചു.
120 പേജുള്ള തൃശൂരിലെ ബുക്ക് വേം എന്ന പ്രസാധകർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് ആമുഖവും ഉപസംഹാരവും അനുബന്ധമായി ചേർത്ത പ്രസിദ്ധീകരിക്കാതെ പോയ ഒരു ലേഖനവും ഒഴിവാക്കിയാൽ 7 അധ്യായങ്ങളാണുള്ളത്. പുസ്തകത്തിന്റെ അവസാനത്തെ പാരഗ്രാഫിൽ ദീദി എഴുതുന്നു:
" ആമുഖത്തിൽ പറഞ്ഞത് പോലെ, ഇതൊരു പ്രമീള നായർ ജീവചരിത്രമല്ല. പുസ്തകം എഴുതിത്തീരുമ്പോൾ എനിക്ക് മനസ്സിലാകുന്നത്, തിരിച്ചു പ്രമീള ടീച്ചർ എന്റെ ജീവിതത്തെ എങ്ങിനെയൊക്കെ എഴുതി എന്നാണ്. അത്രമേൽ കൂടിപ്പിണഞ്ഞു കിടക്കുന്നു ജീവിതങ്ങൾ...." (പേജ് 120) അപ്പറഞ്ഞത് സത്യമാണ്. ഇത് പ്രമീള നായരെപ്പറ്റിയുള്ള പുസ്തകമാണോ ദീദി ദാമോദരന്റെ ആത്മകഥയാണോ അവരുടെ പിതാവ് ടി ദാമോദരന്റെ ജീവചരിത്രത്തിലെ ഭാഗങ്ങൾ ആണോ ഡോ. കെ. ശ്രീകുമാർ എഴുതിയ എം ടി ജീവചരിത്രത്തിന്റെ വിമര്ശനമാണോ എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്ത വിധം "കൂടിപ്പിണഞ്ഞു കിടക്കുന്നു" എഴുത്ത്.
പൊതുവും സ്വകാര്യവും വിഷയവും എഴുത്തുകാരിയും കഥയും സംഭവവും പരസ്പരം കലർന്ന് പോവുന്ന അവതരണം ഇന്ന് ഒരു കുറവല്ല; ഒരു സാധ്യത തന്നെയാണ്. എന്നാൽ വിവരശേഖരണത്തിലെ സൂക്ഷ്മതക്കോ ആലോചനയുടെ ജാഗ്രതക്കോ എഴുത്തിന്റെ ഏകാഗ്രതക്കോ വായനക്കാരോടുള്ള ഉത്തരവാദിത്വത്തിനോ അത് പകരമായിക്കൂടാ.
ഈ പുസ്തകത്തിന്റെ ആദ്യത്തെ പരിമിതി ഈ പുസ്തകം പ്രമീള നായർ എന്ന എഴുത്തുകാരിയെപ്പറ്റി പുതിയതായൊന്നും പറഞ്ഞു തരുന്നില്ല എന്നതാണ്. 1999 നവംബർ 11 ലെ മാതൃഭൂമി ദിനപത്രത്തിൽ അവർ മരിച്ചപ്പോൾ വന്ന വാർത്ത പുസ്തകത്തിൽ എടുത്തു ചേർത്തിട്ടുണ്ട് (പേജ് 19-20). അതിലുള്ളതിൽ കൂടുതലായൊന്നും എഴുത്തുകാരി എന്ന നിലക്കുള്ള അവരുടെ ജീവിതത്തെക്കുറിച്ചു ദീദിയുടെ മുഴുവൻ പുസ്തകഭാഗവും വായിച്ചിട്ടും കിട്ടുന്നില്ല.
മഹിളാചന്ദ്രികയിലെ ദീദി ലേഖനങ്ങൾ കണ്ടിട്ട് പോലുമില്ല എന്നത് കൗതുകമായി തോന്നി. ഒരു സ്കൂൾ/പ്ലസ് ടു വിദ്യാർത്ഥിയായ സാമാന്യ വായനക്കാരന്റെ കൈയിൽ എത്തിപ്പെട്ട ലേഖനങ്ങൾ പോലും കണ്ടെത്താത്ത ഗവേഷണാന്വേഷണം തികച്ചും ദുര്ബലമല്ലേ എന്നാണു എന്റെ സംശയം.
തന്റെ അമ്മ വഴിയും വലിയാന്റി വിലാസിനി ടീച്ചർ വഴിയും വളരെ അടുത്ത് പ്രമീള ടീച്ചറെ അറിയുമായിരുന്നു എന്ന് പറയുന്ന ദീദി എം ടി യെ ഒഴിവാക്കിയാൽ എത്ര കുറച്ചേ പ്രമീളാ നായർ എന്ന വ്യക്തിയെപ്പറ്റി പറയുന്നുള്ളു എന്നതും അമ്പരപ്പിക്കുന്നതാണ്. അവരുടെ ജീവിത സംഭവങ്ങൾ ദീദിക്കെഴുത്തുകയും ചെയ്യാമായിരുന്നു.
( പ്രമീള ടീച്ചറും എം ടിയുമായുള്ള വിവാഹം നടന്നത് പലയിടത്തും ഇന്ന് രേഖപ്പെടുത്തും പോലെ 1966 ലായിരിക്കില്ലെന്നും 1961-1962 കാലത്താവാമെന്നും എം ടി യുടെ മൂത്ത മകൾ സിതാരയുടെ പത്താം ക്ലാസ്സിലെ ക്ലാസ് ഫോട്ടോ ഉപയോഗിച്ച് പറയുന്നത് മാത്രമാണ് വസ്തുതാപരമായ പുതുമ തോന്നിയ ഒരേ ഒരു കാര്യം).
"മരണശേഷം പ്രവഹിച്ച വാഴ്തുപാട്ടുകളിൽ ഏറ്റവും അധിക്ഷേപിക്കപ്പെട്ട ആളാണ് പ്രമീള ടീച്ചർ" എന്ന് ആമുഖത്തിൽ എഴുതിക്കാണുന്നു (പേജ് 6). ആര് ഏതു 'വാഴ്ത്തുപാട്ടി"ലാണ് പ്രമീള ടീച്ചറെ അധിക്ഷേപിച്ചു എഴുതിയതെന്നു പറയാനുള്ള ഉത്തരവാദിത്വം എഴുത്തുകാരിക്കുണ്ട്. അങ്ങിനെ ഒന്ന് പോലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മറ്റുള്ളവർ ചെയ്തു എന്ന് അവരെ കുറ്റം പറഞ്ഞു ഇങ്ങനെയൊക്കെ എഴുതുമ്പോൾ എന്തെങ്കിലും തെളിവുകൾ നൽകുക വായനക്കാരോട് കാണിക്കേണ്ട ഉത്തരവാദിത്വമാണ്.
ഒറ്റക്കേൾവിക്കു തോന്നുംപോലെയോ തലക്കെട്ടിലെ ദ്വിഭാഷാ-ദ്വയാർത്ഥപ്രയോഗം ഭാവിക്കുന്ന പോലെയോ എം ടി വാസുദേവൻ നായരല്ല ഈ പുസ്തകത്തിലെ ഏക പ്രതി. പ്രമീള നായർ മരിച്ചപ്പോൾ അതൊരു ഒറ്റക്കോളം വാർത്തയാക്കി ചുരുക്കിയ മാതൃഭൂമിയുടെ റെസിഡന്റ് എഡിറ്റർ വി രാജഗോപാൽ, ഭാഷാപോഷിണിക്ക് അയച്ച ഒരു കത്തിൽ നിന്ന് പ്രമീള ടീച്ചറുടെ പേര് വെട്ടിക്കളഞ്ഞ അന്നത്തെ എഡിറ്റർ കെ. സി. നാരായണൻ, ഫോട്ടോസ് കൈവശമുണ്ടായിട്ടും കൊടുക്കാത്ത നീന ബാലന്റെ മകൻ അനീഷ് കുമാറും പുനലൂർ രാജനും, പ്രമീള ടീച്ചറെപ്പറ്റി എഴുതിയതിനാൽ തന്റെ ലേഖനം പ്രസിദ്ധീകരിക്കാതിരിക്കുകയും തന്നെ "സംഘടിത" എഡിറ്റോറിയൽ ബോര്ഡില് നിന്ന് നിർബന്ധിത അവധി എടുപ്പിക്കുകയും ചെയ്ത സാറാ ജോസഫ്, അജിത എന്നിവർ, പേര് പറയാത്ത സഹപാഠി കവയിത്രി, മലയാള നാടിന്റെ എസ് കെ നായരും വി ബി സി നായരും, പ്രമീള നായരെ പരിഗണിക്കാത്ത "ആസ്ഥാന നിരൂപകരും...സാഹിത്യ അക്കാഡമികളും" ("നമ്മുടെ ഹൃസ്വദൃഷ്ടികൾ പണിത അവരുടെ "HALL OF FAME" കളിൽ ആ പേരിൽ ഒരു ചിത്രം പോലുമില്ല"- പേജ് 7).
കെ സി നാരായണന്റെ കത്തും സംഘടിതയിൽ കൊടുക്കാത്ത ലേഖനവും പുസ്തകത്തിൽ ഉള്ളത് കൊണ്ട് അത് നമുക്ക് വായിക്കാം.
ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച എസ് ജയചന്ദ്രൻ നായരുമായുള്ള അഭിമുഖത്തിൽ ടി ദാമോദരനെപ്പറ്റി പറഞ്ഞ ഭാഗങ്ങൾ മാറ്റാമെന്നും "എന്നാൽ ജയചന്ദ്രൻ നായരുടെ ലേഖനത്തിൽ പരാമർശിക്കാത്ത കാര്യങ്ങളാണ് എം ടിയും പ്രമീള നായരും തമ്മിലുള്ള ബന്ധവും മറ്റും. അതിനാൽ ആ ഭാഗം വരുന്ന ഖണ്ഡികകൾ ഈ മറുപടിയിൽ പ്രസക്തമാണെന്ന് തോന്നുന്നില്ല" (പേജ് 98-99) എന്ന് കെ സി നാരായണൻ 2013 ആഗസ്തിൽ എഴുതിയതിൽ എന്താണ് തെറ്റ് എന്ന് എനിക്ക് മനസ്സിലായില്ല.
അത് പോലെ, 2014 ൽ "സംഘടിത" പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച ലേഖനത്തിന്റെ ഒരു നല്ല ഭാഗം അന്വേഷിയുടെയും സംഘടിതയുടെയും പരിപാടികൾക്ക് എം ടി യെ വിളിക്കുന്നതിൽ സാറാ ജോസേഫിനോടും അജിതയോടുമുള്ള എതിർപ്പാണ്: " സാറ ടീച്ചർക്കും അജിതേച്ചിക്കുമൊക്കെ അത്തരം ചടങ്ങുകളിൽ ഭൂമി മലയാളത്തിലെ സകല ആണിടങ്ങളിലും സ്വന്തം മേൽവിലാസമുള്ള സാഹിത്യ കുലപതി എം ടി വാസുദേവൻ നായരെ പങ്കെടുപ്പിച്ചേ പറ്റൂ" ( പേജ് 111). അതവർ പ്രസിദ്ധീകരിക്കാത്തത് പ്രമീളാ നായരെ ബാഷ്പീകരിക്കാനാണ് എന്നൊക്കെ പറയുന്നത് കുറച്ചു കടന്ന കൈയായാണ് എനിക്ക് തോന്നുന്നത്. മാത്രവുമല്ല, പരിപാടികൾക്ക് ഇവർ വിളിച്ചാൽ മാത്രം പോരല്ലോ. എം ടി പോവുകയും വേണ്ടേ?
ഇനി "നഷ്ടബോധങ്ങൾ" എന്ന 1978 ൽ എഴുതിയ നോവൽ പന്ത്രണ്ടു ലക്കങ്ങൾ കഴിഞ്ഞപ്പോൾ നിർത്തിയതിനെപ്പറ്റി താഴെപ്പറയുന്ന കാര്യങ്ങൾ പുസ്തകത്തിൽ നിന്ന് വ്യക്തമാണ്.
വി ബി സി നായർ എഴുതുന്നു: "കോഴിക്കോട്ടെ ഒരു സായാഹ്നപത്രമാണ് പ്രമീളാ നായരുടെ പംക്തിയെപ്പറ്റി മാനസിക കലാപങ്ങൾ ഉണ്ടാക്കാൻ പാകത്തിൽ വാർത്തകൾ പ്രസിദ്ധീകരിച്ചതെന്ന സത്യം രാമദാസ വൈദ്യരിൽ നിന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്" (ദീദിയുടെ ഉദ്ധരണി, പേജ് 63).
"നഷ്ടബോധങ്ങൾ" എന്ന നോവൽ എം ടിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെപ്പറ്റിയാണെന്ന ഒരു ന്യൂസ് പടരുന്നുണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇതിനോടാണ് എം ടി പ്രതികരിക്കുന്നത്.
ആ നോവലിന്റെ പ്രസിദ്ധീകരണം നിർത്തണമെന്ന് എം ടി പറഞ്ഞിട്ടേയില്ല എന്ന് പുസ്തകത്തിൽ നിന്ന് തന്നെ വ്യക്തമാണ്. എം ടി മലയാള നാടിന്റെ ഉടമ എസ് കെ നായർക്ക് കത്തെഴുതി എന്നാണല്ലോ പറയുന്നത്. ആ കത്ത് മുഴുവനായി ഒന്ന് വായിച്ചു നോക്കാം:
24-07-1978
My dear S. K.,
വളരെ പേർസണൽ ആയ ഒരു കാര്യമാണ് എഴുതുന്നത്.
വി ബി സി ഇവിടെ വന്നപ്പോൾ കണ്ടിരുന്നു. വി ബി സി പോയ ശേഷം ചില സുഹൃത്തുക്കൾ വന്നു പറഞ്ഞു, എന്റെ ആദ്യ ഭാര്യയെക്കൊണ്ട് തകർന്ന വിവാഹത്തിന്റെ കഥ എഴുതിക്കാൻ താങ്കൾ വി ബി സി യെ അയച്ചതാണെന്ന്. കേട്ടു കേൾവിയാണ്. വെറും കേട്ട് കേൾവിയാണെങ്കിൽ മറന്നേക്കൂ.
കുറെ ചെളി വാരിയെറിയലിനു ഞാൻ നിന്ന് കൊടുത്തിട്ടുണ്ട്. ഇനിയും അത് തുടരുകയാണോ? അതിൽ എസ് കെ യും വി ബി സിയുമൊക്കെ മുൻകൈയെടുക്കുന്നുവെന്നോ? എസ് കെ ക്കു സഹായം ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ശരി, പക്ഷെ ഒരു ദോഷവും ചെയ്തിട്ടില്ലല്ലോ എന്നോർത്തുപോയി. കൂടുതൽ എഴുതുന്നില്ല.
സ്വന്തം
എം ടി
ഈ കത്ത് ഉദ്ധരിച്ചു എങ്ങിനെയാണ് എം ടി "നഷ്ടബോധങ്ങളുടെ" പ്രസിദ്ധീകരണം നിർത്തിച്ചു എന്ന് പറയുക? "അതൊരു നോവലാണ്. താങ്കളുടെ ജീവിതമായി അത് വായിക്കേണ്ടതില്ല. ഞങ്ങളാരും പറഞ്ഞു എഴുതിക്കുന്നതുമല്ല. എഴുതിക്കിട്ടിയപ്പോൾ നോവൽ എന്ന നിലക്ക് കൊള്ളാം എന്ന് തോന്നിയതുകൊണ്ട് കൊടുത്തു. ആ തീരുമാനത്തിൽ ഞങ്ങൾ നിൽക്കാൻ തീരുമാനിക്കുന്നു" എന്ന് പറഞ്ഞൊരു മറുപടിയിൽ അനുചിതമായി ഒന്നുമില്ല. എം ടി യുടെ കത്തിൽ ഭീഷണിയോ നിർബന്ധമോ ഇല്ല. എം ടി യെ വിഷമിപ്പിക്കണ്ട എന്ന് ഒരു പത്രമുടമ വിചാരിച്ചു. അതിനു പത്രാധിപർ കൂട്ട് നിന്നു. പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന നോവൽ വഴിയിൽ വെച്ച് മുടക്കിയത് തീർച്ചയായും നീതികേടാണ്. എം ടി യെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള തന്റേടമില്ലാത്തവർ ചെയ്ത തെറ്റുകളെ എം ടി യുടെ തലയിൽ വെക്കുന്നത് എന്തിനാണ്?
എം ടിയെപ്പറ്റി പുസ്തകത്തിൽ ആവർത്തിക്കുന്ന ഒരു ആക്ഷേപം പ്രമേഹം മൂർച്ഛിച്ചു മരിക്കാൻ കിടക്കുമ്പോഴും അവസാനമായി ഒന്ന് കാണാൻ ആഗ്രഹമുണ്ടെന്ന് പലരും വഴി അറിയിച്ചെങ്കിലും (മകൾ സിതാര, ടി ദാമോദരൻ- ഒപ്പം ദീദിയും പ്രേംചന്ദും-, എം ടിയുടെ സന്തത സഹചാരിയായിരുന്ന ഡോ. എം എം ബഷീർ എന്നിവർ ഈ ആഗ്രഹം എം ടി യോട് അറിയിച്ചതായി പുസ്തകത്തിൽ നിന്ന് വായിക്കാം) എം ടി പോകാൻ കൂട്ടാക്കിയില്ല എന്നതാണ്. എഴുത്തുകാരി പറയുമ്പോലെ അത്ര മോശമായി തന്നോട് പെരുമാറുകയും ബാഷ്പീകരിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിൽ അത്ര നീചനായ ഒരാളെ കാണാൻ അവർ ഇത്രയും കഷ്ടപ്പെടുന്നതെന്തിന്? ഇവിടെ ആദ്യഭാഗത്തു വിവാഹത്തെയും വിവാഹമോചനത്തെയും പറഞ്ഞതൊന്നും യോജിക്കുന്നില്ല. പ്രമീളാ നായർ അങ്ങിനെ ഒരു ആവശ്യം പറഞ്ഞാലും അത് ചെയ്യരുത് എന്ന് ദീദിക്ക് പറയാമായിരുന്നല്ലോ. പറയാതിരുന്നത് ഒരു ബന്ധത്തിലെ കോംപ്ലക്‌സിറ്റീസ് മനസ്സിലാക്കിക്കൊണ്ടാവണം. അതിനെ ഞാൻ മാനിക്കുന്നു. പക്ഷെ സംഭവത്തെ ഇപ്പോൾ അവതരിപ്പിക്കുന്ന രീതിയെ മാനിക്കാൻ പറ്റുകയുമില്ല.
ചില വാക്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: "പ്രമീളാനായരെക്കുറിച്ചു ഞാനെപ്പോൾ പറഞ്ഞു തുടങ്ങിയാലും അച്ഛൻ, ടി ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങൾ' എന്ന നാടകത്തിന്റെ ക്ളൈമാക്സ് അച്ഛനെക്കൊണ്ട് തന്നെ മാറ്റി എഴുതിപ്പിച്ച ശേഷം അത് "നിര്മാല്യ'ത്തിന്റെ ക്‌ളൈമാക്‌സ് ആക്കി മാറ്റിയതിനു കണക്കു പറയുകയാണെന്ന് പറഞ്ഞു പലരും ചുരുക്കിക്കെട്ടാറുണ്ട്" ( പേജ് 10). ഈ വാദത്തിന്റെ രണ്ടാം ഭാഗത്തിൽ വേണമെങ്കിൽ ദീദിയെ മുഖവിലക്കെടുക്കാം. പക്ഷെ നിർമാല്യം ക്ളൈമാക്സ് കഥ ഒരു കഥ മാത്രമാണ്, സത്യം നമുക്കാർക്കും അറിയില്ല. അതിനെ വസ്തുതയാക്കി അവതരിപ്പിക്കാൻ ദീദി ശ്രമിക്കരുതായിരുന്നു.
പോകെപ്പോകെ ഈ ബാഷ്പീകരണസിദ്ധാന്തം തന്നെ അത്രയൊന്നും convincing അല്ല എന്ന് പറയട്ടെ. "പ്രമീളാ നായരുടെ രചനകൾ ഒന്നും തന്നെ ഇപ്പോൾ കമ്പോളത്തിൽ ലഭ്യമല്ല. അവരുടെ ഇംഗ്ലീഷ് പരിഭാഷകൾ മുഴുവനും കാലത്തിലേക്ക് അപ്രത്യക്ഷമായി". (പേജ് 15). ഇംഗ്ലീഷ് പബ്ലിഷിംഗ് രംഗത്ത് എം ടി ക്കു എന്ത് സ്വാധീനം ഉണ്ടെന്നാണ് പറഞ്ഞു വരുന്നത്? അവർ കുറേക്കാലം അമേരിക്കയിൽ ആയിരുന്നു എന്ന് പുസ്തകത്തിലുണ്ട് (എത്ര കാലം എന്ന് പുസ്തകത്തിൽ നിന്ന് മനസ്സിലായില്ല). അമേരിക്കയിൽ അവരെ എഴുതുന്നതിൽ നിന്നോ പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ അവരെ എം ടി ക്കു കഴിയുമായിരുന്നോ കഴിയുമായിരുന്നോ? അവരുടെ സാഹിത്യരംഗത്തെ അസാന്നിധ്യം അടിച്ചേല്പിക്കപ്പെട്ടതാണ് എന്ന് അവർ പറഞ്ഞതായി ദീദിയും എവിടെയും പറയുന്നില്ല.
"നഷ്ടബോധങ്ങൾ" 1981ൽ പ്രസിദ്ധീകരിച്ചത് അന്നത്തെ കോഴിക്കോട്ടെ അറിയപ്പെടുന്ന പ്രസാധകരിൽ ഒന്നായ അൽ ഹുദാ ബുക്ക് സ്റ്റാൾ ആണ്. 1921 എന്ന 1988 ലിറങ്ങിയ സിനിമയുടെ സ്ക്രിപ്റ്റ് subtitle ആവശ്യത്തിന് വേണ്ടി പരിഭാഷപ്പെടുത്തിയത് പ്രമീള നായരാണ്. "ഗൗതമി എന്ന പെൺകുട്ടി" 1992 ൽ പ്രസിദ്ധീകരിച്ച പൂർണ പബ്ലിക്കേഷൻസ് കോഴിക്കോട്ടെ ഏറ്റവും വലിയ ബുക്ക് ഷോപ്പിന്റെ ഉടമകളാണ്. അത് കഴിഞ്ഞു 7 വർഷമേ അവർ നിർഭാഗ്യവശാൽ ജീവിച്ചിരുന്നുള്ളു.
കുറച്ചു കഷ്ടപ്പെട്ടാൽ പ്രമീളാ നായരുടെ സമ്പൂർണ കൃതികൾ ഇപ്പോഴും പുറത്തു കൊണ്ട് വരാവുന്നതേയുള്ളു. അതിനു മുൻഭർത്താവിനു ചുറ്റും അവരെക്കെട്ടിയിടുന്ന ഈ നീക്കത്തിന്റെ തീർത്തും പ്രയോജനരഹിതവും ഉപദ്രവപരവും മാത്രമായ വഴി തീർത്തും ഉപേക്ഷിക്കണം.
ദീദി എഴുതുന്നു: "അയുക്തികൾ കൊണ്ട് പണി തീർത്ത ഇഷ്ടവിഗ്രഹമില്ലാതെ നില നിൽക്കാനാവില്ലെന്ന നിലയിലായി നമ്മുടെ കാര്യങ്ങൾ. അതാരെങ്കിലും തൊട്ടു കളിച്ചാൽ നമുക്ക് സഹിക്കില്ല. എന്ത് ചെയ്യാനും നാം തയാറാകും. കൊല്ലാൻ പോലും മടിക്കില്ല". (പേജ് 7). ഏതു എം ടി വാസുദേവൻ നായരെപ്പറ്റിയാണ് ഈ പറയുന്നതെന്നാണ് ഞാൻ ആലോചിക്കുന്നത്! ടി പദ്മനാഭൻ ജീവിക്കുന്നത് തന്നെ എം ടി യോടുള്ള വിപരീതഭക്തി കൊണ്ടാണ് എന്ന് സി ആർ പരമേശ്വരൻ പറഞ്ഞപോലെ ആർക്കും തോന്നും. രണ്ടാമൂഴത്തെ നിശിതമായി വിമർശിച്ചു കൽപ്പറ്റ നാരായണനും ഒരു വടക്കൻ വീരഗാഥയെ വിമർശിച്ചു രാഘവൻ പയ്യനാടും എഴുതിയ ലേഖനങ്ങൾ മുപ്പതു കൊല്ലമെങ്കിലും മുമ്പാണ്. എം ടി യുടെ സിനിമകളും എഴുത്തും പല തരം വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. ഒരാൾ 93 വര്ഷം ജീവിക്കുകയും സാഹിത്യം, സിനിമ, പത്രപ്രവർത്തനം, സാംസ്കാരിക സ്ഥാപന സംസ്ഥാപനം എന്നിങ്ങനെ പല മേഖലകളിൽ സജീവമാവുകയും ഒരു പാട് പേരെ ആ രംഗത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോൾ ആളുകൾക്ക് ഉള്ള ഇഷ്ടം ബഹുമാനമായി മാറും. അങ്ങിനത്തെ ആളുകളെ വേദനിപ്പിക്കാൻ പ്രയാസം തോന്നും. അതൊരു മനുഷ്യൻ ഉണ്ടാക്കി എടുക്കുന്ന ഗുഡ് വിൽ ആണ്. ഉദാഹരണത്തിന് മമ്മൂട്ടി ഒരു വേദിയിൽ പറഞ്ഞിട്ടുണ്ട് "എനിക്ക് അഭിനയത്തിന് കിട്ടിയ എല്ലാ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഞാൻ എം ടി ക്കു സമർപ്പിക്കുന്നു" എന്ന്. അത് അധികാരത്തിന്റെ പേടികൊണ്ടല്ല, കടപ്പാടിന്റെ ഓര്മ കൊണ്ടാണ്. എല്ലാത്തിനെയും നാം നിന്ദിക്കണമെന്നില്ല.
എം ടി യുടെ "വിശ്വ വിഖ്യാതമായ മൗനം" (പേജ് 82) കപടമാണെന്ന് ദീദി പറയുന്നു. അവിടെയും ഒരു ചോദ്യം എം ടി വിവാദമായ എന്ത് വിഷയത്തെക്കുറിച്ചാ സംസാരിച്ചിട്ടുള്ളത് എന്നാണ്. ജീവിതത്തിന്റെ അവസാനകാലത്ത് തുഞ്ചൻ പറമ്പുമായി ബന്ധപ്പെട്ടു ബി ജെ പി-ആർ എസ് എസ് sponsored ശക്തികളുമായി വലിയൊരു നിയമയുദ്ധത്തിൽ ഏർപ്പെട്ടിരുന്ന എം ടി എപ്പോഴെങ്കിലും അതിനെക്കുറിച്ചു പറഞ്ഞു ആരെങ്കിലും കേട്ടിട്ടുണ്ടോ? "എം ടി- പദ്മനാഭൻ പോര്" (പേജ് 95) എന്ന് ദീദി പറയുമ്പോഴും എം ടി യെ ടി പദ്മനാഭൻ ചീത്ത പറയുന്നതല്ലാതെ എം ടി തിരിച്ചു എന്തെങ്കിലും പറഞ്ഞത് ആരാണ് കേട്ടിട്ടുള്ളത്? മനുഷ്യർക്ക് അവരുടെ രീതികളുണ്ട്. അതങ്ങിനെ തന്നെ മനസ്സിലാക്കണം. ഗൂഡാലോചന സിദ്ധാന്തം കാടുകയറിപ്പോയാൽ എല്ലാം ഇരവാദമാവും. അതോടെ നോട്ടപ്പാട് പിഴക്കും.
അവസാനമായി, എലൈൻ ഷോവാൾട്ടറിന്റെ gynocriticism എന്ന സങ്കേതം പുസ്തകത്തിൽ ആവർത്തിച്ചു വരുന്നുണ്ട്. ആണുങ്ങൾ എഴുതിയതിനെ സ്ത്രീവാദഭാവുകത്വം ഉപയോഗിച്ച് വിമർശിക്കുന്നതിനെ ഫെമിനിസ്റ്റ് critique എന്നും സ്ത്രീകൾ എഴുതിയ വർക്കുകൾക്കു ഒരു നിരൂപണസംവിധാനം ഉണ്ടാക്കുന്നതിനും അവയെ പഠിക്കുന്നതിനും ആണ് ഗൈനോക്രിട്ടിസിസം എന്ന് പറയുന്നത്. ഇവ തമ്മിൽ ആശയക്കുഴപ്പമുള്ള പോലെയാണ് എഴുത്തു വായിച്ചാൽ തോന്നുക.
നിന്ദിതവും ചൂഷിതവുമായ സ്ത്രീ ജന്മങ്ങൾ, സാഹിത്യത്തിലെ ഒഴിവാക്കലുകൾ, പുരുഷന്മാരുടെ അധീശത്വം ഇവയെല്ലാം വെല്ലുവിളിക്കപ്പെടേണ്ടതും തിരുത്തേണ്ടതും മാറേണ്ടതുമാണ്. ആ നാട്യങ്ങളോടെ വരുന്നുവെങ്കിലും ഈ പുസ്തകം സ്ത്രീവാദത്തെ, അതിന്റെ മഹത്തായ ചരിത്രത്തെ, ഗംഭീരമായ സൂക്ഷ്മരാഷ്ട്രീയ ശേഷിയെ വൈകാരിക രീതിയിൽ സ്വലക്ഷ്യങ്ങൾക്കായി അധീനപ്പെടുത്തുകയാണ്. മിത്ത് രൂപീകരണപ്രക്രിയയിലെ ഇര മാത്രമായി ദീദി ദാമോദരന്റെ എഴുത്തിൽ പ്രമീള നായർ ചുരുങ്ങിപ്പോവുന്നു. ഇപ്പോൾ അവർ ഉണ്ടാക്കിയ ഫ്രെയിം അപ്പാടെ തള്ളിക്കളഞ്ഞു വേണ്ടി വരും നാം പ്രമീള നായരെ സമീപിക്കാനും സാഹിത്യ ചരിത്രത്തിൽ സ്ഥാനപ്പെടുത്താനും എന്ന് പുസ്തകം അതിന്റെ വിടവുകളിലൂടെ, വൈരുധ്യങ്ങളിലൂടെ, ഇല്ലായ്മകളിലൂടെ സമർത്ഥിക്കുന്നു.
Content Highlights: Writer NP Ashly slams Deedi Damodaran over claims that MT Vasudevan Nair never demanded to halt the novel's publication amid controversy on Prameela Nair book and family objections