

ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റ് എന്ന ഖ്യാതിയിലൂടെ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ഒരു ലക്ഷ്വറി കാർ ഡീലർഷിപ്പ്. ഈ വിഐപി നമ്പർ പ്ലേറ്റ് ഏതാണെന്ന് ചോദിച്ചാൽ ഉത്തരം - DDC 0001. ഈ നമ്പർ പ്ലേറ്റ് ആന്ധ്രപ്രദേശ് സ്വദേശി സ്വന്തമാക്കിയത് 2.8കോടി രൂപയ്ക്കാണ്. ബിഗ് ബോയ് ടോയിസ് ഈയടുത്താണ് അവരുടെ ഓക്ഷൻ ഹൗസ് ലോഞ്ച് ചെയ്തത്. ഇവരാണ് വിന്റേജ് നമ്പറായ DDC 001 എന്ന നമ്പർ ലേലത്തില്‍ വച്ചത്.
ബിഗ് ബോയി ടോയിസിന്റെ ജതിൻ അഹൂജയുടെ ഉടമസ്ഥതയിലുള്ള ഈ നമ്പർ, അപ്രതീക്ഷിതമായാണ് 2.08 കോടിക്ക് വിറ്റ് പോയത്. രാജ്യത്ത് തന്നെ ഇത്രയും രൂപയ്ക്ക് ഒരു നമ്പർ പ്ലേറ്റ് വിറ്റ് പോകുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള കിരൺ കൊൾപ്പാക്കുളയാണ് വൻ തുക മുടക്കി ഈ നമ്പർ സ്വന്തമാക്കിയത്. ഇത്തരമൊരു വമ്പൻ തുകയ്ക്ക് നമ്പർ പ്ലേറ്റ് വിറ്റുപോകുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് ലേലം സംഘടിപ്പിച്ച ഗ്രൂപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
2022 ഡിസംബറിൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതേ വിഐപി നമ്പർ പ്ലേറ്റുള്ള വണ്ടിയുടെ ചിത്രം അഹൂജ പോസ്റ്റ് ചെയ്തിരുന്നു. ജനപ്രിയരായ സെലിബ്രിറ്റികൾ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന ആഡംബര കാറുകളാണ് ഓക്ഷൻ ഹൗസായ ബിഗ് ബോയ്‌സ് ടോയ്‌സ് വിൽക്കുന്നത്. ഇവർ വിൽപന നടത്തിയതിൽ ബോളിവുഡ് താരം ശിൽപാ ഷെട്ടി, ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടി, ക്രിക്കറ്റ് താരമായ ദിനേശ് കാർത്തിക്ക് എന്നിവരുടെ വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
നിലവിൽ വിറ്റുപോയ നമ്പർ പ്ലേറ്റ് കൂടാതെ മറ്റ് വിന്റേജ് നമ്പറുകളായ CHE78, HR59 0001 എന്നിവ കൂടാതെ 999999999X, 8888888888X എന്നീ മൊബൈൽ നമ്പറുകളും ലേലത്തിന് വയ്ക്കുന്നുണ്ട്. ഇവിടെയും തീർന്നില്ല, ലക്ഷ്വറി വാച്ചുകളും ഇവർ വിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം HR 88 B 8888 എന്ന വിഐപി രജിസ്‌ട്രേഷൻ നമ്പർ 1.17 കോടിക്കാണ് ലേലത്തിൽ വിറ്റുപോയത്. എന്നാൽ ലേലം വിളിച്ചയാൾ സമയപരിധിക്കുള്ളിൽ തുക അടയ്ക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് നടന്ന ലേലത്തിൽ ഇതേ നമ്പർ 26.7ലക്ഷത്തിന് വിറ്റുപോയിരുന്നു.
Content Highlights: Vintage VIP number plate sold for 2.08 Crore in auction