

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിൽ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎ ജനറൽ സെക്രട്ടറി എം എ ബേബിയ്ക്ക് എഴുതിയ കത്തിലാണ് രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചത്. ശബരിമല
സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ നിർണായക പങ്കുണ്ടായിട്ടും പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് എം എ ബേബിയ്ക്ക് എഴുതിയ കത്തിൽ രമേശ് ചെന്നിത്തല ചോദിക്കുന്നു.
സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപങ്ങളും ശ്രീകോവിലിലെ തൂണുകളും അയ്യപ്പൻ്റെ തിരുവാഭരണങ്ങളുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. ഇവ അറ്റകുറ്റപ്പണികൾക്കായി ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. തിരുവിതാംകൂർ ദേവസ്വം മാനുവലിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതി തന്നെ കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 2026 ജനുവരിയിൽ ജഡ്ജി സി എസ് മോഹിത് പുറപ്പെടുവിച്ച വിധിന്യായത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2019 ജൂലൈ 5-ന് പത്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് അനധികൃതമായി ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തീരുമാനമെടുത്തത്. അയ്യപ്പന്റെ തിരുവാഭരണങ്ങളെ വെറും 'ചെമ്പു പാളികൾ' എന്ന് കള്ളം പറഞ്ഞുകൊണ്ടാണ് കൈമാറ്റം നടത്തിയതെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം പ്രഥമദൃഷ്ട്യാ ക്രൂരമായ കുറ്റത്തിലുള്ള ഗൂഢാലോചന പങ്കാളിത്തമാണ് തെളിയിക്കുന്നതെന്നും ഇത് വ്യക്തിഗത ശ്രദ്ധ ആവശ്യമില്ലാത്ത സാധാരണ സംഭവമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പത്മകുമാറിനെതിരെ ഇത്രയേറെ വ്യക്തമായ തെളിവുകളും കോടതി ഉത്തരവുകളും ഉണ്ടായിട്ടും സിപിഐഎം അദ്ദേഹത്തെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല കത്തിൽ ചോദിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പത്മകുമാറിന്റെ നേതൃത്വത്തിൽ 10 കോടി രൂപ പിരിച്ചെടുത്തുവെന്നും, പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുപറയുമെന്ന ഭയമാണ് നടപടിയെടുക്കുന്നതിൽ നിന്ന് സിപിഐഎമ്മിനെ തടയുന്നതെന്ന ആരോപണം ശരിയാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. കേരളത്തിലെ കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം മാനിച്ച്, തിരുവാഭരണങ്ങൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയ ഈ വ്യക്തിയെ അടിയന്തരമായി പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കോടതികൾ ജാമ്യാപേക്ഷ ഒന്നിലേറെ തവണ തള്ളിയിട്ടും അച്ചടക്ക നടപടി വൈകുന്നത് ജനങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Content Highlight : Sabarimala Gold Theft ; Ramesh Chennithala writes a letter to MA Baby for not expelling Padmakumar from the party.