

കോഴിക്കോട്: പാണക്കാട് കുടുംബത്തെ വിമര്‍ശിച്ച സംഭവത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍. ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്നും അദ്ദേഹം മാത്രമാണ് പാണക്കാട് തങ്ങളെ വിമര്‍ശിച്ചതെന്നും സമസ്ത പോഷക ഘടകമായ സുന്നി മഹല്ല് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി പറഞ്ഞു. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലുള്ള ഉമര്‍ ഫൈസിയുടെ കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നും മായിന്‍ ഹാജി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണവെയായിരുന്നു മായിന്‍ ഹാജിയുടെ പ്രതികരണം.
ഉമര്‍ ഫൈസി സമസ്തയുടെ മുശാവറ അംഗമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ അവസാനിക്കാന്‍ പോവുകയാണെന്നായിരുന്നു മായിന്‍ ഹാജിയുടെ മറുപടി. ഷാഫി ചാലിയം പറഞ്ഞത് തങ്ങളുടെയെല്ലാം അഭിപ്രായമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനെതിരെ പറഞ്ഞതിന് ലീഗ് സെക്രട്ടറി നല്‍കിയ മറുപടി എന്ന നിലയിലാണ് അതിനെ കാണേണ്ടതെന്നും മായിന്‍ ഹാജി വ്യക്തമാക്കി.
അതേസമയം സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പാണക്കാട് പൈതൃക സമ്മേളനം സംഘടിപ്പിച്ചതെന്നും അത് സമസ്തയുടെ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തിനിടെ നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഉമര്‍ ഫൈസി പറയുന്നത് സമസ്തയുടെ നിലപാടല്ല. സമസ്തക്കായി പാണക്കാട് തങ്ങള്‍ കുടുംബം നിരവധി കാര്യങ്ങള്‍ ചെയ്ത് നല്‍കിയിട്ടുണ്ടെന്നും നാസര്‍ ഫൈസി പറഞ്ഞു. സമസ്തയും പാണക്കാട് കുടുംബവും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. ആ പരമ്പരാഗത ബന്ധം ലക്ഷ്യംവെച്ചാണ് പാണക്കാട് വെച്ച് അത്തരത്തില്‍ ഒരു സമ്മേളനം നടത്തിയത്. ആ സമ്മേളനത്തിലാണ് പാണക്കാട് കുടുംബത്തെയും തങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ ഒരു പ്രസ്താവനയുണ്ടായത്. ഇതില്‍ സമസ്ത ഉമർ ഫൈസിയെ ശാസിച്ചിട്ടുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു.
പാണക്കാട് തങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉമര്‍ ഫൈസിയെ സമസ്ത നേതാക്കള്‍ ശാസിച്ചിരുന്നു. പ്രയോഗങ്ങള്‍ സമസ്ത പ്രവര്‍ത്തകന് ഭൂഷണം അല്ലാത്തതാണെന്നും അപമര്യാദയാണെന്നും മുതിര്‍ന്ന മുശാവറ അംഗങ്ങള്‍ പറഞ്ഞിരുന്നു. സമസ്ത പ്രസിഡന്റ് ജഫ്രി മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി എം ടി അബ്ദുള്‍ മുസ്‌ലിയാര്‍, ട്രഷറര്‍ കയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍ എന്നീ നേതാക്കൾ നേരത്തെ ഉമര്‍ ഫൈസിയെ ശാസിച്ചിരുന്നു. മോശം പരാമര്‍ശങ്ങള്‍ക്ക് പരിഹാരം ചെയ്യണമെന്നും മേലില്‍ ഇത്തരം പദപ്രയോഗങ്ങള്‍ ഉണ്ടാകരുതെന്നും താക്കീത് നല്‍കിയിരുന്നു.
Content Highlight; Samastha Kerala Sunni Mahallu Federation Takes Stand Against Umar Faizi Mukkam